19 March Tuesday

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്‌നിവേശ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

കോഴിക്കോട് > വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്. ഡിസി ബുക്‌സ് കോഴിക്കോട് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ 'അയാം നോട്ട് എ ഹിന്ദു'  എന്ന സെഷനില്‍ നടി പത്മപ്രിയയുമായുള്ള സംവാദത്തിലാണ് അഗ്‌നിവേശ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

മോഡി വരാണസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകും. അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ട്.   മത്സരത്തില്‍ മോഡിയെ പരാജയപ്പെടുത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞു.  ജനപ്രതിനിധിയെന്ന നിലയില്‍ എനിക്ക്  കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നീതിക്കു വേണ്ടി പൊരുതുകയാണ് എന്റെ ലക്ഷ്യം. ഇന്ത്യയില്‍  ആദിവാസികളുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടേണ്ടതുണ്ട്. ഒരു ദിവസം 65 രൂപമാത്രം  വരുമാനമുള്ള അടിമകളെ പോലെ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ട്.  മോഡിയുടെ ഭരണകാലത്ത് ശാസ്ത്രം നോക്കുകുത്തിയാവുകയാണ്. ഗണപതിയെ ചൂണ്ടിക്കാട്ടി പ്ലാസ്റ്റിക് സര്‍ജറി പൗരാണിക കാലത്ത് തന്നെ ഇന്ത്യയിലുണ്ടായിരുന്നുവെന്ന   അസംബന്ധം പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയം സമൂഹത്തെ പുരോഗമനമായ മാറ്റത്തിലേക്ക് നയിക്കുന്നതാകണം. ഇന്ത്യയിലെ സമകാലിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി റിപ്പബ്ലിക്ക്  ദിനത്തില്‍ കന്യാകുമാരയില്‍ നിന്നും കാസര്‍ക്കോട് വരെ പദയാത്ര നടത്തും.  ഇന്ത്യന്‍ഭരണഘടനയാണ് ഓരോ പൗരനും പിന്തുടരേണ്ടെതെന്ന സന്ദേശമായിരിക്കും യാത്രയില്‍ പ്രധാനമായും പ്രചരിപ്പിക്കുക. 

നേരത്തെ ഞാന്‍ ഹരിയാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാല്‍ എനിക്ക് കൂടുതലും വിയോജിപ്പ് നേരിടേണ്ടി വന്നത് സ്വന്തം മുഖ്യമന്ത്രിയില്‍ നിന്നായിരുന്നു. ഒടുവില്‍ രാജിവെക്കുകയാണുണ്ടായത്.

മതം ഉള്‍പ്പെടെയുള്ള കെട്ടുപാടുകളില്‍ നിന്നും സ്ത്രീകള്‍ മോചിതരായെങ്കില്‍ മാത്രമെ സ്ത്രീ സ്വാതന്ത്ര്യം സാധ്യമാവുകയുള്ളൂ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുയര്‍ന്ന വനിതാമതില്‍  സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്.  സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കാണാം.
 
നമ്മുടെയുള്ളിലെ ശക്തിയും മനസുമാണ് നമ്മള്‍ ആരാണെന്ന് തീരുമാനിക്കുന്നത്. അത് ദൈവമോ പുറത്തു നിന്നുള്ള ശക്തിയോ അല്ല.  ദൈവത്തിനും നിങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥന്റെ ആവശ്യമില്ല. ഏതെങ്കിലും മതത്തിന്റേതായ നിര്‍വചനത്തിലൂടെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് കുടുംബമോ സ്വത്തോ ഇല്ല. നേരത്തെയുള്ള പേര് പോലും ഉപേക്ഷിച്ച് അഗ്‌നിവേശ് ആയി. എന്റെ  വസ്ത്രത്തിന്റെ നിറം കാവിയല്ല അഗ്‌നിയുടേതാണ്.അഗ്‌നി സ്വയം ജ്വലിക്കുകയും പ്രകാശം പരത്തുകയും ചെയ്യും - അഗ്നിവേശ് പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top