22 September Sunday

മഹാരാജാസിൽ ഫ്രറ്റേണിറ്റി ആക്രമണം: 6 എസ‌്എഫ‌്ഐ പ്രവർത്തകർക്ക‌് പരിക്ക‌്; വിദ്യാർഥിനികൾക്ക‌് ഉൾപ്പെടെ മർദ്ദനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

കൊച്ചി> മഹാരാജാസ‌് കോളേജിൽ വെൽഫെയർ പാർടിയുടെ വിദ്യാർഥി വിഭാഗമായ ഫ്രറ്റേണിറ്റിയുടെ പ്രവർത്തകർ വിദ്യാർഥിനികൾ ഉൾപ്പെടെ എസ‌്എഫ‌്ഐ പ്രവർത്തകരെ ആക്രമിച്ചു. ആറുപേർക്ക‌് പരിക്കേറ്റു. ബുധനാഴ‌്ച പകൽ മൂന്നിന‌് കോളേജ‌് യൂണിയൻ ഓഫീസിൽനിന്ന‌്  മാഗസിനുകളടക്കം മാറ്റുന്നതിനിടെ 20 അംഗ സംഘം ഓഫീസിലേക്ക‌് ഇരച്ച‌ുകയറുകയായിരുന്നു. ചൊവ്വാഴ‌്ച കോളേജ‌് അധികൃതരുടെ ആവശ്യപ്രകാരം ഭാരവാഹികൾ വിദ്യാർഥി യൂണിയൻ ഓഫീസ‌് പൂട്ടി താക്കോൽ പ്രിൻസിപ്പലിനെ ഏൽപ്പിച്ചിരുന്നു.

ബുധനാഴ‌്ച പകൽ രണ്ടിന‌് പുതിയ മാഗസിനും മറ്റ‌് സാധനങ്ങളം മാറ്റാനായി താക്കോൽ വാങ്ങി. മാഗസിൻ എഡിറ്റർ മുഹമ്മദ‌് യാസിൻ, യുയുസി ബോബിൻസ‌് ജോസഫ‌് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ‌് എത്തിയത‌്. പുതിയ മാഗസിൻ അച്ചടിച്ചുവെങ്കിലും വിതരണം ചെയ‌്തിട്ടില്ല. മാഗസിൻ കമ്മിറ്റിയുടെ യോഗവും ചേർന്നു. ഇതിനിടെയാണ‌് ഫ്രറ്റേണിറ്റിയിലെ അർഹാം ഷാ, അഫ‌്നാൻ, നബീൽ എന്നിവരുടെ നേതൃത്വത്തിൽ പുറത്ത‌ുനിന്നുള്ള 20 പേർ യൂണിയൻ ഓഫീസിലേക്ക‌് അതിക്രമിച്ചു കയറിയത‌്. വിദ്യാർഥിനികളെ ഉൾപ്പെടെ ഇവർ പിടിച്ചുതള്ളി.

അനഘ, അരുന്ധതി, ദിവ്യ, സുബിൻ, നിഖിൽ, അമൽ എന്നിവർക്ക‌് പരിക്കേറ്റു. ആറുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സെൻട്രൽ സ‌്റ്റേഷനിൽ പരാതി നൽകി. സാമഗ്രികൾ മാറ്റിയശേഷം താക്കോൽ ഓഫീസിൽ തിരിച്ചു ഏൽപ്പിച്ചതായി എസ‌്എഫ‌്ഐ യൂണിറ്റ‌് സെക്രട്ടറി കൂടിയായ ബോബിൻസ‌് ജോസഫ‌് പറഞ്ഞു. ഫ്രറ്റേണിറ്റിക്കാർ മനഃപൂർവം സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്നും ബോബിൻസ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top