29 February Saturday
മുസ്ലിംങ്ങൾ രാജ്യം വിടേണ്ടിവരുമെന്ന പ്രചാരണം തെറ്റെന്ന്‌ ആര്യാടൻ

സിഎഎ: ബിജെപി വാദങ്ങളെ പിന്തുണച്ച്‌ ആര്യാടൻ മുഹമ്മദ്‌; ജന്മഭൂമിയിൽ അഭിമുഖം

ജോബിൻസ്‌ ഐസക്‌Updated: Friday Jan 24, 2020

മലപ്പുറം > പൗരത്വ ബില്ലിനെതിരായ സമരം പരിധി കടക്കാതിരിക്കണമെന്ന്‌ ആവർത്തിച്ച്‌ ആര്യാടൻ മുഹമ്മദ്‌. ബിജെപി മുഖപത്രമായ ജന്മഭൂമിക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ നിലപാട്‌ ആവർത്തിച്ചത്‌. സമരം പരിധി വിട്ടതുകൊണ്ട് കാര്യമില്ലന്നും അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരം അതിരുവിടരുതെന്ന് അണികളോട് ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ പ്രസംഗം നേരത്തെ വിവാദമായിരുന്നു. അതിനിടെയാണ്‌ ബിജെപി പത്രത്തിൽ തന്നെ നിലപാട് ആവർത്തിക്കുന്നത്‌.

മുസ്ലിം മത വിശ്വാസികള്‍ രാജ്യത്തിന് പുറത്തേക്ക് പോകേണ്ടി വരുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം പ്രതിഷേധാര്‍ഹമാണ്. പൗരത്വം നല്‍കുന്നതില്‍ നിന്ന് അഭയാര്‍ത്ഥികളായ മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. അതിന് പകരം നിലവിലെ പൗരന്മാരെയടക്കം ആശങ്കയിലേക്ക് തള്ളിവിടുന്ന രീതിയില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പ്രശ്‌നമെന്ന്‌ ആരോപിക്കുന്ന ആര്യാടൻ ഇക്കാര്യത്തിൽ ബിജെപി വാദത്തെ അംഗീകരിക്കുകയാണ്‌.  ‘സത്യം തിരിച്ചറിയുമ്പോള്‍ ഇത്രയും നാള്‍ കള്ളം പറഞ്ഞവരെ ഈ ജനസമൂഹം തള്ളിപ്പറയുമെന്ന്‌ പറഞ്ഞുവയ്‌ക്കുന്നു.

പൗരത്വ നിയമ ഭേദഗതിയിലെ അപാകതയേക്കാള്‍ മുസ്ലിം ലീഗ് ഭയക്കുന്നത് അവരുടെ പരമ്പരാഗത വോട്ടുകള്‍ തീവ്രവാദ സംഘടനകള്‍ കൈക്കലാക്കുമോയെന്ന കാര്യത്തിലാണെന്നും ആര്യാടൻ തുറന്നടിക്കുന്നു.   മുസ്ലിങ്ങളുടെ സംരക്ഷകര്‍ എക്കാലവും തങ്ങള്‍ തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വേഗം സുപ്രീംകോടതിയെ സമീപിച്ചതും മറ്റും. സിപിഎമ്മിന്റെ ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്‌. അഭയം തേടിയെത്തുന്നവര്‍ക്കെല്ലാം പരിശോധനകള്‍ക്ക് ശേഷം പൗരത്വം നല്‍കണം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമടക്കം എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സമരം വിജയിക്കൂ.

എസ്‌ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികൾ പൗരത്വ സമരം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. കുടിവെള്ളം മുട്ടിച്ചും, വഴി തടഞ്ഞും, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ സമരങ്ങള്‍ വലിയ അപകടം ക്ഷണിച്ചു വരുത്തും. സംഘടിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ബിജെപിക്ക് മാത്രം അത് നിഷേധിക്കുന്നത് മര്യാദകേടാണ്. തിരൂരില്‍ ബിജെപി യോഗം നടത്തിയപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ചത് അംഗീകരിക്കാനാവില്ല.  ഹിന്ദുവിന്റെ അംഗീകാരത്തോടെയാണ് ഇവിടെ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടായത്. മൊബൈല്‍ ഫോണ്‍ വഴി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു, വാഹനങ്ങള്‍ തടയുന്നു. ഇത്തരം ഭീരുക്കളാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍.സമരങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറുന്ന വര്‍ഗീയ ശക്തികള്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല.

മലബാർ കലാപത്തെ കർഷക പ്രക്ഷോഭമായി വിലയിരുത്തി പിന്തുണച്ച സിപിഐ എമ്മിനെയും ആര്യാടൻ വിമർശിക്കുന്നുണ്ട്‌. മലബാർ കലാപം വർഗീയ ലഹളയാണെന്ന ബ്രിട്ടീഷ്‌ സംഘപരിവാർ വാദത്തെ  പിന്തുണയ്‌ക്കുകയാണ്‌ അദ്ദേഹം.  റംസാൻ മസത്തിൽ പുണ്യം ലഭിക്കുന്നതിനായി ഹിന്ദു ഭവനങ്ങൾ ആക്രമിച്ചുവത്രെ. അഹിംസയിൽ നിന്ന്‌ വ്യതിചലിച്ചെന്ന്‌ പറഞ്ഞ്‌ ഖിലാഫത്തിനെയും മലബാർ സമരത്തെയും  തള്ളിപ്പറഞ്ഞ കോൺഗ്രസ്‌(അന്നത്തെ ലീഗും) നിലപാടുകൾ ആവർത്തിക്കയാണ്‌ ആര്യാടൻ.

‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ 1921 ന് മുമ്പും കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ വര്‍ഗീയ കലാപമുണ്ടായതായി പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റംസാന്‍ മാസങ്ങളിലാണ്. പുണ്യം ലഭിക്കുമെന്ന ചിന്തയില്‍ ഹിന്ദുഭവനങ്ങള്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. കാഫിറിനെ കൊന്നാല്‍ പുണ്യം കിട്ടുമെന്ന് ചിലര്‍ അക്കാലത്ത് പറഞ്ഞുപരത്തി. ആക്രമിക്കപ്പെട്ടതില്‍ ഏറെയും ധാരാളം സ്വത്തുക്കളുള്ള നായര്‍ തറവാടുകളും കോവിലകങ്ങളുമൊക്കെയായിരുന്നു. ഇതിനെ പിന്നീട് കാര്‍ഷിക വിപ്ലവമെന്ന രീതിയില്‍ ഇഎംഎസ് വളച്ചൊടിക്കുകയും ചെയ്തു. ഇങ്ങനെ അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്ന രീതി സിപിഐ എം ഇപ്പോഴും പിന്തുടരുകയാണ്.’  ജന്മഭൂമിക്കായി സരുൺ പുൽപ്പള്ളിക്ക്‌ നൽകിയ അഭിമുഖത്തിൽ ആര്യാടൻ ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top