13 May Thursday

വാക്‌‌സിന്‍ ചലഞ്ചിന് സിപിഐ എം; കേന്ദ്രവെല്ലുവിളി ഏറ്റെടുക്കാന്‍ കേരളത്തിന് പിന്തുണ

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

തിരുവനന്തപുരം > കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ മനുഷ്യജീവന് വിലനല്‍കാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ്. രോഗപ്രതിരോധത്തിനായി എല്ലാവരും ഒന്നിച്ചിറങ്ങേണ്ട ഘട്ടമാണിത്. ജനങ്ങള്‍ക്ക് ആശ്വാസും സംരക്ഷണവും നല്‍കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കയ്യൊഴിയുന്ന നയം സ്വീകരിച്ചത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. കോവിഡ് വ്യാപനത്തിന് വഴിവെക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് മഹാമാരി  സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത അധികഭാരമാണ് കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവും സംസ്ഥാനങ്ങളോടുള്ള വെല്ലുവിളിയുമാണിത്.

ജനങ്ങളോട് പ്രതിബന്ധതയുള്ള സര്‍ക്കാര്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ നയം വ്യക്തമാക്കിയതാണ്. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ തന്നില്ലെങ്കിലും സ്വന്തം നിലയില്‍ വിലകൊടുത്തുവാങ്ങി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആശ്വാസമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. വലിയ സാമ്പത്തികബാധ്യതയാണ് സംസ്ഥാനം ഏറ്റെടുക്കുന്നത്.

കേന്ദ്രത്തിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാപിന്തുണയും നല്‍കുക എന്നത് അഭിമാനബോധമുള്ള മുഴുവന്‍ മലയാളികളുടെയും ചുമതലയാണെന്നാണ് സിപിഐ എം കാണുന്നത്. ആരുടെയും ആഹ്വാനമില്ലാതെ തന്നെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലയാളികള്‍ സംഭാവന അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ഒരു ജനത എന്ന നിലയില്‍ അഭിമാനം പകരുന്ന ഒന്നാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാനും സര്‍ക്കാരിന് പിന്തുണ നല്‍കാനും സിപിഐ എം തീരുമാനിച്ചു. വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് പാര്‍ടി അംഗങ്ങളും അനുഭാവികളും ബഹുജനസംഘടനകളും ദുരിതാശ്വാസനിധിയിലേക്ക് കൈയ്യയചച് സംഭാവന നല്‍കണമെന്ന് പാര്‍ടി അഭ്യര്‍ത്ഥിക്കുന്നു.

സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി എല്ലാഭാരവും സംസ്ഥാനങ്ങളുടെ തലയിലിടുന്നതാണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം. ഇഷ്ടമുള്ള വിലയ്ക്ക് ഉല്‍പാദിപ്പിച്ച വാക്‌സിന്‍ 50ശതമാനം വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുവാദം നല്‍കുന്ന തീരുമാനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം വിവേചനപരവും ജനവിരുദ്ധവുമാണ്.

ഇതിനെതിരെ കേരളത്തിന്റെ ആകെ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും അനുഭാവികളും വരെ വീടുകള്‍ക്ക് മുന്നില്‍ ഏപ്രില്‍ 28ന് വൈകുന്നേരം 5മുതല്‍ 5.30 വരെ പോസ്റ്ററുകള്‍ ഒട്ടിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിക്കും. സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരായ കേരളത്തിന്റെ പ്രതിഷേധം എന്നുള്ള നിലയിലാണ് ഈ സമരം സംഘടിപ്പിക്കുക.

വാക്‌സിന്‍ വിലകൊടുത്തുവാങ്ങേണ്ട സാഹചര്യം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചതിനാല്‍ 1300 കോടിയോളം രൂപ സംസ്ഥാനത്തിന് അധികച്ചെലവ് ഉണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. കേരളം ഒരുമിച്ച് ഒരുമനസോടെ നിന്ന് മലയാളികള്‍ ഈ ആവശ്യത്തിലേക്ക് വലിയ തുക സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ. ഈ പ്രവര്‍ത്തനം കേരളത്തിന്റെ ജനകീയ പ്രതിരോധമായി ഉയര്‍ത്തിക്കൊണ്ടുവരും. കേരളീയ ജനസമൂഹത്തെ അവഹേളിക്കുന്ന കേന്ദ്രസമീപനത്തിനെതിരായ മറുപടിയും വാക്‌സിന്‍ ചലഞ്ചിലൂടെ മലയാളികള്‍ നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top