30 May Saturday
പ്രതിദിനം70 ലക്ഷം രൂപയുടെ നഷ്‌ടം

ലോക്‌ഡൗൺ: തിരുവനന്തപുരം വിമാനത്താവളവും പ്രതിസന്ധിയിൽ

വിജയ്‌Updated: Wednesday Apr 8, 2020

ലോക്ക്‌ഡൗണിനെ തുടർന്ന്‌ തിരക്കൊഴിഞ്ഞ അന്താരാഷ്ട്ര വിമാനത്താവളം

തിരുവനന്തപുരം > ലോക്‌ഡൗൺ ആയതോടെ തിരുവനന്തപുരം അന്തർദേശീയ വിമാനത്താവള പ്രവർത്തനവും പ്രതിസന്ധിയിൽ. വർഷം 200 കോടിയിലേറെയും മാസത്തിൽ 20 കോടിയോളം രൂപയും ലാഭമുണ്ടാക്കുന്ന വിമാനത്താവളം അടഞ്ഞുകിടക്കുകയാണ്. ലോക്‌ഡൗൺ കഴിഞ്ഞാലും സർവീസ്‌ അനശ്ചിതത്വം തുടരും. 
 
തിരുവനന്തപുരത്ത് മാസം 35 കോടി രൂപയാണ്‌ വരുമാനം. ഇതിൽ 15 കോടി ചെലവ് കഴിഞ്ഞാൽ 20 കോടി ലാഭമാണ്. അന്തർദേശീയ ടെർമിനലിൽ 52 വിമാനവും ആഭ്യന്തര ടെർമിനലിൽ 42 വിമാനവുമാണ്‌ വന്നുപോകുന്നത്‌. ഇരു ടെർമിനലിലുമായി പന്ത്രണ്ടായിരത്തിലധികം യാത്രക്കാർ സഞ്ചരിച്ചിരുന്നു. എയർലൈൻസുകളിൽനിന്ന് ലഭിക്കുന്ന ഓപ്പറേഷൻ ചാർജുകളും വാടക ഇനത്തിൽ കിട്ടുന്നതുമാണ് എയർപോർട്ട് അതോറിറ്റിയുടെ പ്രധാന വരുമാനം. 
 
വിവിധ എയർലൈൻസുകളുടെ ഹാൻഡ്‌ലിങ് ഏജൻസികൾ ഓരോ വിമാനത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 31.8 ശതമാനമാണ് ഫീസായി അതോറിറ്റിക്ക് നൽകേണ്ടത്. കൂടാതെ, വിമാന പാർക്കിങ്, വാഹന പാർക്കിങ്, വിമാനത്താവളത്തിലെ വിവിധ ഷോപ്പുകളിൽനിന്നുള്ള വാടക  തുടങ്ങി വിവിധ ഇനങ്ങളിൽനിന്നുമാണ് വരുമാനം. ഇതെല്ലാം നിലവിൽ നിശ്ചലമാണ്‌. വിമാനത്താവളത്തിലെ വ്യോമപരിധിയിൽക്കൂടി പറക്കുന്ന വിമാനങ്ങൾവഴി ലഭിക്കുന്ന എയർ നാവിഗേഷൻ ചാർജുമാത്രമാണ് ഇപ്പോഴുള്ള ഏക വരുമാനം. ഇരുപതിലധികം വിമാനമാണ്‌ ഇങ്ങനെ പോകുന്നത്‌.
 
ആഭ്യന്തരവിമാനങ്ങൾക്ക് ലോക്‌ഡൗൺ തീരുന്ന 14ന് ശേഷം വ്യവസ്ഥകൾക്ക്‌ വിധേയമായി ടിക്കറ്റ്‌ ബുക്കിങ് നടക്കുന്നുണ്ട്. എന്നാൽ, വിദേശ യാത്രകൾക്കുള്ള ടിക്കറ്റ്‌ ബുക്കിങ് തീരുമാനമായിട്ടില്ല. എന്നുമുതൽ സർവീസ്‌ ആരംഭിക്കണമെന്ന അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്ന്‌ എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രൻ പറഞ്ഞു. വിദേശത്തുനിന്ന് വരുന്നവരും തിരിച്ച് പോകുന്നവരും നിരീക്ഷണത്തിൽ ഇരിക്കണം എന്ന ഭീതിയാൽ ഇനി വിദേശയാത്രകൾ കുറയാനുള്ള സാധ്യതയുമുണ്ട്.
പ്രധാന വാർത്തകൾ
 Top