20 September Friday

മോഡിഭക്‌തി ഉറപ്പിച്ച്‌ തരൂർ ; മുരളിക്കെതിരെ പരിഹാസം ; വിശദീകരണം തേടി കെപിസിസി

കെ ശ്രീകണ്ഠൻUpdated: Wednesday Aug 28, 2019

തിരുവനന്തപുരം
കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നതിനിടെ മോഡിയെ സ്‌തുതിച്ച  മുൻ നിലപാടിൽ ഉറച്ച്‌ ശശി തരൂർ എംപി. കെപിസിസി വിശദീകരണം തേടിയതിനു പിന്നാലെ  ഓൺ ലൈൻ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ  മോഡിക്കെതിരെ ക്രിയാത്മക വിമർശം മതിയെന്നതിൽ മാറ്റമില്ലെന്ന്‌ തരൂർ ആവർത്തിച്ചു. തന്റെ ട്വീറ്റിനെ മോഡി സ്‌തുതിയായി വ്യാഖ്യാനിച്ചതാണെന്നും തരൂർ വിശദീകരിച്ചു.

ബിജെപിയിൽ ചേരാൻ പറഞ്ഞ കെ മുരളീധരനെയും അതിരൂക്ഷമായി പരിഹസിച്ചു. ‘തന്നോട്‌ പാർടി വിടണമെന്ന്‌ പറഞ്ഞയാൾ തിരിച്ചെത്തിയത്‌ എട്ടു വർഷംമുമ്പാണ്‌. അതിനുമുമ്പ്‌ കോൺഗ്രസിനെ കടുത്തഭാഷയിലാണ്‌ ആക്ഷേപിച്ചത്‌.’ എന്നായിരുന്നു തരൂരിന്റെ കുത്തുവാക്ക്‌.

രമേശ്‌ ചെന്നിത്തലയുടെ വിമർശത്തോട്‌  ‘എന്നെ ആരും പഠിപ്പിക്കാൻ വരേണ്ട’ എന്നാണ്‌ കഴിഞ്ഞ ദിവസം പ്രതികരിച്ചത്‌. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എംപിമാരായ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ എന്നിവരടക്കം കൂടുതൽ നേതാക്കൾ രംഗത്തുവന്നിട്ടും  തരൂർ കൂട്ടാക്കിയിട്ടില്ല.

ഉമ്മൻചാണ്ടി,  കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്‌ എന്നിവരടക്കം ഒരുവിഭാഗം നേതാക്കൾ മൗനം തുടരുകയാണ്‌. മോഡി അനുകൂലവാദികളെ നിയന്ത്രിക്കണമെന്ന്‌ ടി എൻ പ്രതാപൻ നൽകിയ കത്തിൽ കോൺഗ്രസ്‌ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഡിയെ അനുകൂലിക്കുന്നവർക്കെതിരെ ഹൈക്കമാൻഡാണ്‌ നടപടിയെടുക്കേണ്ടതെന്ന്‌ യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു.

ഇപ്പോൾ മാലദ്വീപിലുള്ള ശശി തരൂർ വ്യാഴാഴ്‌ച വൈകിട്ട്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തും. അതിനുശേഷം കൂടുതൽ പ്രതികരണം ഉണ്ടായേക്കും.

സർട്ടിഫിക്കറ്റ്‌ തരാൻ തരൂർ ആയിട്ടില്ല
വടകര

കെ കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് സർട്ടിഫിക്കറ്റ് എഴുതാൻ ശശി തരൂർ ആയിട്ടില്ലെന്ന് കെ മുരളീധരൻ. മലയാള പത്രം വായിക്കാത്തതുകൊണ്ടാണ് തന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് സമയത്ത് അറിയാതിരുന്നത്. എട്ട്‌ വർഷം മുമ്പാണ്‌ തരൂർ മലയാളപത്രം കാണുന്നത്‌.

വിശ്വപൗരനാണെന്നാണ്‌ അവകാശപ്പെടുന്നത്‌. എന്നാൽ അയാൾ അവിടത്തെ വെറും ജോലിക്കാരൻ മാത്രമാണ്‌. കോൺഗ്രസിൽ ഇരുന്ന് മോഡിസ്തുതി വേണ്ട. ഇനിയും ശശി തരൂർ ഇത് തുടർന്നാൽ പരസ്യമായി ബഹിഷ്കരിക്കേണ്ടി വരും.

അവസരവാദ സേവകൻ : മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ
മോഡിസ്‌തുതി കോൺഗ്രസിന്റെ ചെലവിൽ വേണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. വിശദീകരണം തേടും.ശശി തരൂർ  എന്തിന്‌ മോഡിയെ സ്‌തുതിച്ചുവെന്ന്‌ മനസ്സിലാവുന്നില്ല. ഒരാഴ്ചകൊണ്ടാണ്‌ ഈ മാറ്റം. അതിൽ ശക്തമായ അമർഷമുണ്ട്‌. തരൂരിനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്‌. അവസരവാദ സേവകന്മാരെ സ്വീകരിച്ച പാർടിയാണ് കോൺഗ്രസ്‌.  അതു പലപ്പോഴും ബാധ്യതയായിട്ടുണ്ട്. ഇനി ബാധ്യത ഏറ്റെടുക്കാനാവില്ല.  അന്തിമ നടപടി എഐസിസിയുടേതായിരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top