08 December Sunday

ഊരാളുങ്കലിന്‌ ടെണ്ടറില്ലാതെ വിശ്വസ്‌തതയോടെ ജോലികൾ നൽകാമെന്ന്‌ ഉത്തരവിറക്കിയത്‌ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

കൊച്ചി > കോഴിക്കോട്‌ ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്‌ ടെണ്ടർ ഇല്ലാതെയും, വിശ്വസ്‌തതയോടെയും ജോലികൾ നൽകാമെന്ന്‌ പറഞ്ഞത്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ. കാര്യക്ഷമതയോടെ ഇടപെടുന്ന സ്ഥാനപനമായതുകൊണ്ട്‌ തന്നെ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയെ "ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ' ആയി നിയമിച്ച്‌ 2016 ജനുവരി 18 ന്‌ ഉത്തരവും ഇറക്കി. ഈ വസ്‌തുതകൾ സ്വയം മറന്നുകൊണ്ടാണ്‌ രമേശ്‌ ചെന്നിത്തലയും യുഡിഎഫും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ എന്ന്‌ വ്യക്തം.

ഏറ്റെടുക്കുന്ന ജോലികളിലുള്ള മേന്മയാണ്‌ ഊരാളുങ്കൽ സൊസൈറ്റിയെ ടോട്ടൽ സൊല്യൂഷൻ പ്രെൈവഡർ ആയി നിയമിക്കാൻ കാരണം. ഐടി, ഐടിഇഎസ്‌ (ഇൻഫർമേഷൻ ടെക്‌നോളജി എനേബിൾഡ്‌ സർവ്വീസ്‌) മേഖലയിലെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന വിശ്വസ്‌തതയുള്ള സംഘമാണ്‌ ഊരാളുങ്കൽ സൊസൈറ്റിയെന്ന്‌ ഓർഡറിൽ വ്യക്തമാക്കുന്നു.

പൊലീസ്‌ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുളള സോഫ്‌റ്റ്‌ വെയർ നിർമ്മിക്കുന്നതിന്‌ ആവശ്യമായ ഡാററാബേസ്‌ ഊരാളുങ്കൽ സൊസൈറ്റിക്ക്‌ നൽകുന്നതിൽ സുരക്ഷാവീഴ്‌ചയില്ലെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. പാസ്‌പോർട്ട്‌ അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പോലീസ് സ്റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ ആ വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്‌ ‐ മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഊരാളുങ്കൽ സൊസൈറ്റിയെ ടോട്ടൽ  സൊല്യുഷൻ പ്രൊവൈഡർ ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവിലെ പ്രധാന പോയിന്റുകൾ:

ടെണ്ടർ ഇല്ലാതെതന്നെ ജോലികൾ എൽപ്പിക്കാവുന്ന അംഗീകാരമുള്ള സ്ഥാപനമാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ‐ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌. ഉയർന്ന നിലവാരമുള്ള എൻജിനീയർമാരും ഡിസൈനർമാരും അടങ്ങുന്ന സംഘം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകുവാൻ പ്രാപ്‌തരാണ്‌.

ആരോഗ്യം, ഗതാഗതം, ഇ‐ഗവർണൻസ്‌ മേഖലയ്‌ക്കായി ശക്തമായ ഐടി വിഭാഗം സൊസൈറ്റിയിൽ പ്രവർത്തിക്കുന്നു. കോഴിക്കോട്ടെ ആദ്യ ഐടി പാർക്ക്‌, വിസ്‌, യുഎൽ സൈബർ പാർക്ക്‌ എന്നിവ ഊരാളുങ്കൽ സൊസൈറ്റി വികസിപ്പിച്ചിട്ടുള്ളവയാണ്‌. അതും സഹകരണമേഖലയിൽ ആദ്യത്തേതാണ്‌.

ഊരാളുങ്കൽ സൊസൈറ്റിയുടെ തിരുവനന്തപുരം ടെക്‌നോ പാർക്കിൽ പ്രവർത്തിക്കുന്ന ഐടി വിഭാഗം അവിടത്തെ വിവിധ വകുപ്പുകൾക്കും പൊതുമേഖലാ സംരഭങ്ങൾക്കും ഐടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്‌. സൊസൈറ്റിയുടെ പ്രവർത്തനങ്ങളും കാര്യക്ഷമതയും സർക്കാർ വിശദമായി പരിശോധിച്ചിട്ടുള്ളതാണ്‌. പ്രത്യേക കാര്യമായി പരിഗണിച്ച്‌ ഊരാളുങ്കൽ സൊസൈറ്റിയെ സർക്കാരിന്റെ ടോട്ടൽ സൊല്യുഷൻ പ്രൊവൈഡർ (ടിഎസ്‌പി) ആയി നിയമിക്കുന്നു. സർക്കാരിന്‌ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഐടി, ഐടിഇഎസ്‌ അനുബന്ധ ജോലികൾ സൊസൈറ്റിയെ ഏൽപ്പിക്കാം.

ഊരാളുങ്കൽ സൊസൈറ്റി നിയമപ്രകാരമുള്ള എല്ലാ നടപടികളും, നിബന്ധനകളും, മാർഗനിർദ്ദേശങ്ങളും ടെണ്ടർ, ജോലികളിൽ പാലിക്കുന്നതാണ്‌ ‐ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഇറക്കിയ ഓർഡറിൽ വ്യക്തമാക്കുന്നു.


പ്രധാന വാർത്തകൾ
 Top