27 May Wednesday

തൊളിക്കോട് പീഡനം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

വിതുര > പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ തൊളിക്കോട് മുസ്ലീം ജമാ അത്തിലെ ഇമാമും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹിയുമായ ഷഫീഖ് അല്‍ ഖാസിമിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ മധുരയിലുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വനമേഖലയിലെത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു  ഇമാമിനെതിരേ വിതുര പൊലീസ്  പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചു വന്നത്.ഒളിവിലായ ഇമാമിനെതിരെ പൊലീസ് ലൂക്ക് ഔട്ട് നോട്ടിസ്  ഇറക്കിയിരുന്നു . ഇമാം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധുരയിലും കോയമ്പത്തൂരിലും പൊലീസ് സംഘം തെരച്ചില്‍ നടത്തി വരുകയായിരുന്നു.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇമാം മധുരയിലുണ്ടെന്നു പൊലീസ് സ്ഥിതീകരിച്ചത്.

ഫെബ്രുവരി 2ന് ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വിതുരയ്ക്കടുത്തുള്ള വനത്തിനുള്ളില്‍ വച്ചായിരുന്നു പീഡനശ്രമം. ഇമാമിന്റെ കാര്‍ പ്രധാന പാതയില്‍ നിന്നും വളരെ അകലെമാറി വനത്തിനുള്ളില്‍ അസ്വാഭാവികമായി കിടക്കുന്നതു കണ്ട തൊഴിലുറപ്പു തൊഴിലാളികള്‍ പരിശോധിക്കവെയാണ് ഇയാളെയും പെണ്‍കുട്ടിയെയും കണ്ടത്. തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇവര്‍ നല്‍കിയത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വിശദമായി ചോദ്യം ചെയ്തതോടെ പീഡനം  പുറത്തായി.

ഇതോടെ നാട്ടുകാര്‍ വിവരം പള്ളിഭാരവാഹികളെ അറിയിച്ചു. അന്വേഷണത്തില്‍ കുട്ടി തന്റെ ബന്ധുവാണെന്നായിരുന്നു ഇമാം പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പ്രശ്നം രൂക്ഷമായി. തുടര്‍ന്ന് ഇയാളെ ജമാഅത്തില്‍ നിന്നും ജമാഅത്ത് സംഘടനയില്‍ നിന്നും പുറത്താക്കി. പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി ബന്ധുവാണെന്നായിരുന്നു ഇമാമിന്റെ വാദം. എന്നാല്‍ ഇത് പിന്നീട് കളവാണെന്നു തെളിഞ്ഞു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിംഗിനൊടുവിലാണ് പെണ്‍കുട്ടി ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചതായി ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിയുകയായിരുന്നു. ഇമാമിനെതിരെ പെണ്‍കുട്ടിയോ വീട്ടുകാരോ നേരത്തേ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മേല്‍ ഇമാമിനുള്ള സ്വാധീനമാണ് ഇതിന് കാരണമായത്. തുടര്‍ച്ചയായ കൗണ്‍സിലിംഗിനൊടുവില്‍ പീഡന വിവരം പെണ്‍കുട്ടി ചൈല്‍ഡ് ലൗന്‍ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ തുറന്നു സമ്മതിക്കുകയായിരുന്നു. പീഡന വിവരം ബന്ധുവിന് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.

പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മധുരയിലെ ലോഡ്ജില്‍ നിന്നും പൊലീസിനെ കണ്ടയുടനെ രക്ഷപ്പെടാന്‍ ശ്രമിച്ചു.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പ്രതിയെ രക്ഷപ്പെടുത്തുവാന്‍ ഉത്സാഹിയായും പ്രോത്സാഹിയായും കൂടെയുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശി ഫാസിലിനേയും ഇയാളോടൊപ്പം അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസായ ഫിറോസ്, ഷിബു, ദിലീപ്, നെബിന്‍ രാജ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
 


പ്രധാന വാർത്തകൾ
 Top