23 November Monday

ടെക്‌നോപാർക്ക്‌ വികസനവുമായി മുന്നോട്ടുപോകാം : സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Thursday Oct 29, 2020


ന്യൂഡൽഹി
ടെക്‌നോപാർക്ക്‌ മൂന്നാംഘട്ട വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതി അനുമതി. നിർമാണപ്രവർത്തനങ്ങളുടെ പേരിൽ തണ്ണീർത്തടങ്ങൾ നശിപ്പിക്കുന്നെന്ന സിവിൽ അപ്പീൽ ജസ്‌റ്റിസ്‌ റോഹിന്റൺ നരിമാൻ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ തള്ളി. നേരത്തേ അപ്പീൽ പരിഗണിക്കുന്നതിന്റെ ഭാഗമായി  തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. 

നിർമാണം നടക്കുന്ന 19.73 ഏക്കർ  വേളി–-ആക്കുളം തണ്ണീർത്തടമാണെന്ന്‌ ആരോപിച്ച്‌ തോമസ്‌ ലോറൻസ്‌ എന്ന വ്യക്തിയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. നേരത്തേ  ഹർജിക്കാരൻ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ തിരുവനന്തപുരം കലക്ടറെ ഹരിത ട്രിബ്യൂണൽ ചുമതലപ്പെടുത്തി. ആരോപണങ്ങളിൽ കഴമ്പില്ലെന്നും തന്റെ ഭാഗത്തുനിന്ന്‌ ഇടപെടൽ ആവശ്യമില്ലെന്നും കലക്ടർ 2019 ഏപ്രിൽ 30ന്‌ റിപ്പോർട്ട്‌ നൽകി. ഇതേത്തുടർന്നാണ്‌  സുപ്രീംകോടതിയെ സമീപിച്ചത്‌.

മൂന്നാംഘട്ട വികസനം നടക്കുന്ന ഭൂമി തണ്ണീർത്തടമല്ലെന്നും അത്‌ നെൽവയൽ അല്ലെങ്കിൽ തരിശുഭൂമിയാണെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ്‌സിങ്ങും സ്‌റ്റാൻഡിങ് കോൺസൽ ജി പ്രകാശും വാദിച്ചു.  ഒന്നാംഘട്ടവും രണ്ടാംഘട്ടവും വികസനം നടന്നപ്പോൾ ആരോപണങ്ങൾ ഉന്നയിക്കാത്ത ഹർജിക്കാരൻ ഇപ്പോൾ രംഗത്തെത്തിയത്‌ ദുരൂഹമാണെന്ന്‌ നിർമാണകമ്പനികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പിനാക്കിമിശ്ര ചൂണ്ടിക്കാട്ടി. സംസ്ഥാന തണ്ണീർത്തട അതോറിറ്റി തയ്യാറാക്കിയ പട്ടികയിൽ പദ്ധതി പ്രദേശം ഇല്ലെന്നും അദ്ദേഹം വാദിച്ചു.  
ഹർജിക്കാരന്‌ എട്ടാഴ്‌ചയ്‌ക്കുള്ളിൽ കലക്ടറുടെ റിപ്പോർട്ടിനെ നിയമപ്രകാരം ചോദ്യംചെയ്യാമെന്ന്‌ കോടതി ഉത്തരവിൽ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top