20 April Saturday

സിനിമ എന്ന കലയെ ആത്മാര്‍ത്ഥമായി സമീപിച്ച കലാകാരന്‍മാര്‍ക്കാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

തിരുവനന്തപുരം > വിപുലമായ സ്വാധീനശക്തിയുള്ള ബഹുജനമാധ്യമമാണ് സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ കാലത്ത് വലിയ മൂലധനമാവശ്യമുള്ള സാംസ്‌കാരിക ഉല്‍പ്പന്നമാണ് സിനിമയെന്നും മുഖ്യമന്ത്രി പറഞ്ഞു.  48ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

വിനോദവ്യവസായത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോള്‍ തന്നെ സിനിമ എന്ന കലയെ ആത്മാര്‍ത്ഥമായും സത്യസന്ധമായും സര്‍ഗാത്മകമായും സമീപിച്ച കലാകാരന്‍മാരാണ് പൊതുവില്‍ ഈ വര്‍ഷം സംസ്ഥാന പുരസ്‌കാരത്താല്‍ ആദരിക്കപ്പെടുന്നത്. ഇത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ആസ്വാദക താത്പര്യങ്ങളെയാകെ മറന്നാല്‍ സിനിമ എന്ന വ്യവസായം തകര്‍ന്നുപോകും. കലയുടെ താത്പര്യങ്ങള്‍ ആകെ കയ്യൊഴിഞ്ഞാല്‍ സിനിമ ഒരു കലാരൂപം അല്ലാതെയുമാകും. രണ്ടിന്റയും ഇടയിലൂടെയുള്ള യാത്ര ശ്രമകരമാണ്.പരിമിതികള്‍ക്കുള്ളില്‍  നിന്നുകൊണ്ടും വ്യവസ്ഥാപിത കലാ സങ്കല്‍പങ്ങളെ പുരോഗമനപരമായി മാറ്റിയെഴുതിയും ആസ്വാദകന്റെ മനോഭാവങ്ങളെ പുതുക്കിപ്പണിതും നമ്മുടെ ചലച്ചിത്രകല സ്വയം നവീകരിച്ചുപോരുന്നുണ്ട്.

ഇത്തവണത്തെ അവാര്‍ഡുകള്‍ പൊതുവില്‍ സാഹസികമായ ഈ ദൗത്യം ഏറ്റെടുത്ത  കലാകാരന്‍മാരെ ആദരിക്കുന്ന വിധത്തിലുള്ളതാണ്. ഇത് തീര്‍ച്ചയായും സിനിമ രംഗത്തെ പുരോഗമന സ്വഭാവത്തിനുള്ള അംഗീകാരം കൂടിയായി മാറുകയാണെന്നും മുഖ്യന്ത്രി ചൂണ്ടിക്കാട്ടി.

 'ഒറ്റമുറിവെളിച്ചവും', 'ആളൊരുക്കവും'  പുരോഗമന മൂല്യങ്ങളിലൂന്നിയ പ്രമേയമാണ് അവതരിപ്പിച്ചത്. പൊതു സമൂഹത്തിന്റെ ശീലങ്ങള്‍ തിരുത്താന്‍ ജാഗ്രത കാണിക്കുന്ന ഇത്തരം കലാകാരന്‍മാരിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിരക്ഷിച്ച് ശക്തിപ്പെടുത്താന്‍ സമൂഹം ജാഗ്രതാപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. 

കലയിലെ സൗന്ദര്യം എന്താണെന്ന് സംബന്ധിച്ച ഒരു പുത്തന്‍ നിര്‍വ്വചനം ഈ പുരസ്‌കാരം മുന്നോട്ടുവയ്ക്കുന്നുണ്ട്. തിരശീലയുടെ ഓരത്ത് ഒതുക്കിനിര്‍ത്തപ്പെട്ടവര്‍ മികച്ച  പ്രതിഭകളാണെന്ന് ഊന്നിപ്പറയുകയാണ് ഈ അവാര്‍ഡ് നിര്‍ണയത്തിലൂടെ ജൂറി ചെയ്തത്. മലയാള ചലച്ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നതിന്റെ സൂചനയാണ് അഞ്ച് പുരസ്‌കാരം നേടിയ 'ടേക്ക് ഓഫ്'. 

നമ്മുടെ ചലച്ചിത്രകല സമൂഹത്തിനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്. ഏത് കലാകാരനും സ്വതന്ത്രമായി കലാപ്രവര്‍ത്തനം  നടത്താന്‍ കഴിയുന്ന ഒരിടം എന്ന പേര് നമ്മുടെ നാടിനുണ്ട്. അതിനായി സങ്കുചിതമായ മതവര്‍ഗീയതയ്‌ക്കെതിരെ  വിശാലമായ മാനവീകമൂല്യങ്ങളിലൂന്നിയ സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കഴിയണം.

ടിവി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ജൂറി നിഷ്പക്ഷമായി തന്നെ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തു.അതില്‍ ജൂറിയെ അഭിനന്ദിക്കുന്നു.  ചലച്ചിത്ര താരമെന്ന പരിവേഷത്തിലല്ല, മറിച്ച് ഇന്ത്യയിലെ അഭിനയ പ്രതിഭകളുടെ ആദ്യ നിരയില്‍ തന്നെ  സ്ഥാനമുള്ള പ്രഗല്‍ഭനായ കലാകാരന്‍ എന്ന നിലയിലാണ് മോഹന്‍ലാലിനെ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍  ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  കൂട്ടിച്ചേര്‍ത്തു
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top