06 July Wednesday

ചെന്നായ്‌ വരുന്നത്‌ സ്‌നേഹിക്കാനല്ലെന്ന്‌ 
ആട്ടിൻകൂട്ടങ്ങൾക്ക്‌ അറിയാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് പരിസരത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഫോട്ടോ: മനു വിശ്വനാഥ്


തൃക്കാക്കര
വർഗീയത പറയുന്ന ഏതെങ്കിലും വിടുവായന്മാരെക്കൊണ്ട്‌ എന്തെങ്കിലും പറയിച്ചാൽ അതാണ്‌ ക്രൈസ്‌തവമുഖമെന്ന്‌ ആരും കരുതേണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ ധാരണ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കുമുണ്ട്‌. ആട്ടിൻതോലിട്ട ചെന്നായ്‌ വരുന്നത്‌ സ്‌നേഹിക്കാനല്ല. ചെന്നായ്‌ക്ക്‌ വേണ്ടത്‌ ചോരയും മാംസവുമാണ്‌. അത്‌ ആട്ടിൻകൂട്ടങ്ങൾ മനസ്സിലാക്കില്ലെന്ന്‌ ചെന്നായ്‌ ധരിക്കരുത്‌. പഴയ കഥയിലെ കഥാപാത്രങ്ങളല്ല. ഇത്‌ മജ്ജയും മാംസവുമുള്ള മനുഷ്യരാണ്‌. ചിന്തിക്കുകയും  അതിനനുസരിച്ച്‌ നടപടികളെടുക്കുകയും ചെയ്യുന്ന മനുഷ്യരാണ്‌. അവരെ കബളിപ്പിക്കാമെന്ന്‌ വിചാരിക്കരുത്‌.

ക്രൈസ്‌തവ മിഷണറി ഗ്രഹാം സ്‌റ്റെയിൻസിനെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ചുട്ടുകൊന്നത്‌ ആരും മറന്നിട്ടില്ല. 1998ൽ ഗുജറാത്തിൽ ക്രൈസ്‌തവർക്കെതിരെ കലാപം അഴിച്ചുവിട്ടു.  ആരാധനാലയങ്ങളും സ്‌കൂളുകളും തീയിട്ടു. 2008ൽ ഒഡിഷയിൽ വ്യാപകമായ കലാപം നടത്തി. ഇന്ന്‌ വർഗീയത പറഞ്ഞയാളെ ക്രൈസ്‌തവസംരക്ഷണത്തിനായി സംരക്ഷിക്കുന്നു എന്നു പറയുന്നവരാണ്‌ അന്ന്‌ 38 ജീവൻ അപഹരിച്ചത്‌. നാൽപ്പതിലധികം സ്‌ത്രീകളെ അവിടെ ബലാത്സംഗം ചെയ്‌തു. ഇക്കാര്യത്തിൽ ഒരു കുറ്റബോധവും ഇന്നേവരെ ഇവർക്കുണ്ടായിട്ടില്ല.

മുന്നൂറിലധികം പള്ളികളാണ്‌ തകർത്തത്‌. 60,000 പേരെ കുടിയൊഴിപ്പിച്ചു. അനേകരെ ഭീഷണിപ്പെടുത്തി മതം മാറ്റി. അക്കാലത്താണ് ആരാധിക്കാൻ ഇടമില്ലാതായ ക്രൈസ്‌തവർക്ക്‌  പ്രാർഥിക്കാൻ സിപിഐ എം ഓഫീസ്‌ വിട്ടുനൽകിയത്‌. 2008ലാണ്‌ മംഗലാപുരത്ത്‌ ശ്രീരാമസേനയും ബജ്‌റംഗദളും ക്രിസ്‌ത്യൻ പള്ളികൾ ആക്രമിച്ചത്‌. എന്നാൽ, അക്രമികളായ സംഘപരിവാറുകാരെയാണ്‌ പൊലീസ്‌ സംരക്ഷിക്കുന്നത്‌. 2015ൽ ഡൽഹിയിൽ അനേകം ക്രൈസ്‌തവദേവാലയങ്ങൾ ആക്രമിച്ചു. 2021 മാർച്ചിൽ ഡൽഹിയിൽനിന്ന്‌ ഒഡിഷയിലേക്ക്‌ പോയ നാലു കന്യാസ്‌ത്രീകളെ ട്രെയിനിൽ ആക്രമിച്ചു. ഝാൻസിയിലെ റെയിൽവേ സ്‌റ്റേഷനിലും ഇവരെ ആക്രമിച്ചു. അവരിൽ ഒരാൾ മലയാളിയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മധ്യപ്രദേശിൽ സെന്റ്‌ ജോസഫ്‌ സ്‌കൂളിനുനേരെ ആക്രമണമുണ്ടായി. കർണാടകത്തിൽ പ്രാർഥനായോഗം തടസ്സപ്പെടുത്തി. ക്രൈസ്‌തവ ആരാധനാലയം കൈയേറി അതിനകത്ത്‌ ഭജന നടത്തി. ഹാസനിൽ പള്ളികൾ ആക്രമിച്ചു.

