04 December Friday
ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നിവ സജ്ജം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


തിരുവനന്തപുരം> കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 194.33 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആറു നിലകളുള്ള എം എല്‍ ടി ബ്ലോക്ക്, 11 നിലകളുള്ള പീഡിയാട്രിക് ബ്ലോക്ക്, എട്ടു നിലകളിലായി സര്‍ജിക്കല്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മാണത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്. അതില്‍ മെഡിക്കല്‍ കോളേജിലെ എംഎല്‍ ടി ബ്ലോക്കില്‍ ലക്ച്ചര്‍ ഹാള്‍, ലാബ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളാവും ഉണ്ടാകുക. എസ്.എ.ടി. പീഡിയാട്രിക് ബ്ലോക്കില്‍ മെഡിക്കല്‍ ഗ്യാസ് റൂം, ഒപിഡി കണ്‍സള്‍ട്ടിങ്, ലാബ്, റേഡിയോ ഡയഗ്‌നോസിസ്, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. വാര്‍ഡുകള്‍, പ്രൊസീജിയര്‍ റൂമുകള്‍, 16 ഓപ്പറേഷന്‍ തിയറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുതായി ഒരുങ്ങുന്ന സര്‍ജിക്കല്‍ ബ്ലോക്ക്. സ്‌ട്രോക്ക് സെന്ററിനെ സമഗ്ര സ്‌ട്രോക്ക് സെന്ററാക്കി വികസിപ്പിക്കുന്നതിനായി നേരത്തെ തന്നെ സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതുപയോഗിച്ച് നിര്‍മിക്കുന്ന സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങള്‍ ഇവിടെ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.

65 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് എക്‌സ്‌റേയിലൂടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തല്‍സമയം കാണുന്നതിനുള്ള ഡിജിറ്റല്‍ ഫഌറോസ്‌കോപ്പി മെഷീന്‍ സ്ഥാപിക്കുന്നത്.

സ്വകാര്യ മേഖലയില്‍ ഒരു ടെസ്റ്റിന് 3500 രൂപയിലധികം ചെലവുവരുന്നതാണ് ഡിജിറ്റല്‍ മാമ്മോഗ്രാം മെഷീന്‍. സ്തനാര്‍ബുദ നിര്‍ണയം വളരെയധികം കുറഞ്ഞ നിരക്കില്‍ സാധ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഒരു കോടി രൂപ ചെലവുവരുന്ന ഈ മെഷീന്‍ തിരുവനന്തപുരം റോട്ടറി ക്ലബ്ബാണ് സംഭാവനയായി നല്‍കിയത്. നാടിനോടുള്ള പ്രതിബദ്ധത പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിറവേറ്റിവരുന്ന റോട്ടറി ക്ലബ്ബിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെപ്പറ്റി തെറ്റായ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കുകയാണ്. വീഴ്ച ഉണ്ടെങ്കില്‍ തിരുത്താന്‍ ആരോഗ്യ വകുപ്പ് എപ്പോഴും തയ്യാറാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്.  വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളേജില്‍ വലിയ മാറ്റങ്ങള്‍ കാണാനാകുമെന്നും മന്ത്രി  പറഞ്ഞു.

ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായി സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യാതിഥിയായ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് സ്വാഗതമാശംസിച്ചു.  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, റോട്ടറി ക്ലബ് കവടിയാര്‍ പ്രസിഡന്റ് ഡോ. പി മംഗളാനന്ദന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശി തരൂര്‍ എം.പി., റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ആര്‍ രഘുനാഥ്, എം. സഞ്ജീവ്, സെക്രട്ടറി സി.ബി. ഗോപകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ബി.എസ്. സുനില്‍ കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ. ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, എച്ച്.ഡി.എസ്. പ്രതിനിധി ഡി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top