22 August Thursday

യൂണി.കോളേജ് സംഭവം: സംഘര്‍ഷം ഇല്ലാതിരിക്കാന്‍ ജാഗ്രത വേണം; ഒരു പ്രതിയെയും സംരക്ഷിക്കില്ല- കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

തിരുവനന്തപുരം> തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ഒരിക്കലും അംഗീകരിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കേസ് പൊലീസ് അന്വേഷിക്കുകയാണ്. അന്വേഷണം ഫലപ്രദമായി നടക്കട്ടെയെന്നും അതിന്റെ ഭാഗമായുണ്ടാകുന്ന നടപടി പൊലീസ് സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.കുത്തേറ്റ് ചികിത്സിയല്‍ കഴിയുന്ന അഖിലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

പാര്‍ട്ടി ഒരു പ്രതികളെയും സംരക്ഷിക്കില്ല. അത് പ്രതിപക്ഷത്തിന്റെ സ്ഥിരം ആരോപണമാണ്. എവിടെയും പൊലീസിന് അന്വേഷണം നടത്തുന്നതിന് യാതൊരു തടസവുമില്ല. എവിടെ അന്വേഷിക്കണമെന്ന് പൊലീസാണ് തീരുമാനിക്കുന്നത്. അന്വേഷണം തടസപ്പെടുത്തുന്ന ഒരു നടപടിയും സിപിഐ എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

 എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണ്, അതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ തന്നെയാണ് തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കേണ്ടത്. പാര്‍ട്ടി എന്നുള്ള നിലയില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് സാധാരണഗതിയില്‍ ചെയ്യാറില്ല. സിപിഐ എമ്മുകാരും സിപിഐ എമ്മുകാരല്ലാത്തവരും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പാര്‍ട്ടി ഒരു തീരുമാനവും എസ്എഫ്‌ഐയുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല.

സംഘടനയ്ക്ക് തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ പറഞ്ഞുകൊണ്ട് കോളേജ് അവിടുന്ന് മാറ്റണമെന്ന് രാഷ്ട്രീയ ശത്രുക്കള്‍ ,പ്രത്യേകിച്ച് യുഡിഎഫ് കുറെ കാലങ്ങളായി ആഗ്രഹിക്കുന്നുണ്ട്. പല പ്രശ്‌നങ്ങളും ഉപയോഗിച്ച് അതിന് ശ്രമിച്ചിട്ടുമുണ്ട്.

സംഘര്‍ഷം നടന്നതിന്റെ പേരില്‍ കോളേജ് തന്നെ മാറ്റുന്നത് ശരിയാണോ?. മട്ടന്നൂര്‍ കോളേജില്‍ കെഎസ്‌യുവിന്റെ നേതാവായിരുന്ന മാഗസിന്‍ എഡിറ്റര്‍ ബഷീറിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുകൊന്നപ്പോള്‍ കോളേജ് അവിടുന്ന് മാറ്റുകയാണോ ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ എവിടേയും നടന്നേക്കാം. അതില്ലാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുമാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഒപ്പമുണ്ടായിരുന്നു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top