25 August Sunday

എന്റെ ചിതാഭസ്മം പുഴയിൽ ഒഴുക്കുക ഒരു മുസൽമാൻ ആയിരിക്കും: ടി പത്മനാഭൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ഹരിപ്പാട്> താൻ മരിച്ചാൽ ചിതാഭസ‌്മം ഭാരതപ്പുഴയിൽ ഒഴുക്കാനും കർമങ്ങൾ ചെയ്യാനുമൊക്കെ ഒരു മുസൽമാനോടാണ‌് പറഞ്ഞിരിക്കുന്നതെന്ന് എഴുത്തുകാരൻ ടി പദ്മനാഭൻ. തനിക്ക് മക്കളില്ല അതുകൊണ്ട് കർമങ്ങൾ മുസൽമാൻ ചെയ്യും. ഭാര്യയുടെ ചിതാഭസ‌്മം വയനാട്ടിൽ നദിയിൽ ഒഴുക്കിയതും ബലിതർപ്പണം നടത്തിയതും കീഴ‌്ജാതിക്കാരനാണെന്ന‌് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട‌് സി ബി സി വാര്യർ ഫൗണ്ടേഷൻ പുരസ‌്കാരം സ്വീകരിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
"വയസ‌് തൊണ്ണൂറിലേക്ക‌് അടുക്കുമ്പോഴും മനസ്സിൽ യൗവനമുണ്ട‌്. ഞാനൊക്കെ സ്വാതന്ത്ര്യസമരം കളത്തിൽ ഇറങ്ങികണ്ട‌് വളർന്നതാണ‌്. കരയിൽ ഇരുന്നു കണ്ടതല്ല. ഇന്നു നമ്മുടെ നാട‌് ഒരു തിരിച്ചുപോക്കിലാണ‌്. അടുത്തയിടെ മുംബൈയിൽ സഹപ്രവർത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക‌്ടർ ആത്മഹത്യ ചെയ‌്ത സംഭവം ഓർക്കണം. രാജ്യം ഭരിക്കുന്നവർ തന്നെ ജാതി വിദ്വേഷം അടിച്ചേൽപ്പിക്കുകയാണ‌്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോൾ കുട്ടികളുടെ പോലും പേരിനൊപ്പം ജാതിവാൽ ചേർക്കുന്നു'- പത്മനാഭൻ പറഞ്ഞു.

പ്രമുഖ പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സി ബി സി വാര്യർ. അദ്ദേഹത്തിന്റെ സ‌്മരണാർഥം സി ബി സി വാര്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ‌്കാരമാണ് ടി പദ്മനാഭൻ അർഹനായത്. ചടങ്ങിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും മന്ത്രി ജി സുധാകരനും ചേർന്നാണ‌് 50,000 രൂപയും ശിൽപ്പവും പ്രശസ‌്തിപത്രവുമടങ്ങുന്ന പുര‌സ‌്കാരം നൽകിയത‌്.
 


പ്രധാന വാർത്തകൾ
 Top