22 February Friday
കേന്ദ്രം വിദ്യാഭ്യാസത്തെ വര്‍ഗീയവത്കരിക്കുന്നു

അഞ്ച് കസ്‌റ്റഡി മരണത്തില്‍ വേട്ടക്കാരോടൊപ്പം നിന്ന യുഡിഎഫ് ഇന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നു; കോണ്‍ഗ്രസിനെ നയിക്കുന്നത് പാണക്കാട് തങ്ങള്‍: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

കൊല്ലം > സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ശ്രീകുമാര്‍ നഗറില്‍(ക്യൂഎസി മൈതാനം)ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നടപ്പ് നിയമസഭാ സമ്മേളന കാലാവധി ഉടന്‍ തീരുന്നതിനാല്‍  ബില്‍ അവതരിപ്പിക്കാനാകാത്ത സാഹചര്യമുണ്ട്. ഈ അധ്യയന വര്‍ഷം തന്നെ നിയമപ്രാബല്യമുള്ള സംവിധാനത്തിലൂടെ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം അനുവദിക്കും. വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന യുഡിഎഫ് നയത്തില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. സര്‍വ്വകലാശാല സിന്‍ഡിക്കറ്റിലും അക്കാദമിക് കൗണ്‍സിലിലും വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കും.പൊതുവിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും നയങ്ങള്‍ക്ക് ബദല്‍ സൃഷ്‌ടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിച്ചപ്പോള്‍ സാമൂഹ്യനീതി ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പരിഷ്‌കാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ രണ്ടു മുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ ഈ വര്‍ഷം 1.82 ലക്ഷം കുട്ടികളാണ് പുതിയതായി ചേര്‍ന്നത്.

 അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാന്‍ സര്‍ക്കാരിനായി. യുഡിഎഫ് ഭരണകാലത്ത് നിയമന നിരോധനം നടപ്പാക്കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പിഎസ്‌സി വഴി 73,000 പേര്‍ക്ക് നിയമനം നല്‍കി. മൂവായിരത്തില്‍പരം തസ്തികയാണ് സൃഷിച്ചത്. സാമ്പത്തിക സ്ഥിതി പരിശോധിച്ച് പുതിയ മേഖലകളില്‍ ഇനിയും പുതിയ നിയമനം നടത്തും.പാവപ്പെട്ട പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. പട്ടികജാതി വര്‍ഗ വിദ്യാര്‍ഥികളുടെ സ്‌റ്റൈപെന്‍ഡ് യഥാസമയം നല്‍കുന്നു. വയനാട് ജില്ലയിലെ ടീച്ചര്‍ ട്രെയ്‌നിങ് കോഴ്‌സ് പാസായ 241 ആദിവാസികള്‍ക്കും ജോലി നല്‍കി. ആദിവാസി ഗോത്രഭാഷ പഠിച്ച എല്ലാവരെയും ആദിവാസി ഊരുകളില്‍ പ്രത്യേക പരിശീലകരായി നിയമിക്കാന്‍ തീരുമാനിച്ചു. 100 ആദിവാസികള്‍ക്ക് പൊലീസിനും എക്‌സൈസിലും ജോലി നല്‍കും.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പിന്നോക്ക വിഭാഗക്കാരായ 70 പേരെ നിയമിച്ചു. അതില്‍ 12 പേര്‍ പട്ടികജാതിക്കാരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന പട്ടികജാതിക്കാരെ ചുട്ടുകൊല്ലുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍  രാജ്യത്തിനു മാതൃകയാകുന്നത്. ജനക്ഷേമകരമായ നടപടികളിലൂടെ സര്‍ക്കാര്‍ മുന്നേറുമ്പോള്‍ കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് കുത്തിത്തിരിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ്, ബിജെപി ശ്രമമെന്നും കോടിയേരി പറഞ്ഞു.

എഡിജിപി ദാസ്യവേല ചെയ്യിച്ചെന്നും മകള്‍ മര്‍ദിച്ചെന്നുമുള്ള പൊലീസുകാരന്റെ പരാതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ചര്‍ച്ച ചെയ്യേണ്ടത്. ദാസ്യപണി എടുക്കേണ്ടവരല്ല പൊലീസുകാര്‍. ഇരയായ പൊലീസുകാരനൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ഫലമുണ്ടാകുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ് പരാതി പറയാന്‍ മുമ്പില്ലാത്ത ആര്‍ജവം പൊലീസുകാര്‍ക്കുണ്ടാകുന്നത്.വരാപ്പുഴ കസ്‌റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാരെ വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. കസ്‌റ്റഡി മരണം നടക്കാന്‍ പാടില്ലാത്തതാണ്. ലോക്കപ്പില്‍ വസ്ത്രം അഴിച്ച് മാറ്റാനും പീഡിപ്പിക്കാനും പാടില്ലെന്ന് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് കസ്‌റ്റഡി മരണം നടന്നപ്പോള്‍ വേട്ടക്കാരോടൊപ്പം നിന്നവര്‍ ഇപ്പോള്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ രാഷ്ട്രീയം മനസിലാകുമെന്നും കോടിയേരി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം തിരിച്ചറിയണം. ശാസ്ത്രബോധം വളര്‍ത്തുന്നതിന് പകരം അന്ധവിശ്വാസം പഠിപ്പിക്കുന്നു. വരുംതലമുറയെ മതനിരപേക്ഷ ബോധമില്ലാത്തവരാക്കാനും ജനാധിപത്യ ബോധത്തില്‍ നിന്ന് അകറ്റാനുമാണ് ശ്രമം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി സമൂഹം കൂടുതല്‍ ഊര്‍ജസ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണം.കോണ്‍ഗ്രസിനെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും കോടിയേരി പരിഹസിച്ചു.

 കെപിസിസി, യൂത്ത് കോണ്ഗ്രസ്, കെഎസ്‌യു പ്രസിഡന്റുമാരെ തീരുമാനിക്കുന്നതും പാണക്കാട് തങ്ങളായിരിക്കും. യുഡിഎഫില്‍ നിന്ന് രാജ്യസഭയിലേക്ക് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇതിനെതിരെ കലാപമുയര്‍ത്തിയ കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍ക്ക് നട്ടെല്ലുണ്ടായിരുന്നെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top