14 December Saturday

പൊലീസ്‌ വേട്ടയുടെ പാരമ്പര്യം പേറുന്നത്‌ യുഡിഎഫ്‌ സർക്കാർ

പ്രത്യേക ലേഖകൻUpdated: Thursday Nov 21, 2019


വിദ്യാർഥിസമരങ്ങളെ അതിക്രൂരമായി നേരിട്ട പാരമ്പര്യം മറച്ചുപിടിച്ചാണ്‌ ഇപ്പോഴത്തെ യുഡിഎഫ്‌ കോലാഹലം. കെഎസ്‌യു നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്‌ക്ക്‌ പൊലീസ്‌ മർദനമേറ്റെന്ന്‌ പറഞ്ഞുള്ള ബഹളം, സമീപകാല രാഷ്ട്രീയചരിത്രം അറിയുന്നവരെ ചിരിപ്പിക്കും. കേരളത്തിൽ ഒരു എംഎൽഎയ്‌ക്ക്‌ പൊലീസിന്റെ ലാത്തിയടിയേറ്റത്‌ ആദ്യമാണെന്ന രീതിയിലാണ്‌ പ്രചാരണം. ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പ്രതിഷേധത്തിന്‌  എരിവ്‌ പകരുന്നുണ്ട്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ പൊലീസ്‌ മർദനത്തിൽ എംപിമാരുടെയും മുൻ മന്ത്രിമാരുടെയും എംഎൽഎമാരുടെയും തലപൊട്ടിയതും കൈ ഒടിഞ്ഞതുമായ എത്രയോ ദുരനുഭവങ്ങൾ ഇപ്പോഴും കേരളീയരുടെ മനസ്സിലുണ്ട്‌. 

പ്രകടനം നടത്തിയ വിദ്യാർഥികൾക്കുനേരെ സർക്കിൾ ഇൻസ്‌പെക്ടർ വെടിയുതിർത്ത സംഭവമുണ്ടായത്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌.  2011 ഒക്‌ടോബർ 10ന്‌ കോഴിക്കോട്‌ കസ്‌ബ സിഐ  ആയിരുന്ന രാധാകൃഷ്‌ണപിള്ളയാണ്‌ വിദ്യാർഥികൾക്കുനേരെ വെടിയുതിർത്തത്‌.  ഒരു സ്വാശ്രയ എൻജിനിയറിങ്‌ വിദ്യാർഥിക്ക്‌  സർക്കാർ കോളേജിലേക്ക്‌ മാറ്റംനൽകാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉത്തരവിട്ടതിനെതിരെയായിരുന്നു   പ്രതിഷേധം. സിഐയുടെ ഉന്നം പിഴച്ചതുകൊണ്ടുമാത്രം അന്ന്‌ വിദ്യാർഥികൾ വെടിയേറ്റ്‌ വീണില്ല.

വിദ്യാർഥി മാർച്ചിന്‌ നേതൃത്വം നൽകിയ മാവേലിക്കര എംഎൽഎ ആർ രാജേഷിനെ പാളയത്തുവച്ച്‌ പൊലീസ്‌ തല്ലിച്ചതച്ചതും കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. കൊയിലാണ്ടി എംഎൽഎയായിരുന്ന കെ ദാസനും അന്ന്‌ പൊലീസ്‌ മർദനമേറ്റു. എംപിമാരായിരുന്ന  പി കരുണാകരൻ, എൻ എൻ കൃഷ്‌ണദാസ്‌, മുൻ മന്ത്രി ടി ശിവദാസമേനോൻ എന്നിവർക്ക്‌ മുത്തങ്ങ വെടിവയ്‌പിനെ തുടർന്ന്‌ നടന്ന പ്രതിഷേധമാർച്ചിൽ പങ്കെടുത്തതിന്റെപേരിലാണ്‌  മർദനമേറ്റത്‌. പി കരുണാകരന്റെ കൈ അടിച്ചൊടിച്ചു. ടി ശിവദാസമേനോന്റെ തലയ്‌ക്കാണ്‌ പരിക്കേറ്റത്‌.

എസ്‌എഫ്‌ഐ മുൻ നേതാക്കളായ പി രാജീവ്‌, വി ശിവൻകുട്ടി, എ പ്രദീപ്‌കുമാർ തുടങ്ങിയവരെല്ലാം ക്രൂരമായ പൊലീസ്‌ മർദനം നേരിട്ടവരാണ്‌. ഇവർക്കുപുറമെ നൂറുകണക്കിന്‌ യുവജന, വിദ്യാർഥി പ്രവർത്തകരും യുഡിഎഫ്‌ ഭരണത്തിൽ പൊലീസ്‌ വേട്ടയ്‌ക്കിരയായി. എംപിമാർക്കും എംഎൽഎമാർക്കും പൊലീസ്‌ മർദനമേറ്റപ്പോൾ അന്ന്‌ പൊലീസ്‌ നടപടിയെ ന്യായീകരിക്കുകയാണ്‌ യുഡിഎഫ്‌ നേതാക്കൾ ചെയ്‌തത്‌. എന്നാൽ, ഇപ്പോഴാകട്ടെ എംഎൽഎയെ മർദിച്ച വിഷയം വന്നപ്പോൾത്തന്നെ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിയെ അന്വേഷണത്തിന്‌ നിയോഗിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ പി ജയരാജൻതന്നെ നിയമസഭയിൽ ഇക്കാര്യം അറിയിച്ചിരുന്നു. എംഎൽഎയായിരുന്ന തന്നെ പൊലീസ്‌ മർദിച്ചിട്ടുണ്ടെന്നും എന്നാൽ അത്തരം സമീപനം  ഈ സർക്കാർ അംഗീകരിക്കില്ലെന്നും ഇ പി വ്യക്തമാക്കി.  യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ പൊലീസ്‌ നടപടികളിൽ ഒന്നിൽപോലും ഇത്തരം സമീപനം ഉണ്ടായിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top