27 May Wednesday

ഭരണവും ഭാഷയും സംസ്‌കാരവും ഒരു കുട്ടയിലാക്കാന്‍ ശ്രമം: ടി എം ക‌ൃഷ്‌ണ

പി പ്രമോദ്‌Updated: Friday Sep 20, 2019

രാഗസുധ ദേശീയ സംഗീതോത്സവവേദിയിൽ ടി എം കൃഷ്ണ കച്ചേരി അവതരിപ്പിക്കുന്നു


മാവേലിക്കര
ഭരണവും ഭാഷയും സംസ്‌കാരവും സമ്പത്തും ഒരു കുട്ടയിലാക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ അവസാനംവരെ പോരാടണമെന്ന്‌ സംഗീതജ്ഞന്‍ ടി എം ക‌ൃഷ്‌ണ. ദേശീയ സംഗീതോത്സവത്തില്‍ പങ്കെടുക്കാൻ മാവേലിക്കരയിലെത്തിയ ടി എം ക‌ൃഷ്‌ണ ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു. ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം വിഢിത്തമാണ്. എല്ലാ ഭാഷയെയും ബഹുമാനിക്കാനും എല്ലാ ഭാഷയും ആഘോഷിക്കാനും പഠിക്കണം. നാനാത്വത്തിലെ ഏകത്വം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവകാശങ്ങളില്‍നിന്ന്‌ അകറ്റി കശ്‌മീര്‍ ജനതയെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയാണ്‌. എല്ലാ മനുഷ്യാവകാശങ്ങളും അവിടെ ലംഘിക്കപ്പെട്ടു. കശ്‌മീരിലെ സംഭവങ്ങളില്‍ നാം ലജ്ജിക്കണം. ഇന്ത്യപോലൊരു ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ അവിടെ സംഭവിച്ചത്.

കല രാഷ്‌ട്രീയമാണ്. എല്ലാ സംഗീതവും എല്ലാവര്‍ക്കും വേണ്ടിയാണ്. കലയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നത് അപകടമാണ്. ജാതിയുടെയോ നിറത്തിന്റെയോ പേരില്‍ ആരെയും സംഗീതത്തില്‍നിന്ന്‌ മാറ്റി നിര്‍ത്തരുത്‌. സംഗീതത്തിന് എല്ലാം മാറ്റിമറിക്കാനുള്ള കഴിവുണ്ട്. അതിന്റേതായ സമയം വേണമെന്ന്‌ മാത്രം. കര്‍ണാടക സംഗീതത്തിന് 200-, 250 വര്‍ഷത്തെ ചരിത്രം മാത്രമാണുള്ളത്‌. യുവ സംഗീതജ്ഞർ കര്‍ണാടക സംഗീതത്തിന്റെ കെട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കരുത്. വ്യത്യസ്‌ത രൂപങ്ങളിലൂടെ സഞ്ചരിക്കണം. വ്യത്യസ്‌ത തരം സംഗീതരൂപങ്ങള്‍ കൂട്ടിച്ചേർക്കുന്നതിന് തടസമില്ല. പക്ഷേ ബഹുമാനത്തോടെ വേണം അവയെ സമീപിക്കാന്‍.

അവാര്‍ഡുകള്‍ മനോഹരമെങ്കിലും എപ്പോഴും അപകടകരമാണ്. എനിക്കു മാത്രമായി ഒന്നും ചെയ്യാനില്ല. എന്നെക്കാള്‍ നന്നായി ചെയ്യാനറിയാവുന്നവരുണ്ടാകാം. സംഗീതത്തിന് ഏറ്റവും നല്ല സ്ഥലമാണ് കേരളമെന്നും ‘പുറമ്പോക്ക് പാടല്‍’ ഇവിടെയും നടത്താന്‍ തയ്യാറാണെന്നും ടി എം ക‌ൃഷ്‌ണ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top