13 December Friday

ചെലവ് ലക്ഷങ്ങള്‍, സുരക്ഷ വട്ടപ്പൂജ്യം; തൃത്താലയിലെ 'ഹൈടെക്' ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

തൃത്താല > ലക്ഷങ്ങള്‍ മുടക്കി സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന്  കൊട്ടിഘോഷിച്ച് കൊണ്ടുവന്ന് നിര്‍മ്മിച്ച തൃത്താല കൂറ്റനാട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണു. ചാലിശ്ശേരി അങ്ങാടിയില്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനും, ഗവ. എല്‍ പി സ്‌ക്കൂളിനും സമീപമുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ വി ടി ബല്‍റാം എംഎല്‍എയുടെ പേരെഴുതിയ ബോര്‍ഡും അതിനോടനുബന്ധിച്ച ഭാഗവുമാണ് തകര്‍ന്നു വീണത്.

വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ വലിയ ശബ്ദത്തോടെ പന്ത്രണ്ടടിയോളം വലിപ്പമുള്ള നെയിം ബോര്‍ഡും മറ്റും റോഡിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന്‌സമീപത്തുള്ള ഗവ.എല്‍ പി സ്‌കൂളില്‍ ഉച്ചഭക്ഷണ സമയമായതിനാലും  യാത്രക്കാര്‍ കാത്തിരിപ് കേന്ദ്രത്തില്‍ ഇല്ലായിരുന്നതും കാരണം വന്‍ അപകടം ഒഴിവായി.

2015-16 വര്‍ഷത്തില്‍ വി ടി ബല്‍റാം എംഎല്‍എയുടെ സ്‌മൈല്‍ തൃത്താല പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച   ബസ്‌കാത്തിരിപ്പ് കേന്ദ്രം അന്ന് ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഓരോ ഭാഗങ്ങള്‍ തകരാന്‍ തുടങ്ങിയിരുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച  ഹൈടെക് കാത്തിരിപ്പ് കേന്ദ്രത്തിലെ എഫ്എം റേഡിയോ, വൈഫൈ, സോളാര്‍ വൈദ്യുതി ഉപയോഗിച്ചുള്ള ലൈറ്റ്, എന്നിവയും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകരാറിലായിരുന്നു. കൂടാതെ യാത്രക്കാര്‍ ഇരിക്കുന്ന ഇരിപ്പിടവും ,മേല്‍ക്കൂരയുടെ സീലിംഗും തകര്‍ന്നിരുന്നു.

എല്‍പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ദിനംപ്രതി മുവായിരത്തോളം വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടേയും, അടയ്ക്ക വിപണന കേന്ദ്രത്തിലേക്കു എത്തുന്നവരുടേയും ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ഇവിടെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പൊളിച്ച് നീക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയത് നിര്‍മ്മിക്കാത്തതിനെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ച് പുതിയത് നിര്‍മ്മിച്ചത്. ഇത്രയും വലിയ സംഖ്യ മുടക്കാതെ തന്നെ യാത്രക്കാര്‍ക്ക് നല്ല സൗകര്യത്തോടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാമെന്നിരിക്കെ ഹൈടെക് എന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചതിലും സ്‌കൂള്‍ പരിസരത്ത് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയതിലും അന്ന് തന്നെ നാട്ടുകാരും അധ്യാപകരും പ്രതിഷേധിച്ചിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ തകര്‍ന്ന ഭാഗം അറ്റകുറ്റപണി നടത്തി സുരക്ഷ ഉറപ്പാക്കി ഉപയോഗ്യമാക്കണമെന്ന് നാട്ടുകാരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top