ഒരാഴ്‌ചമുമ്പ്‌ മതപരിവർത്തന നിരോധന നിയമം നിലവിൽവന്ന ദിവസംതന്നെ നിരവധി പള്ളികൾ ആക്രമിച്ചു. ആന്ധ്രയിലെ ഗുണ്ടൂരിൽ ക്രൈസ്‌തവ തീർഥാടനകേന്ദ്രം ആക്രമിച്ചു. 14ന്‌ രാത്രി ക്രിസ്‌തുവിന്റെയും കന്യാമറിയത്തിന്റെയും ശിൽപ്പങ്ങൾ തകർത്തു. ഈ സ്ഥലം ഹിന്ദു ആരാധനാലയമായിരുന്നു എന്ന ന്യായം പറഞ്ഞായിരുന്നു ആക്രമണമെന്നും പിണറായി  പറഞ്ഞു.

മതവിദ്വേഷപ്രസംഗം : അറസ്‌റ്റിലായ നേതാവിന്റേത്‌ 
സംഘപരിവാർഭാഷ
മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ തങ്ങളുടെ ഉദ്ദേശ്യം നേടാമെന്ന്‌ സംഘപരിവാർ തെറ്റിദ്ധരിക്കേണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവർക്കും ഈ മണ്ണിൽ മാന്യമായി ജീവിക്കാനാകണം. അന്തസ്സോടെ ജീവിക്കണം. ആരും ആരുടെയും കീഴിലല്ലാതെ ഏതൊരു പൗരനും സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാനാകണം. കാക്കനാട്‌ എൻജിഒ ക്വാർട്ടേഴ്‌സിൽ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പുവിജയത്തിനായി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുപിന്നിൽ സംഘപരിവാറാണ്‌. കേന്ദ്രസർക്കാരും ബിജെപിയുടെ സംസ്ഥാന സർക്കാരുകളും എല്ലാവിധ ഒത്താശയും പിന്തുണയും നൽകുന്നു. വർഗീയത പറഞ്ഞതിന്‌ അറസ്‌റ്റിലായ നേതാവിന്റേത്‌ ആർഎസ്‌എസിന്റെയും സംഘപരിവാറിന്റെയും ഭാഷയാണ്‌. അതിനാലാണ്‌ ആ ആളെ ബിജെപി സംരക്ഷിക്കുന്നത്‌. അയാളെ പിന്തുണയ്‌ക്കുന്നത്‌ ക്രിസ്‌ത്യാനികളെ  സംരക്ഷിക്കാനാണെന്നു പറയുന്ന സംഘപരിവാറാണ് രാജ്യത്തെ ക്രൈസ്‌തവവേട്ടയ്‌ക്കുപിന്നിലും. ഗുജറാത്തിലും കർണാടകത്തിലും ഒഡിഷയിലും ഡൽഹിയിലും ക്രൈസ്‌തവരെ ആക്രമിച്ചത്‌ സംഘപരിവാറും ബജ്‌റംഗദളുമാണ്‌.

കഴിഞ്ഞവർഷംമാത്രം 486 ക്രൈസ്‌തവവിരുദ്ധ ആക്രമണങ്ങൾ രാജ്യത്തുണ്ടായി. അതൊക്കെ നമ്മുടെ സംസ്ഥാനത്തും ആവർത്തിക്കാമെന്നു കരുതുന്ന ആളുകൾ സംഘപരിവാറിലുണ്ട്‌. അങ്ങനെയൊരു ആക്രമണം ഉണ്ടായാൽ മറ്റു പ്രദേശങ്ങളിലേതുപോലെയല്ല. കേരളത്തിൽ കടുത്ത നടപടിയുണ്ടാകും. അതിന്റെയൊരു ടെസ്‌റ്റ്‌ ഡോസാണ്‌ ഇവിടെ നടത്തിനോക്കിയത്‌. എന്താണ് പ്രതികരണമെന്ന്‌ നാം കണ്ടു. അതാണ്‌ കേരളത്തിന്റെ, എൽഡിഎഫ്‌ സർക്കാരിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top