22 October Tuesday

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എൻജിന്‍ 3 തവണ വേര്‍പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

കൊല്ലം
എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി. കൊച്ചുവേളി– -ശ്രീഗംഗാനഗർ എക്‌സ്‌പ്രസിന്റെ എൻജിനും ബോഗികളുമാണ്‌ കൊച്ചുവേളിക്കും കൊല്ലത്തിനുമിടെ  മൂന്നുതവണ വേർപെട്ടത്‌.
കൊച്ചുവേളിയിൽനിന്ന്‌ ശനിയാഴ്‌ച  പകൽ 3.50ന്‌ പുറപ്പെട്ട ട്രെയിനിന്റെ എൻജിൻ ചിറയിൻകീഴ്, പരവൂർ, മയ്യനാട് സ്റ്റേഷനുകളിൽ എത്തുംമുമ്പാണ്‌  വേർപെട്ടത്. എൻജിനും ബോഗിയുമായി ബന്ധിപ്പിക്കുന്ന കപ്ലിങ്‌ ഇളകിമാറിയതാണ് അപകടകാരണം. കൊല്ലത്ത് നാലാം പ്ലാറ്റ്‌ഫോമിൽ എത്തിച്ച ട്രെയിൻ മൂന്നു മണിക്കൂർ നീണ്ട  അറ്റകുറ്റപ്പണിക്കുശേഷം രാത്രി വൈകി യാത്ര തുടർന്നു.

കൊച്ചുവേളിയിൽനിന്ന്‌ യാത്ര ആരംഭിച്ച ട്രെയിനിന്റെ എൻജിൻ ചിറയിൻകീഴിൽ എത്തുന്നതിനുമുമ്പാണ് ആദ്യം   ബോഗികളിൽനിന്ന്‌ വേർപെട്ടത്. അൽപ്പദൂരം സഞ്ചരിച്ചശേഷം നിന്ന എൻജിൻ തിരികെവന്ന്‌ കപ്ലിങ് ഘടിപ്പിച്ചശേഷം യാത്ര തുടർന്നു. കൊല്ലം പരവൂർ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ്‌  വീണ്ടും എൻജിൻ വേർപെട്ടു. പരവൂരിൽ ട്രെയിനിന് സ്റ്റോപ്പ് ഇല്ലാത്തതിനാൽ വേഗത്തിൽ പോകുകയായിരുന്ന ട്രെയിൻ ഒല്ലാൽ ഗേറ്റ് കടന്നതോടെ എൻജിനും ബോഗികളുമായുള്ള ബന്ധം വേർപെടുകയായിരുന്നു. ഒന്നര കിലോമീറ്റർ പിന്നിട്ട എൻജിൻ ലോക്കോ പൈലറ്റ്‌ അടിയന്തരമായി നിർത്തി.
കൊല്ലത്തുനിന്ന്‌ ജീവനക്കാരെത്തി പിന്നോട്ടെടുത്ത എൻജിൻ ബോഗികളുമായി കൂട്ടിയോജിപ്പിച്ച്  ട്രെയിൻ യാത്ര തുടർന്നെങ്കിലും മയ്യനാടിനുസമീപമെത്തിയപ്പോൾ വീണ്ടും എൻജിൻ വേർപെട്ടു.
തുടർന്ന്‌  കൊല്ലത്തെ മെയിൻ വർക്‌ഷോപ്പിൽ  എത്തിച്ച്  വിശദപരിശോധന നടത്തി കപ്ലിങ് ഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top