04 July Saturday

ചെലവുകൾക്കുള്ള വരുമാനമില്ല; നിയന്ത്രണത്തിന്‌ വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ ചെലവ്‌ നിയന്ത്രണത്തിനുള്ള വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന്‌ കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി തോമസ്‌ ഐസക്‌. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടർ ഡോ. സുനിൽ മാണിയാണ് ചെയർമാൻ. ആർ കെ സിംഗ് (ധനകാര്യ സെക്രട്ടറി), ബിശ്വനാഥ് സിൻഹ (പട്ടികജാതി- പട്ടികവർഗ്ഗ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി), സഞ്ജയ് കൗൾ (എക്സ്പെൻഡിച്ചർ സെക്രട്ടറി, ധനകാര്യം), എം ചന്ദ്രദാസ് (കേരള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യു കമ്മിറ്റി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

ചെലവുകൾക്കുള്ള വരുമാനമില്ല എന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷന്റെ പഠന റിപ്പോർട്ട്. നമ്മുടെ റവന്യുക്കമ്മി 48657 കോടിയായും ധനക്കമ്മി 62751 കോടിയായും ഉയരും. അതുകൊണ്ട് ചെലവുകൾ കർശനമായും നിയന്ത്രിച്ചേതീരൂ. എന്നാൽ അത്യാവശ്യമുള്ള കാര്യങ്ങൾ നന്നായി നടക്കുകയും വേണം. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ടാണ്‌ കമ്മിറ്റി സമർപ്പിക്കുക - മന്ത്രി പറഞ്ഞു.

കമ്മിറ്റി താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്:

  • സർക്കാർ വകുപ്പുകളിൽ ഒഴിവുകൾ നികത്തുന്ന രീതി
  •  
  • അന്യത്ര സേവനം അനുവദിക്കുന്ന രീതി
  •  
  • വർക്കിംഗ് അറേഞ്ച്മെന്റ് സംവിധാനം
  •  
  • അവധി ഒഴിവുകളിലെ നിയമന / പ്രമോഷൻ രീതി
  •  
  • ഓൺലൈൻ സേവനങ്ങൾ / ഇ-ഓഫീസ് സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ ഒഴിവാക്കപ്പെടാവുന്ന ചെലവുകൾ
  •  
  • വകുപ്പുകളിലെ മറ്റു ചെലവുകൾ എങ്ങനെ ക്രമീകരിക്കാം.
  •  
  • വിവിധ കമ്മീഷനുകളുടെ / ബോർഡുകളുടെ / ക്ഷേമനിധികളുടെ ഓഫീസുകളുടെ ഏകോപന സാധ്യത
  •  
  • സർക്കാർ വാഹന ഉപയോഗത്തിലെ ക്രമീകരണം
  •  
  • സർക്കാർ ഓഫീസുകളുടെ സ്ഥലവിനിയോഗം ഫലപ്രദമാക്കി, വാടക ചെലവ് ചുരുക്കാൻ സാധിക്കുമോ?
  •  
  • കോൺഫറൻസുകൾ, യോഗങ്ങൾ എന്നിവ പരമാവധി ചെലവ് ചുരുക്കി നടത്താനുള്ള സാധ്യത.
  •  
  • ജോലി ഭാരത്തിന്റെ അടിസ്ഥാനത്തിൽ പുനർവിന്യാസത്തിന്റെ സാധ്യത
  •  
  • മേൽപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് പ്രസക്തമെന്നു തോന്നു മറ്റു വിഷയങ്ങൾ
  •  
  • വ്യയനിയന്ത്രണ ഉത്തരവുകൾ ജൂൺ മാസത്തിൽ പുറപ്പെടുവിക്കും.

പ്രധാന വാർത്തകൾ
 Top