22 September Sunday

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളിൽപ്പെടാതെ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടാൻ ശ്രീലങ്കയ്‌ക്ക്‌ കഴിയണം ‐ കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇത്തരം തന്ത്രങ്ങൾക്ക് വശപ്പെടാതെ ഒറ്റക്കെട്ടായിനിന്ന് ഈ ദുരന്തത്തെ നേരിടാൻ ശ്രീലങ്കയിലെ ജനങ്ങൾക്കും ഗവൺമെന്റിനും കഴിയണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോടിയേരിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

പ്രത്യാശയുടെ സന്ദേശവുമായി ലോകത്തിലെങ്ങുമുള്ള ക്രിസ്ത്യൻ സമൂഹം ഈസ്റ്റർ ആഘോഷിക്കുന്ന വേളയിലാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനമുണ്ടായത്. വംശീയവൈരത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും ചോരച്ചാലുകളിലുടെ സഞ്ചരിച്ച ശ്രീലങ്ക സമാധാനത്തിലേക്ക് നടന്നടുക്കുകയാണെന്ന പ്രതീക്ഷ ഉയരുന്ന ഘട്ടത്തിലാണ് ഇരുനൂറിലധികം പേരുടെ ജീവനെടുത്ത അതിദാരണുമായ സംഭവം ഉണ്ടാകുന്നത്.

കാസർകോട് സ്വദേശിനി റസീന ഉൾപ്പെടെ 35 വിദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്നാണ് അറിയാൻ സാധിക്കുന്നത്. പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഈ ക്രൂരകൃത്യത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിനായി ഈസ്റ്റർ ദിനം തെരഞ്ഞെടുത്തതിന് പിന്നിലെ അസഹിഷ്ണുത പ്രകടമാണ്.

സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിനുപിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഏതെന്ന് വ്യക്തമായിട്ടില്ല. ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പത്ത് ദിവസം മുമ്പുതന്നെ ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നുവെന്ന് ശ്രീലങ്കൻ പൊലീസ് മേധാവി അവകാശപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ഏതായാലും കൊളംബോയിലെ ആർച്ച് ബിഷപ്പും കർദിനാളും മറ്റും ആവശ്യപ്പെട്ടതുപോലെ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ശ്രീലങ്കൻ സർക്കാർ തയ്യാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇത്തരം തന്ത്രങ്ങൾക്ക് വശംവദരാകാതെ ഒറ്റക്കെട്ടായിനിന്ന് ഈ ദുരന്തത്തെ നേരിടാൻ ശ്രീലങ്കയിലെ ജനങ്ങൾക്കും ഗവൺമെന്റിനും കഴിയണം. സ‌്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന‌് മുമ്പിൽ കൊണ്ടുവരികയും വേണം.

തെരുവുകളിലും പൊതുസ്ഥലങ്ങളിലും ബോംബ്പൊട്ടിത്തെറിക്കുന്ന, രക്തമൊലിക്കുന്ന പഴയ നാളുകളിലേക്ക് ശ്രീലങ്ക തിരിച്ചുപോകില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത അന്താരാഷ്ട്രസമൂഹത്തിനുമുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു എന്നാണ് മനസിലാക്കുന്നത്. അവർക്ക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നോർക്കയിൽ നിന്ന് ലഭ്യമാവും.

ശ്രീലങ്കയിലേക്ക് പോകാൻ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘത്തെ കേരളം തയ്യാറാക്കി നിർത്തിയിരിക്കയാണ്. ശ്രീലങ്കൻ സർക്കാരും നമ്മുടെ കേന്ദ്ര സർക്കാരും അനുമതി നൽകിയാലുടൻ ആ മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക് തിരിക്കും.

കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top