13 November Wednesday

ശ്രീചിത്രയില്‍ അക്കാദമിക് തസ്തികകളിലും സംവരണം

സ്വന്തം ലേഖികUpdated: Saturday Oct 12, 2019

തിരുവനന്തപുരം > ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കാദമിക് തസ്തികകളിലും സംവരണം ഏർപ്പെടുത്താൻ ഗവേണിങ്‌ ബോഡി തീരുമാനം. ‌ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും. പുതിയ തീരുമാനപ്രകാരം പിന്നോക്കവിഭാഗത്തിന്‌ 27 ശതമാനം, പട്ടികജാതിക്ക്‌ 15 ശതമാനം, പട്ടിക വർഗത്തിന്‌ 7.5 ശതമാനം എന്നിങ്ങനെ സംവരണം ലഭിക്കും. ഭേദഗതി കേന്ദ്രസർക്കാർ അംഗീകരിക്കണം. അതിനുശേഷമായിരിക്കും അക്കാദമിക് തസ്തികകളിൽ നിയമനമെന്ന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അധികൃതർ അറിയിച്ചു.

1200ലധികം ജീവനക്കാരുള്ള ശ്രീചിത്രയിൽ 69 എസ്‌സി, 11 എസ്‌ടി ജീവനക്കാർ മാത്രമാണ്‌ ഉള്ളത്‌. ഉയർന്ന വിഭാഗമായ ഗ്രൂപ്പ് എ (സയന്റിഫിക്, ടെക്‌നിക്കൽ) യെ സംവരണത്തിൽനിന്ന്‌ പൂർണമായും ഒഴിവാക്കിയിരുന്നു. വിവിധ പ്രസ്ഥാനങ്ങളും കെ സോമപ്രസാദ്‌ എംപി ഉൾപ്പെടെയുള്ളവർ ശ്രമിച്ചിട്ടും ഗ്രൂപ്പ്‌ ബിയിൽ നാമമാത്രമായും ഗ്രൂപ്പ്‌ സി, ഡി വിഭാഗങ്ങളിലെ ഏതാനും തസ്തികയിലും മാത്രമാണ്‌ സംവരണം നൽകിയിരുന്നത്‌. കെ സോമപ്രസാദ്‌ 2017ൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു. സമരം ശക്തമാകുമെന്ന്‌ വ്യക്തമായതോടെ താഴ്ന്ന തസ്തികകളിലും താൽക്കാലിക നിയമനങ്ങളിലും സംവരണം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

അപ്പോഴും ഗ്രൂപ്പ് എ നിയമനങ്ങളിൽ ഭാഗികമായി മാത്രം സംവരണം ഏർപ്പെടുത്താനായിരുന്നു നീക്കം. പട്ടികജാതി –- പട്ടികവർഗ കമിഷൻ, ദേശീയ പട്ടികജാതി കമീഷൻ എന്നിവയ്ക്ക് പികെഎസ്‌ പരാതി നല്കി. ഇരു കമീഷനുകളും സംവരണം നടപ്പാക്കാൻ നിർദേശിച്ചു. ഇതിന്‌ തയ്യാറാകാതെ വന്നപ്പോൾ പികെഎസ്‌ സമര നോട്ടീസ്‌ നൽകി. ഇതേത്തുടർന്നാണ്‌ എല്ലാ കാറ്റഗറിയിലും സംവരണം ഏർപ്പെടുത്താൻ തയ്യാറായതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എസ് അജയകുമാറും സെക്രട്ടറി കെ സോമപ്രസാദ് എംപിയും അറിയിച്ചു.--

എസ്‌സിടിഐഎംഎസ്ടി ആക്ട്, ചട്ടങ്ങൾ എന്നിവ അക്കാദമിക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മാത്രമേ സംവരണം വ്യവസ്ഥ ചെയ്യുന്നുള്ളൂ. നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി എല്ലാ വിഭാഗങ്ങളിലെയും സയന്റിഫിക്, ടെക്‌നിക്കൽ തസ്തികകളിൽ സംവരണം ഏർപ്പെടുത്താൻ ഗവേണിങ്‌ ബോഡി തീരുമാനിക്കുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top