04 December Friday

കൈരളി ന്യൂസിന്‌ വി മുരളീധരന്റെ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ന്യൂഡൽഹി
കൈരളി ന്യൂസ്‌ വാർത്താസംഘത്തിന്‌ വിലക്കേർപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബുധനാഴ്‌ച സ്വർണക്കടത്തുകേസിലെ പുതിയ സംഭവവികാസങ്ങൾക്ക്‌ പിന്നാലെ കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം തേടി ഔദ്യോഗിക വസതിയിൽ എത്തിയ കൈരളി വാർത്താസംഘത്തെ സെക്യൂരിറ്റി ഗെയ്‌റ്റിൽ തടഞ്ഞു.

ഏത്‌ ചാനലിൽനിന്നാണെന്ന്‌ അന്വേഷിച്ച സുരക്ഷാഉദ്യോഗസ്ഥൻ അകത്തേക്ക്‌ ഫോൺ ചെയ്‌ത്‌ ചോദിച്ചശേഷം കൈരളി റിപ്പോർട്ടർ വിഷ്‌ണുവിനും ക്യാമറാമാനും പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. എന്തുകൊണ്ടാണ്‌ കടത്തിവിടാത്തതെന്ന്‌ ചോദിച്ചപ്പോൾ മന്ത്രി തിരക്കിലാണെന്നും പ്രതികരണം നൽകാനാകില്ലെന്നുമാണ്‌ സുരക്ഷാഉദ്യോഗസ്ഥൻ പ്രതികരിച്ചതെന്ന്‌ വിഷ്‌ണു പറഞ്ഞു. കൈരളിക്ക്‌ പിന്നാലെ എത്തിയ മറ്റ്‌ മാധ്യമങ്ങൾക്ക്‌ പ്രതികരണം നൽകുകയും ചെയ്‌തു.

മന്ത്രിയുടെ നിലവിട്ടുള്ള പെരുമാറ്റത്തിൽ പ്രതിഷേധം ശക്തമായി.  വാർത്താസമ്മേളനങ്ങളിൽ തന്റെ തെറ്റായ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങൾ‌ കേട്ടില്ലെന്ന്‌ നടിക്കാറുള്ള മന്ത്രി ചില അവസരങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ വ്യക്തിപരമായി അവഹേളിച്ച സംഭവങ്ങളുമുണ്ട്‌. മന്ത്രി നടത്തിയ പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച്‌ ചോദിച്ച കൈരളി റിപ്പോർട്ടറോട്‌ ‘താങ്കൾ കൈരളിയിൽനിന്നല്ലേ, അതിനേക്കാൾ വലിയ തമാശയുണ്ടോ’ –- എന്ന്‌ ചോദിച്ചിരുന്നു.

അബുദാബിയി‌ലെ മന്ത്രിതല സമ്മേളനത്തിൽ മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ച്‌ യുവതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ കേന്ദ്രവിജിലൻസ്‌ കമീഷൻ കഴിഞ്ഞദിവസം അന്വേഷണം തുടങ്ങി. സ്വർണം കടത്തിയത്‌ ഡിപ്ലോമാറ്റിക്‌ ബാഗേജിലാണെന്ന്‌ അംഗീകരിക്കാത്ത മുരളീധരന്റെ നിലപാടും വിവാദമായിരുന്നു. കൈരളി ചാനലിനു‌നേരെ മന്ത്രിയുടെ ഓഫീസിൽനിന്നുണ്ടായ നടപടിയിൽ കെയുഡബ്ല്യുജെ ഡൽഹി ഘടകം മന്ത്രി മുരളീധരന്‌ കത്ത്‌ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top