04 June Sunday

വേനല്‍ മഴ ശക്തമാകും, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

തിരുവനന്തപുരം> സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ വേനല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ വെള്ളിയാഴ്ച വേനല്‍ മഴക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

സംസ്ഥാനത്ത് മാര്‍ച്ച് 1 മുതല്‍ 31 വരെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയില്‍ ഈ കാലയളവില്‍ 82% അധിക മഴ ലഭിച്ചു.125 മി.മീ മഴയാണ് ജില്ലയില്‍ ആകെ ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച് മണ്ണീറയിലാണ് 461 മി.മീ. തവളപ്പാറ, കുമ്മണ്ണൂര്‍, കരിപ്പാന്‍ തോട്, പെരുന്തേനരുവി, ളാഹ മേഖലകളിലും 250 മി.മീ അധികം മഴ ലഭിച്ചു. അടൂര്‍, തിരുവല്ല താലൂക്കുകളിലും മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കിലെ ചില മേഖലകളിലും സാധാരണയിലും കുറഞ്ഞ മഴയാണ് ലഭിച്ചത്.

അതേസമയം, സംസ്ഥാനത്തെ ചൂട് കൂടിയും കുറഞ്ഞും തുടരുകയാണ്. പാലക്കാടാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 37.4 ഡിഗ്രി സെല്‍ഷ്യസ്. ആലപ്പുഴയില്‍ 37 ഉം കോട്ടയത്ത് 36 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top