തിരുവനന്തപുരം > നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ ആക്രമിച്ച സംഭവത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്‍റ് ഇടവഴിക്കര ജയനെ(36) മര്‍ദ്ദിച്ച കേസിലാണ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാരായിമുട്ടം സുരേഷ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ജയനെ മൂന്നംഗ സംഘം മാരായിമുട്ടം സര്‍വ്വീസ് സഹകരണബാങ്കിന് മുന്നില്‍വച്ച് കമ്പിപ്പാരകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത് പരിക്കേറ്റ ജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ആറ് വര്‍ഷമായി പ്രദേശത്തെ മണ്ഡലം കമ്മറ്റിയില്‍ പുകയുന്ന ഗ്രൂപ്പ് പോരിന്‍റെ ഫലമായാണ് ആക്രമണം നടന്നത്. ബാങ്കിന് സമീപത്തേക്ക് ജയനെ അനുനയത്തില്‍ വിളിച്ച് വരുത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാരായിമുട്ടം സുരേഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ്, സുഭാഷ് എന്നിവര്‍ക്കെതിരെ മാരായമുട്ടം പൊലീസ് കേസെടുത്തു.