31 March Tuesday

സിബിഎസ്‌ഇ സ്‌കൂളിന്‌ അംഗീകാരമില്ല: 10–-ാംക്ലാസ്‌ പരീക്ഷയെഴുതാൻ കഴിയാതെ 29 വിദ്യാർഥികൾ

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

മട്ടാഞ്ചേരി
സ്‌കൂളിന്‌ സിബിഎസ്‌ഇയുടെ അംഗീകാരമില്ലാത്തതിനാൽ തിങ്കളാഴ്‌ച തുടങ്ങുന്ന പത്താംക്ലാസ് പരീക്ഷയെഴുതാൻ സാധിക്കാതെ 29 വിദ്യാർഥികൾ. മൂലങ്കുഴി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ വിദ്യാർഥികളാണ് സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ദുരിതത്തിലായത്.

സിബിഎസ്ഇ സിലബസിലാണ് സ്കൂൾ പ്രവർത്തനം. സാധാരണ ഈ സ്കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥികളെ മറ്റേതെങ്കിലും സ്കൂളിൽ രജിസ്റ്റർചെയ്ത് പരീക്ഷ എഴുതിക്കുകയാണ് പതിവ്. ഇക്കുറി സ്കൂൾ നേരിട്ട് രജിസ്ട്രേഷന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇക്കാര്യം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന്‌ രക്ഷിതാക്കൾ പറഞ്ഞു.

നാളുകൾക്കുമുമ്പ് രജിസ്ട്രേഷനെക്കുറിച്ച്‌ ചോദിച്ചപ്പോൾ നടപടിക്രമങ്ങൾ നടക്കുന്നുവെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ മറുപടി. പരീക്ഷയ്ക്ക് എല്ലാ വിദ്യാർഥികളും ഒരുമിച്ചുപോകാം എന്നും അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഹാൾ ടിക്കറ്റ് കിട്ടിയില്ലെന്ന് അറിയിച്ചപ്പോഴാണ്‌ -സ്കൂളിന് രജിസ്ട്രേഷനില്ലെന്ന വിവരം രക്ഷിതാക്കൾ അറിയുന്നത്. ഇതോടെ ആശങ്കയിലായ വിദ്യാർഥികളും രക്ഷിതാക്കളും സ്‌കൂളിൽ കുത്തിയിരിക്കുകയാണ്‌.


വിദ്യാർഥികൾക്ക്‌ പിന്തുണ; സ്‌കൂൾ അധികൃതർക്കെതിരെ കേസെടുക്കണം


മട്ടാഞ്ചേരി
മൂലങ്കുഴി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ പത്താംക്ലാസ്‌ പരീക്ഷയെഴുതാൻ അവസരം നിഷേധിക്കപ്പെട്ട വിദ്യാർഥികളുമായും അവരുടെ രക്ഷിതാക്കളുമായും കെ ജെ മാക്സി എംഎൽഎ, സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് എന്നിവർ ചർച്ച നടത്തി. കുട്ടികളുടെ ഭാവി തകർക്കുന്ന ഇത്തരം സ്കൂൾ അധികൃതർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് കെ എം റിയാദ് ആവശ്യപ്പെട്ടു.

കലക്ടർ എസ്‌ സുഹാസുമായി ബന്ധപ്പെട്ടെങ്കിലും കേന്ദ്ര സിലബസ് ആയതിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. കൊച്ചിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി വി മുരളീധരനെ രക്ഷിതാക്കൾ കണ്ടെങ്കിലും ഫലമുണ്ടായില്ല.


പ്രധാന വാർത്തകൾ
 Top