22 October Tuesday

മോഡി സ്‌തുതി : തരൂരിനെതിരെ കൂടുതൽ നേതാക്കൾ, പിന്തുണയുമായി ബിജെപി

പ്രത്യേക ലേഖകൻUpdated: Tuesday Aug 27, 2019


തിരുവനന്തപുരം
നരേന്ദ്ര മോഡിയെ പ്രശംസിച്ച ശശി തരൂർ എംപിയെ എതിർത്ത്‌ കൂടുതൽ നേതാക്കൾ.  കെ മുരളീധരനും യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാനും പരസ്യമായി രംഗത്തെത്തി. നടപടി ആവശ്യപ്പെട്ട്‌ ടി എൻ പ്രതാപൻ സോണിയ ഗാന്ധിക്ക്‌ കത്തയച്ചു. വിമർശം ശക്തമായിട്ടും തരൂർ നിലപാട്‌ മാറ്റാത്തത്‌ കോൺഗ്രസിനെ വെട്ടിലാക്കി.  രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം തരൂരിനെ തള്ളിയിരുന്നു. ഇതിനോട്‌ രൂക്ഷ ഭാഷയിലാണ്‌ തരൂർ പ്രതികരിച്ചത്‌. തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു പ്രതികരണം. വാദപ്രതിവാദം കൊടുമ്പിരിക്കൊണ്ടിട്ടും വർക്കിങ്‌ പ്രസിഡന്റുമാരായ കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയ നേതാക്കൾ മൗനത്തിലാണ്‌.

തരൂരിന്‌ പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ള, ഒ രാജഗോപാൽ എന്നിവർ മുന്നോട്ടുവന്നു. മോഡിയെ അനുകൂലിച്ചതിന്റെ പേരിൽ തന്നെ പുറത്താക്കിയ കോൺഗ്രസ്‌ നേതൃത്വത്തിന്‌ തരൂരിനെ പുറത്താക്കാൻ ധൈര്യമുണ്ടോയെന്ന്‌  എ പി അബ്ദുള്ളക്കുട്ടി വെല്ലുവിളിച്ചു. മുതിർന്ന നേതാക്കൾ പരസ്യമായി തരൂരിനെതിരെ നിലപാട്‌ കടുപ്പിച്ചിട്ടും വലിയൊരു വിഭാഗം നേതാക്കൾ മൗനം തുടരുന്നതിൽ കോൺഗ്രസ്‌ നേതൃത്വം ആശങ്കയിലാണ്‌.

ബിജെപിയിൽനിന്ന്‌ തരൂരിന്‌ പിന്തുണ ലഭിച്ചതും അങ്കലാപ്പ്‌ സൃഷ്ടിച്ചിട്ടുണ്ട്‌. മോഡിക്കെതിരെ കടുത്ത വിമർശം ഉന്നയിക്കുന്നവരാണ്‌ വേഗം ബിജെപിയിൽ എത്തുന്നതെന്ന്‌ പി എസ്‌ ശ്രീധരൻപിള്ള കെ മുരളീധരന്‌ മറുപടി നൽകി.

പുറത്താക്കണം: മുരളീധരൻ
കോഴിക്കോട്‌
നരേന്ദ്രമോഡിയെ സ്‌തുതിക്കുന്നവരെ പാർടിയിൽനിന്ന്‌ പുറത്താക്കണമെന്ന്‌  കെ മുരളീധരൻ എംപി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മോഡി സ്‌തുതിക്കാർ ബിജെപിയിൽ പോകണം.തന്നെയാരും പഠിപ്പിക്കേണ്ടെന്ന്‌ പറയുന്നവർ കോൺഗ്രസ്‌ തറവാട്ട്‌ സ്വത്തല്ലെന്ന്‌ മനസ്സിലാക്കണം. ശശി തരൂരിന്റെ പ്രതികരണത്തിന്‌ മറുപടിയായി മുരളി പറഞ്ഞു.  

തരൂരിന്റെ  മോഡി അനുകൂല പ്രസ്താവനയെക്കുറിച്ച്  കെപിസിസി പ്രസിഡന്റിന് ഒരുപക്ഷേ പഠിച്ചിട്ടേ പറയാൻ കഴിയൂ.  പാർലമെന്റിലിരുന്ന്‌ കേട്ട തനിക്കതിന്റെ ആവശ്യമില്ല.  ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ പ്രചാരണത്തിന്‌ ശശി തരൂർ വരേണ്ട ആവശ്യമില്ലെന്നും മുരളി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top