22 February Saturday

തൊഴിയൂര്‍ സുനിൽവധം: യഥാര്‍ഥ പ്രതികൾ 9 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

തൃശൂര്‍ > തൊഴിയൂർ സുനിൽ കുമാർ കൊലപാതകക്കേസിൽ യഥാർഥ പ്രതിപ്പട്ടിക തയ്യാറായി. കൊലക്കേസിൽ ഒമ്പതുപേർ പ്രതികളായുണ്ടെന്നാണ് വിവരം. കേസിലെ നാലാം പ്രതി ജം ഇയ്യത്തുൽ ഇഹ്സാനിയ പ്രവർത്തകൻ പാലയൂർ കറുപ്പംവീട്ടിൽ മൊയ്നുദ്ദീ (49) നെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കൂടാതെ ഒരാൾകൂടി പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. മറ്റ്‌ പ്രതികൾക്കായി പൊലീസ് വലവിരിച്ചിരിക്കുകയാണ്.

സുനിൽ വധക്കേസിലെ ഒമ്പതുപ്രതികളിൽ അഞ്ചുപേർ തൃശൂർ സ്വദേശികളാണ്. രണ്ടുപേർ പാലക്കാട് സ്വദേശികളും, മറ്റ്‌ രണ്ടുപേർ മലപ്പുറം സ്വദേശികളുമാണ്. പുലാമന്തോൾ സ്വദേശിയാണ് കേസിലെ ഒന്നാം പ്രതി. ചെറുതുരുത്തി, പള്ളം, വാടാനപ്പള്ളി, ചളിങ്ങാട്, കൊടുങ്ങല്ലൂർ സ്വദേശികളായ ജം ഇയ്യത്തുൽ ഇഹ്സാനിയ പ്രവർത്തകരാണ് തൃശൂരിൽനിന്നുള്ള യഥാർഥ പ്രതികൾ. കേസിലെ ഒരു പ്രതി ക്യാൻസർ ബാധിച്ച് മരിച്ചതായും പറയുന്നു.

കേസിൽ ആദ്യം അറസ്റ്റുചെയ്ത പ്രതികളെ ഹൈക്കോടതി വെറുതെവിട്ടതോടെ, യഥാർഥ പ്രതികളിൽ പലരും ഗൾഫ് രാജ്യങ്ങളിലേക്ക് കടന്നു. കേസിൽ തുടരന്വേഷണമുണ്ടാകില്ലെന്ന ധാരണയിലാണ് പലരും നാട്ടിലേക്ക് തിരിച്ചുവന്നത്. കേസിലെ രണ്ട്‌ പ്രതികൾ ഇപ്പോഴും വിദേശത്തുണ്ട്. ഒരാൾ മറ്റു വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുകയാണ്. സുനിൽ കുമാറിനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മ കുഞ്ഞീമ്മുവിനും സഹോദരി പ്രീതിയ്ക്കും വെട്ടേറ്റിരിന്നു.

പ്രതികളെ ‘രക്ഷിച്ച്‌’ കൂടുതൽ കൊലയ്‌ക്ക്‌ വഴിമരുന്നിട്ടു
തൊഴിയൂർ സുനിൽകുമാർ വധക്കേസിലെ യഥാർഥപ്രതികളെ സ്വൈരവിഹാരത്തിന്‌ വിട്ടതുവഴി പൊലീസ്‌ വഴിമരുന്നിട്ടത്‌ കൂടുതൽ കൊലപാതകങ്ങൾക്ക്‌. സംഭവം നടന്നയുടൻ പ്രതികളെ പിടിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ തീവ്രവാദബന്ധമുള്ള നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഒഴിവാക്കാമായിരുന്നു.  

ചളിങ്ങാട് സന്തോഷ്, കൊല്ലങ്കോട് താമി, പാലക്കാട് ചന്ദ്രമോഹൻ എന്നിവരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ജം ഇയ്യത്തുൽ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയാണെന്ന് വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, ചില പ്രത്യേക മതസംഘടനയുടെ മതവികാരം വ്രണപ്പെടുത്തുന്ന സിനിമകൾ പ്രദർശിപ്പിക്കുന്നു എന്നതിന്റെ പേരിൽ തീരപ്രദേശങ്ങളിലെ ചില തിയറ്ററുകളും ഇതേ തീവ്രവാദസംഘടനാപ്രവർത്തകർ തീയിട്ട് നശിപ്പിച്ചിരുന്നു.
മതതീവ്രവാദത്തിന്റെ മറവിൽ നാട്ടിൽ എന്തുതന്നെ നടത്തിയാലും പിടിക്കപ്പെടില്ലെന്നതിനാലാണ് കൊലപാതകങ്ങൾ തുടരാനിടയായത്.  ജം ഇയ്യത്തുൽ ഇഹ്സാനിയ തീരപ്രദേശങ്ങളിൽ നടത്തിയ അക്രമപരമ്പരയെത്തുടർന്ന് അന്ന് നായനാർ സർക്കാർ തീവ്രവാദവിരുദ്ധ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു.

ഈ വിവരങ്ങളെല്ലാം തീവ്രവാദവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നിരുന്നു.  സുനിൽകുമാറിനെ വീട്ടിൽകയറി അതിക്രൂരമായി വെട്ടിക്കൊന്നശേഷം, സംഭവം സിപിഐ എമ്മിന്റെ  തലയിൽ കെട്ടിവയ്ക്കുന്നതിൽ വിജയം കണ്ടു. ഇതോടെയാണ് സമാനമായ രീതിയിൽ സംസ്ഥാനത്തിന്റെ പലയിടത്തും കൊലപാതകങ്ങൾ അരങ്ങേറിയത്.തൊഴിയൂർ സുനിൽകുമാറിന്റെ കൊലപാതകം ആദ്യം അന്വേഷിച്ച പ്രധാന പൊലീസ് ഉദ്യോഗസ്ഥർക്ക്‌  കൊല നടത്തിയത് ആരാണെന്ന് തെളിയിക്കാൻ  ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നില്ല. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ സിപിഐ എമ്മിനെതിരെ അന്വേഷണം തിരിക്കാൻ രാഷ്‌ട്രീയ ഇടപെടലും ഉണ്ടായി.  ഇതിന്റെ മറവിൽ   വൻതുക അന്നത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈപ്പറ്റിയതായും സൂചനകളുണ്ട്.

ഇവയെകുറിച്ച്‌ അന്വേഷിച്ച്‌ സത്യം പുറത്തുകൊണ്ടുവരണമെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട നിരപരാധികളായ വി ജി ബിജി, ടി എം ബാബുരാജ്, ആർ വി റഫീക്‌ എന്നിവർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top