06 June Tuesday

ത്രിപുര ആക്രമണം അർധഫാസിസ്റ്റ് ഭീകരവാഴ്ച- എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Sunday Mar 12, 2023

കോട്ടയം
അർധഫാസിസ്‌റ്റ്‌ ഭീകരവാഴ്ചയെ ഓർമിപ്പിക്കുന്നതാണ് ത്രിപുരയിലെ ആക്രമണങ്ങളെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനുനേരെയാണ്‌ ബിജെപി പ്രവർത്തകരുടെ അക്രമമുണ്ടായത്‌. എംപിമാർ സഞ്ചരിച്ച വാഹനം കത്തിച്ചു. ബിജെപിയുടെ ഗുണ്ടായിസമാണ്‌ അവിടെ നടക്കുന്നതെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

എംപിമാർക്കും ആക്രമണം നേരിടേണ്ടി വരുന്നുവെങ്കിൽ പാർടിപ്രവർത്തകരുടെ അവസ്ഥയെന്താണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ക്രമസമാധാന തകർച്ച നേരിട്ടുകാണാനും പാർലമെന്റിൽ അവതരിപ്പിക്കാനുമായിരുന്നു സന്ദർശനം. പ്രതിപക്ഷ എംപിമാരെ കാണാൻ വിസമ്മതിക്കുന്ന ഗവർണറുടെ സമീപനവും ശരിയല്ല. നേരിയ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയ ബിജെപി, ഇടതുപക്ഷത്തെ തകർക്കാനാണ് ആക്രമണം അഴിച്ചുവിടുന്നത്, 2018ൽ വിജയിച്ചപ്പോഴും ഈ രീതിയായിരുന്നു. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെയോ ഇടതുപക്ഷത്തെയോ തകർക്കാനാകില്ല. ബംഗാളിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പോയത് മാധ്യമങ്ങൾ വാർത്തയാക്കി. ത്രിപുരയിൽ പ്രതിപക്ഷ എംപിമാർ പോയത് തമസ്കരിച്ചു. മാധ്യമങ്ങൾ കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുകൊണ്ടാണ് വാർത്തയല്ലാതെ പോകുന്നത്. എംപിമാർക്കെതിരെയുണ്ടായ ബിജെപി ആക്രമണത്തിനെതിരെ സിപിഐ എം പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹെെപ്പവർ എക്സ്ചേഞ്ചിൽനിന്നുള്ള വെെദ്യുതി നിരക്ക് 50 രൂപയാക്കി വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം.  വേനൽക്കാലത്ത് ഉപഭോഗം കൂടുമ്പോൾ, കോർപറേറ്റുകളുടെ കീശവീർപ്പിക്കാൻ സാധാരണ ഉപഭോക്താക്കളെ കൊള്ളയടിക്കാനാണ് ശ്രമം.  നിലവിൽ 12 രൂപ നിരക്കിലാണ് സംസ്ഥാനം വെെദ്യുതി വാങ്ങുന്നത്. പൂർണമായും കോർപറേറ്റുകളുടേതായ വെെദ്യുതി നിലയങ്ങളുടെ ലാഭം കൂട്ടാനാണ് ശ്രമം. ഇതിനെതിരെയും പ്രതിഷേധം ഉയരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top