07 July Tuesday

നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി, ഹൃദ്രോഗിയായ അമ്മയുടെ ചികിത്സ മുടങ്ങി; സിപിഐ എം പ്രവർത്തകർ നേരിട്ടത്‌ ഭീകരമായ വേട്ടയാടൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

തൃശൂർ >   തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർഥ പ്രതി ‘ജം ഇയത്തൂൽ ഹു സാനിയ' പ്രവർത്തകൻ പാലയൂർ കറുപ്പംവീട്ടിൽ മൊയ്‌നുദ്ദീൻ  കാൽ നൂറ്റാണ്ടിനുശേഷം  അറസ്റ്റിലാകുമ്പോൾ സിപിഐ എം പ്രവർത്തകരാണെന്ന  കാരണത്താൽ നിരപരാധികളായ  യുവാക്കളെയും അവരുടെ കുടുംബങ്ങളെയും പൊലീസും ഭരണനേതൃത്വവും വേട്ടയാടിയതിന്റെ  ഭീകരതകൂടിയാണ്‌ തെളിയുന്നത്‌.

 കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത്‌ ലോക്കൽ പൊലീസ് കേസ് അന്വേഷിച്ച് 7 സിപിഐ എം പ്രവർത്തകരെ പ്രതികളാക്കി കേസ് എടുത്തു. ഇവരിൽ നാല്‌ പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

സിപിഐ എം പ്രവർത്തകർ കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റൊരു കൊലക്കേസിൽ പിടിയിലായ യഥാർഥ പ്രതികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ്‌ സുനിലിനെ കൊല ചെയ്തതും തങ്ങളാണെന്ന് അവർ മൊഴി നൽകിയത്. അതോടെ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന 4  പേരും  ജയിൽമോചിതരായി.

എന്നാൽ കേസിൽ പ്രതിചേർക്കപ്പെട്ടതോടെ നാല്‌ സിപിഐ എം പ്രവർത്തകരും കുടുംബവും അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ അവരുടെ ജീവിതം ദുരിതപൂർണമാക്കി. വീടുകളിലെ പ്രായമായവരും സ്ത്രീകളുമടക്കം പൊലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിരയായി. 

കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ടതോടെ സിപിഐ എം പ്രവർത്തകൻ ബിജിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. റഫീക്കായിരുന്നു രണ്ടാം പ്രതി. മകൻ കൊലക്കേസിൽ പ്രതിയായതറിഞ്ഞ പിതാവ്‌ ഗൾഫ് ഉപേക്ഷിച്ചു മടങ്ങിയതോടെ കുടുംബം സാമ്പത്തികമായി തകർന്നു. മൂന്നാം പ്രതിയായി ചേർക്കപ്പെട്ട ബാബുരാജ് സ്വകാര്യബസിൽ കണ്ടക്ട്ടറായിരുന്നു. അച്ഛൻ മരിച്ച ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബാബുരാജിന്റെ കുടുംബം പട്ടിണിയിലായി, ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയും മരുന്നും മുടങ്ങി. 

നാലാം പ്രതിയായ തുപ്രാടൻ ഹരിദാസന്റെ കുടുംബവും ദുരിതത്തിലായി. കോൺഗ്രസ്സിലെ അക്കാലത്ത്‌ സജീവമായിരുന്ന  തിരുത്തൽവാദ ഗ്രൂപ്പിൽ പെട്ട ജെയിംസ്, ജെയ്‌സൺ എന്നിവരെയും കരുണാകരൻ പൊലീസ് കേസിൽ പ്രതികളാക്കി.

തൃശൂർ സെഷൻസ് കോടതി ബിജി , ബാബുരാജ് , ഹരിദാസൻ , റഫീക്ക് എന്നിവരെ വിവിധ വകുപ്പുകളിൽ 33 വർഷത്തേക്കായിരുന്നു ശിക്ഷിച്ചത്‌ . ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥ ഉള്ളതിനാൽ ഇത് ജീവപര്യന്തമായി. ഇതിനിടെ  തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവ അന്വേഷിച്ച  ക്രൈംബ്രാഞ്ച് പ്രത്യേക സംഘം   സുനിൽ  വധക്കേസിൽ തീവ്രവാദ സംഘനകൾക്ക്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തി. 

കേസിൽ ശിക്ഷക്കപ്പെട്ട സിപിഐ എം പ്രവർത്തകർ ഇത്‌ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  1997ൽ കോടതി സിപിഐ എം പ്രവർത്തകരെ വെറുതെവിടുകയായിരുന്നു. തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

 കൊലപാതകം നടത്തിയത് സിപിഐ എമ്മുകാർതന്നെയാണെന്നായിരുന്നു അന്ന്‌ പത്രങ്ങളുടേയും കോൺഗ്രസ്‌ നേതാക്കളുടേയും ആരോപണം. ഇതിന് തലേന്ന്‌ ഗുരുവായൂർ സ്വദേശി കെണിമംഗലം ജോയിയെ ചിലർ വെട്ടിയതിന് പ്രതികാരമായാണ്‌ കൊലപാതകമെന്ന്‌ കോൺഗ്രസും പൊലീസും പ്രചരിപ്പിച്ചു. തീവ്രവാദ സംഘത്തെക്കുറിച്ച്‌ അന്വേഷണം നടത്താൻ കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സർക്കാരുകൾ തയ്യാറായില്ല.

ഇടതുപക്ഷപ്രവർത്തകരായിപ്പോയെന്ന ഒറ്റ കാരണത്താൽ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന്‌ ഇപ്പോൾ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ ബാബുവും ബിജിയും പറഞ്ഞു. എതിരഭിപ്രായക്കാരെ ഏതുവിധേനയും തകർക്കുകയെന്ന കോൺഗ്രസിന്റെ കുടിലബുദ്ധിയാണ് തന്നെ കുരുക്കിയതിന് പിന്നിലെന്ന്  എ ഡി ജയിംസ് പറഞ്ഞു.

കടന്നാക്രമണങ്ങൾക്കും ജയിൽ ജീവിതത്തിനും പീഡനങ്ങൾക്കും തളർത്താനാവാത്ത പോരാട്ടവീറിനാൽ അതിജീവിക്കുമ്പോഴും ഈ മനുഷ്യജീവിതങ്ങളുടെ നഷ്‌ടപ്പെട്ട ഇന്നലകൾക്ക്‌ രാഷ്‌ട്രീയ എതിരാളികളും മാധ്യമങ്ങളും മറുപടി പറയേണ്ടതുണ്ട്‌. 

 


പ്രധാന വാർത്തകൾ
 Top