01 February Wednesday

' കണക്ക്‌ ഒരു ഭീകര പ്രശ്‌നമാണ്‌ സാറേ , ലളിതമായി പഠിക്കാനുള്ള ട്രിക്കുണ്ടോ സാറേ...’ ; പാഠ്യപദ്ധതി ചർച്ചയിൽ സജീവമായി കുട്ടികൾ

എം വി പ്രദീപ്‌Updated: Friday Nov 18, 2022


തിരുവനന്തപുരം
‘മാഷേ സ്‌പോർട്‌സിൽ ആൺകുട്ടികൾക്കുള്ള പ്രാധാന്യം പെൺകുട്ടികൾക്കും നൽകിക്കൂടേ...  മധ്യവയസ്സ്‌ എത്തുമ്പോൾ യോഗ പരിശീലിക്കുന്ന സമൂഹത്തിൽ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൂടെ? കണക്ക്‌ ഒരു ഭീകര പ്രശ്‌നമാണ്‌ സാറേ.. ലളിതമായി പഠിക്കാനുള്ള ‘ട്രിക്കുകൾ ’ ഉൾപ്പെടുത്തിക്കൂടെ... ചരിത്രത്തിലാദ്യമായി പാഠ്യപദ്ധതി പരിഷ്‌കരണ ചർച്ചയിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും 48ലക്ഷം വിദ്യാർഥികളെയും ഭാഗമാക്കിയപ്പോൾ ഉയർന്ന ചോദ്യങ്ങളിൽ ചിലതാണിത്‌. ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രാഥമികതലംമുതൽ പഠിപ്പിക്കണമെന്ന്‌ നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ യുക്തിവാദം തള്ളിക്കയറ്റാൻ ശ്രമമുണ്ടോയെന്ന്‌ മുതിർന്ന ചിലർ ചോദിച്ചു. നരബലി, ദുരാചാരങ്ങൾ എന്നിവയ്‌ക്കെതിരെ എല്ലാ ക്ലാസുകളിലും പാഠങ്ങളുണ്ടാകണമെന്നും  രക്ഷിതാക്കളെക്കൂടി ബോധവൽക്കരിക്കാൻ ലഘുലേഖകൾ സ്‌കൂളിൽനിന്ന്‌ നൽകണമെന്നുവരെ നിർദേശമുണ്ടായി. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ കാലാവസ്ഥ, ദുരന്തനിവാരണം എന്നിവയിൽ  കൂടുതൽ പാഠഭാഗങ്ങൾ വേണമെന്നും ആവശ്യമുയർന്നു. 

നിർദേശങ്ങൾ ആവേശം പകരുന്നതും ഭാവിയെ കരുതിയുള്ള ജാഗ്രത പാലിക്കുന്നതുമായിരുന്നുവെന്ന്‌ കാസർകോട്‌  കുണ്ടംകുഴി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ പങ്കെടുത്ത മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.   ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ 48 ലക്ഷംകുട്ടികൾ പാഠ്യപദ്ധതി ചർച്ചയിൽ പങ്കാളികളായി. പരമാവധി ഒന്നരമണിക്കൂർ നിർദേശിച്ചിട്ടും പല സ്‌കൂളുകളിലും രണ്ടുമണിക്കൂറിലേറെ ചർച്ച നീണ്ടു.  കുട്ടികളുടെ നിർദേശങ്ങൾ ക്രോഡീകരിച്ച്‌ ബിആർസികൾക്കും ഉപജില്ലകളിലെ അഭിപ്രായങ്ങൾ ബിആർസികൾ എസ്‌സിഇആർടിക്കും കൈമാറും. ഇവ സുപ്രധാന രേഖയായി പ്രസിദ്ധീകരിക്കും. ജനകീയ ചർച്ചകളുടെയും വിദ്യാർഥിചർച്ചകളുടെയും അടിസ്ഥാനത്തിൽ ഒരോ വിഷയങ്ങളിലും നിലപാട്‌ രേഖ ( പൊസിഷൻ പേപ്പർ) മുപ്പതോടെ പ്രസിദ്ധീകരിക്കും.

കരട്‌ പാഠ്യപദ്ധതി ചട്ടക്കൂട്‌ ജനുവരിയിൽ വരും. മാർച്ചിൽ പുതിയ പാഠപുസ്‌തക രചന ആരംഭിച്ച്‌, 2024ൽ 1, 3, 5, 7, 9 , 11 ക്ലാസുകളിൽ പുതിയ പുസ്‌തകങ്ങളെത്തും. 2025ൽ മറ്റുക്ലാസുകളിലും പുതുക്കിയ പാഠ്യപദ്ധതി  പ്രകാരം അധ്യയനം ആരംഭിക്കും.


ദുഷ്-പ്രചാരകർക്കെതിരെ  
നടപടി: മന്ത്രി ശിവൻകുട്ടി
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെപേരിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊതുവിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലിംഗസമത്വം, ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന ക്ലാസ്, യൂണിഫോം, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദമുണ്ടാക്കുകയാണ് ചിലർ.  ഇടകലർന്ന ക്ലാസ്‌, യൂണിഫോം എന്നിവയിൽ സ്‌കൂൾ പിടിഎയും തദ്ദേശഭരണ സ്ഥാപനങ്ങളും കൂട്ടായെടുക്കുന്ന തീരുമാനമായിരിക്കും വിദ്യാഭ്യാസവകുപ്പ് അംഗീകരിക്കുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച സ്‌കൂളുകളിൽ നടന്ന ചർച്ചയുടെ സംസ്ഥാനതല ഉദ്‌ഘാടനം കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സംസ്കാരത്തിന്റെ ഭാഗമായ ബഹുസ്വരതയും  മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ചായിരിക്കും പാഠ്യപദ്ധതി പരിഷ്കരണം. പ്രവർത്തനം തീരാൻ രണ്ട് വർഷം വേണ്ടിവരും. രാജ്യത്ത് ആദ്യമായാണ് പാഠ്യപദ്ധതി പരിഷ്കരണത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം തേടുന്നത്. ജനകീയ പാഠപുസ്തക നിർമാണമാണ് നടക്കുന്നത്. ഏതെങ്കിലും മതത്തിനോ വിഭാഗത്തിനോ എതിരായുള്ള പാഠപുസ്തകമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top