17 January Friday

എഴുത്തും പാചകവുമെല്ലാം വളരും ഈ ടാലന്റ്‌ ലാബിൽ; ഉദ്‌ഘാടനം ഇന്ന്‌

സ്വന്തം ലേഖകൻUpdated: Monday Dec 16, 2019

തിരുവനന്തപുരം > വിദ്യാർഥികളിലെ പലവിധ കഴിവുകളിൽ ഏറ്റവും മികച്ചവ കണ്ടെത്തി പരിശീലനം നൽകി പ്രതിഭകളാക്കുന്ന ടാലന്റ്‌ ലാബ്‌ പദ്ധതി മുഴുവൻ സ്‌കൂളുകളിലും നടപ്പാക്കുന്നു. പന്തളം നഗരസഭാ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തിങ്കളാഴ്‌ച പദ്ധതിക്ക്‌ തുടക്കമാകും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി)യാണ്‌ ആശയവും പ്രായോഗികനിർദേശവും നൽകുന്നത്‌.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്‌ വിദ്യാർഥികളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി അവയിൽ മിടുക്കന്മാരായി വളർത്തുക എന്നത്‌. പഠനം, സംഗീതം,  നൃത്തം, അഭിനയം, ചിത്രരചന, കായികം തുടങ്ങിയവ മാത്രമാണ്‌ കഴിവുകളെന്നും ഇവയിലൊന്നും തിളങ്ങാത്തവർ പിൻബഞ്ചുകാരായി ഒതുങ്ങുകയും ചെയ്യുന്ന സമീപനം മാറ്റിയെടുക്കും. 

സ്‌കൂൾ മുഴുവൻ ടാലന്റ്‌ ലാബായി പ്രവർത്തിക്കും. ഓരോ കുട്ടിയിലുമുള്ള കഴിവുകളിൽ മികച്ചവയേതെന്ന്‌ കണ്ടെത്തും. പ്രഭാഷണ കല, പാചകം, സാഹിത്യരചന, പത്രപ്രവർത്തനം, ആങ്കറിങ്‌ തുടങ്ങി അഭിരുചി  തിരിച്ചറിഞ്ഞ്‌ ആ മേഖലകളിലേക്ക്‌ ഉയരാൻ പ്രാപ്‌തമാക്കും. കുട്ടികൾക്ക്‌ സ്‌കൂളിൽ വരാനുള്ള താൽപ്പര്യം വർധിക്കും. അച്ചടക്കബോധം ആർജിക്കും. കുറ്റകൃത്യങ്ങളിലേക്കും തെറ്റായ കൂട്ടുകെട്ടിലേക്കുമെല്ലാം തിരിയാനുള്ള സാധ്യത  ഇല്ലാതാക്കാനും കഴിയുമെന്നാണ്‌ എസ്‌സിഇആർടി വിലയിരുത്തൽ. പന്തളം നഗരസഭയിലെ സർക്കാർ, എയ്‌ഡഡ്‌ ഹൈസ്‌കൂളുകളിൽ നഗരസഭയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക്‌ എസ്‌സിഇആർടി ആസ്ഥാനത്ത്‌ തിങ്കളാഴ്‌ച പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ തുടക്കം കുറിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top