28 September Monday

യുഡിഎഫ‌് ഭരിക്കുന്ന പഞ്ചായത്തിൽ 6 മാസം കൊണ്ട‌് കെട്ടിടമായി; 6 വര്‍ഷമായിട്ടും നമ്പറില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

തൃശൂർ> പഞ്ചായത്തിൽനിന്ന് കെട്ടിടനിർമാണത്തിന് അനുമതി വാങ്ങി ആറുമാസത്തിനകം നിർമാണം പൂർത്തീകരിച്ച‌്, ആറുവർഷം കഴിഞ്ഞിട്ടും നമ്പർ നൽകാതെ പ്രവാസി വ്യവസായിയെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേർന്ന് വലയ്ക്കുന്നു. യുഡിഎഫ‌് ഭരിക്കുന്ന ചേർപ്പ് പഞ്ചായത്തിലെ പ്രസിഡന്റ‌് സി കെ വിനോദും ഉദ്യോഗസ്ഥരും ചേർന്നാണ് നിസ്സാരകാരണങ്ങൾ പറഞ്ഞ് കെട്ടിടത്തിന് നമ്പർ നൽകാതെ തന്നെ വലയ‌്ക്കുന്നതെന്ന‌് പ്രവാസിയായ  ആഭരണ നിർമാണ വ്യവസായി പി എം സത്യൻ പറഞ്ഞു.

കാലങ്ങളായി കേരളത്തിലും വിദേശത്തുമായി ആഭരണ നിർമാണ വ്യവസായം നടത്തുന്നയാളാണ് ചേർപ്പ് പൂത്തേരി മാധവന്റെ മകൻ പി എം സത്യൻ. ചേർപ്പിലെ സത്യന്റെ നിർമാണ കേന്ദ്രത്തിലെ തൊഴിലാളികളെ സുരക്ഷിതമായി താമസിപ്പിക്കാനാണ് ചേർപ്പ് ഗവ. ആശുപത്രിക്ക് പിൻവശം 4.75 സെന്റ് ഭൂമി വാങ്ങി, കെട്ടിട നിർമാണ അനുമതിക്ക‌് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. 2013 മാർച്ച് 23ന് ചേർപ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷനൽകി ദിവസങ്ങൾക്കകം നിർമാണത്തിന് അനുമതി ലഭിച്ചു. തൊട്ടുപിന്നാലെ പ്രദേശത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പണപ്പിരിവിന‌് എത്തിത്തുടങ്ങി.

52 ചതുരശ്ര മീറ്ററിലുള്ള ഇരുനിലക്കെട്ടിടത്തിനാണ് നിർമാണാനുമതി ലഭിച്ചത്. ആറുമാസത്തിനകം കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി. കെട്ടിട നമ്പർ ലഭിക്കാൻ പല തവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയെങ്കിലും, അന്നത്തെ പ്രസിഡന്റ് മിനി ജോസും സെക്രട്ടറിയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. അനുവദിച്ചതിനേക്കാൾ 21.22 ചതുരശ്ര മീറ്റർ അധികം നിർമിച്ചെന്നായിരുന്നു ആദ്യകാരണം.

തച്ചുശാസ്ത്രവിധിപ്രകാരം നിർമിച്ചതിനാലാണ് കെട്ടിടം അധികരിച്ചതെന്നും, പ്ലാൻ റിവൈസ് ചെയ്തു നൽകണമെന്നും ആവശ്യപ്പെട്ട് 2014 മെയ് 17ന‌്  സത്യൻ  വീണ്ടും അപേക്ഷ നൽകി. സെക്രട്ടറിക്ക് അനുമതി നൽകാമെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്റെ താൽപ്പര്യത്തിന് വഴങ്ങി അനുമതി നിഷേധിച്ചു. തുടർന്ന് കെട്ടിടത്തിനുമുന്നിൽ നോട്ടിഫൈഡ് റോഡാണെന്ന് പറഞ്ഞ് പുതിയ തടസ്സവാദവുമായി അധികൃതരെത്തി. എന്നാൽ, വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ ഇത് നോട്ടിഫൈഡ് റോഡല്ലെന്ന് വ്യക്തമായി.

തുടർന്ന് കെട്ടിടത്തിന്റെ അതിരുകൾക്ക് വെളിയിൽ തൂങ്ങിനിൽക്കുന്ന അങ്കണങ്ങൾ ഉണ്ടെന്ന് പറഞ്ഞ‌് സെക്രട്ടറി തടസ്സമുന്നയിച്ചു. എന്നാൽ, പരിശോധനയിൽ ഇതും തെറ്റാണെന്ന് ബോധ്യമായി. കോൺഗ്രസ് നേതാക്കൾക്ക് പണം നൽകാത്തതും  ഗ്രൂപ്പുതിരിഞ്ഞുള്ള തർക്കവുമാണ് പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് നമ്പർ നൽകാതിരിക്കാൻ കാരണം. 85 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.

ഈ കെട്ടിടത്തിന് നമ്പർ ലഭിക്കണമെങ്കിൽ, സമീപത്തെ മറ്റൊരു ഭൂമി 1.25 കോടി രൂപയ്ക്ക് വാങ്ങണമെന്ന് ഒരു കോൺഗ്രസ‌് നേതാവ് സത്യനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതും കെട്ടിടത്തിന് നമ്പർ നൽകാതെ വലയ്ക്കാൻ കാരണമായി. ഇതേത്തുടർന്ന‌്, മുമ്പ‌് തദ്ദേശഭരണവകുപ്പിന്റെ ചുമതലവഹിച്ചപ്പോൾ  മന്ത്രി കെ ടി ജലീലും ഇപ്പോൾ തദ്ദേശഭരണമന്ത്രിയായ എ സി മൊയ്തീനും കെട്ടിടത്തിന് താൽക്കാലിക നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

സർക്കാർ ഇടപെടലിനെത്തുടർന്ന‌് നമ്പർ നൽകാമെന്ന‌് സെക്രട്ടറി സമ്മതിച്ചെങ്കിലും പഞ്ചായത്ത് ഓഫീസിൽ ചെന്നപ്പോൾ കേസുണ്ടെന്നും മറ്റും പറഞ്ഞ് നമ്പർ നിഷേധിച്ചെന്നും സത്യൻ പറഞ്ഞു. ആത്മഹത്യ ചെയ്യാനില്ലെന്നും കെട്ടിടത്തിന് നമ്പർ ലഭിക്കാൻ നീതിതേടി ഏതറ്റംവരെയും പോകുമെന്നും പി എം സത്യൻ ‘ദേശാഭിമാനി’യോട് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top