27 September Monday

ട്വന്റി - 20യെ സ്വാധീനിക്കാൻ കഴിഞ്ഞില്ല; കോൺഗ്രസ്‌ പരാജയത്തെച്ചൊല്ലി പരാതിപ്രവാഹം

പ്രത്യേക ലേഖകൻUpdated: Sunday Jul 25, 2021

കൊച്ചി > യുഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുപരാജയം അന്വേഷിക്കുന്ന കെപിസിസി സമിതിക്കുമുന്നിൽ പരാതിപ്രവാഹവുമായി വൈപ്പിൻ മണ്ഡലം ഭാരവാഹികൾ. ചാണ്ടി ഉമ്മന്റെ നോമിനിയായി വൈപ്പിനിൽ മത്സരിച്ച ദീപക് ജോയിക്ക്‌ മണ്ഡലത്തെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നുവെന്നാണ്‌ മണ്ഡലം ഭാരവാഹികളുടെ പരാതി. എ ഗ്രൂപ്പിന്‌ അനുവദിച്ച വൈപ്പിനിൽ മണ്ഡലം ഭാരവാഹികൾ സ്ഥാനാർഥിയെ നിലംതൊടാൻ അനുവദിച്ചില്ലെന്ന്‌ എ ഗ്രൂപ്പ്‌ നേതാക്കൾ പരാതിപ്പെട്ടിരുന്നു. ഇതിന്‌ മറുപടിയായാണ്‌ മണ്ഡലം ഭാരവാഹികൾ പ്രത്യാരോപണം ഉന്നയിച്ചത്‌.

ദീപക്കിന്റെ പേര്‌ ജില്ലയിൽനിന്ന്‌ ആരും ഉന്നയിച്ചില്ലെന്നും ചാണ്ടി ഉമ്മനും പി സി വിഷ്‌ണുനാഥുമാണ്‌ ചരടുവലിച്ചതെന്നും ഇറക്കുമതി സ്ഥാനാർഥിയായതാണ്‌ പ്രവർത്തകർ ഇറങ്ങാത്തതിന്‌ കാരണമെന്നും ഐ ഗ്രൂപ്പിൽപ്പെട്ട മണ്ഡലം ഭാരവാഹികൾ പറഞ്ഞു. കെ ബാബുവും ഡൊമിനിക്‌ പ്രസന്റേഷനും ഇടപെട്ട്‌ എറണാകുളത്ത്‌ യോഗം ചേർന്നശേഷമാണ്‌ പ്രവർത്തനം തുടങ്ങിയതെന്നും താഴേക്ക്‌ പ്രവർത്തനം ഉണ്ടാകാതിരുന്നത്‌ ഡിസിസിയുടെ കഴിവുകേടാണെന്നും എ ഗ്രൂപ്പ്‌ നേതാക്കൾ സമിതിക്കുമുന്നിൽ വെള്ളിയാഴ്‌ച പരാതി ഉന്നയിച്ചിരുന്നു.

കൊച്ചിയിലെയും കുന്നത്തുനാട്ടിലെയും പരാജയം ട്വന്റി–-20യെ സ്വാധീനിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന്‌  അതത്‌ മണ്ഡലം ഭാരവാഹികൾ പറഞ്ഞു. നേരത്തേ ട്വന്റി–-20യുമായുണ്ടാക്കിയ ധാരണ ഈ തെരഞ്ഞെടുപ്പിൽ തെറ്റിയത്‌ തിരിച്ചടിയായെന്ന്‌ നേതാക്കൾ പറഞ്ഞു. തോറ്റ സ്ഥാനാർഥി വി പി സജീന്ദ്രനും സമിതിക്കുമുന്നിൽ ഹാജരായി. കളമശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ സ്ഥാനാർഥിയായതും കോതമംഗലത്ത്‌ കേരള കോൺഗ്രസ്‌ സ്ഥാനാർഥിക്കെതിരെ പാർടി ചെയർമാന്റെ മരുമകൻ ട്വന്റി–-20 സ്ഥാനാർഥിയായതും  പരാജയകാരണമായെന്ന്‌ ജില്ലാ നേതാക്കൾ പറഞ്ഞു. എന്നാൽ, കോൺഗ്രസ്‌ പരാജയപ്പെട്ട സീറ്റുകളെക്കുറിച്ചുമാത്രമാണ്‌ അന്വേഷിക്കുന്നതെന്നു പറഞ്ഞ്‌ സമിതി അംഗങ്ങൾ അത്‌ രേഖപ്പെടുത്തിയില്ല.  
തെരഞ്ഞെടുപ്പിൽ സംഘടനാസംവിധാനം ദുർബലമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ്‌ സ്വന്തം മണ്ഡലംമാത്രം നോക്കിയെന്നും പരാതി ഉയർന്നു.

തെരഞ്ഞെടുപ്പുപരാജയത്തിനുശേഷം സംഘടന കൂടുതൽ ദുർബലമായെന്നും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്‌ തുടരുകയാണെന്നും നേതാക്കൾ പറഞ്ഞു.  കെ പി ധനപാലനും ഡൊമിനിക്‌ പ്രസന്റേഷനും സമിതിക്കുമുന്നിൽ വിവരങ്ങൾ ധരിപ്പിച്ചു. വി സി കബീർ ചെയർമാനും പുനലൂർ മധു, ഖാദർ മങ്ങാട്‌ എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ ജില്ല, ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികളിൽനിന്ന്‌ രണ്ടുദിവസങ്ങളിലായി പരാതി സ്വീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top