18 August Sunday

സ്വന്തം വ്യക്തിത്വത്തിനും കന്നിവോട്ടിട്ട‌് ഷെറിനും സജ്‌നയും

ജിബിന എ എസ്Updated: Tuesday Apr 23, 2019

കൊച്ചി> കന്നിവോട്ട് സ്വന്തം വ്യക്തിത്വത്തിൽ രേഖപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് ട്രാൻസ്‌ വനിത ഷെറിൻ. ഇതോടെ കൊച്ചി നിയമസഭാമണ്ഡലത്തിൽ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ തിരിച്ചറിയൽ രേഖയുമായി വോട്ട‌് ചെയ്ത ആദ്യ ട്രാൻസ്‌ജെൻഡറായി ഷെറിൻ മാറി. മട്ടാഞ്ചേരി സൗദി സ്‌കൂളിൽ 94-ാം പോളിങ് സ്‌റ്റേഷനിലാണ് ഷെറിൻ വോട്ട‌് ചെയ‌്തത്. ട്രാൻസ്‌ജെൻഡർമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മാർവെൽ എന്ന സംഘടനയുടെ ജില്ലാ ബോർഡംഗമാണ് ഈ ഇരുപതുകാരി.

ട്രാൻസ്‌ജെൻഡർമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എൽഡിഎഫ‌് സർക്കാർ ചെയ‌്ത സഹായങ്ങൾ വിസ്മരിക്കാനാകില്ലെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ഷെറിൻ പറഞ്ഞു. പഠനത്തിനും ജോലിക്കും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും സർക്കാർ സഹായവും പിന്തുണയും നൽകി. തങ്ങൾക്ക് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസം നൽകാൻ സർക്കാരിനായെന്നും ഷെറിൻ പറഞ്ഞു.

എറണാകുളം ജില്ലയിൽ ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിൽ തിരിച്ചറിയൽരേഖ സ്വന്തമാക്കിയ ആദ്യ വ്യക്തിയായ സജ്‌ന ഷാജിയും വോട്ട‌് ചെയ‌്തു. 28 വയസ്സിലാണ‌് സജ്‌നയുടെ കന്നിവോട്ട്. സ്വന്തം വ്യക്തിത്വത്തിൽ വോട്ട് ചെയ്യണമെന്ന തീവ്ര ആഗ്രഹത്താലാണ് സജ്‌ന ഇത്രയുംകാലം വോട്ടവകാശം വിനിയോഗിക്കാതിരുന്നത്. അതിനായതിന്റെ സംതൃപ്തിയിലാണ്  സജ്‌ന.  വെണ്ണലയിലെ വാടകവീട്ടിൽ താമസിക്കുന്ന സജ്‌ന വെണ്ണല ഹൈസ്‌കൂളിൽ സ്ത്രീകളുടെ വരിയിൽനിന്ന് ബൂത്ത് നമ്പർ 30ലാണ് വോട്ടുരേഖപ്പെടുത്തിയത്. ട്രാൻസ് വനിത ഋതു മെഹ്‌റിനും സജ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നു.

ജില്ലയിൽ 15 ട്രാൻസ്‌ജെൻഡർമാർക്കാണ് സ്വന്തം വ്യക്തിത്വത്തിൽ വോട്ടവകാശമുണ്ടായിരുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിൽ വോട്ടവകാശം ലഭിക്കാത്ത നിരവധി ട്രാൻസ്‌ജെൻഡർമാർ പൂർവ വ്യക്തിത്വത്തിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വോട്ടവകാശം വിനിയോഗിച്ചു. പൂർവ വ്യക്തിത്വവും ഇപ്പോഴുള്ള രൂപവും കാണുമ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അതുണ്ടാകാതിരുന്നതിനാൽ പകുതിയിലധികം ട്രാൻസ്‌ജെൻഡർമാരും വോട്ടവകാശം വിനിയോഗിച്ചു.


പ്രധാന വാർത്തകൾ
 Top