28 November Monday

ചിലർക്ക്‌ ഇന്ത്യൻ ടീമിൽ പെട്ടെന്ന്‌ കിട്ടും; എന്തുണ്ടായാലും അത്‌ നല്ലതിനെന്ന്‌ സഞ്‌ജു സാംസൺ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

തിരുവനന്തപുരം > തടസ്സങ്ങൾ നേരിടുമ്പോൾ കരുത്താർജിക്കുമെന്ന്‌ സഞ്‌ജു സാംസൻ. ചിലർക്ക്‌ ഇന്ത്യൻ ടീമിൽ പെട്ടെന്ന്‌ കിട്ടും, മറ്റുചിലർക്ക്‌ വൈകിയും. പ്രതിബന്ധങ്ങൾ നേരിട്ടായിരുന്നു തന്റെ ക്രിക്കറ്റ്‌ യാത്ര. എന്തുണ്ടായാലും അത്‌ നല്ലതിനെന്നാണ്‌ വിശ്വാസമെന്നും ഇന്ത്യൻ എ ടീം നായകനായ സഞ്‌ജു മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇന്ത്യൻ ടീമിൽ എല്ലാവരും കൂട്ടുകാരാണ്‌.  നാട്ടുകാരിൽ നിന്നും ഇത്രയും വലിയ പിന്തുണ പ്രതീക്ഷിച്ചില്ല. അവരുടെ പിന്തുണയിലാണ്‌ ഞാൻ കളിക്കുന്നത്‌. എനിക്ക്‌ വേണ്ടി സംസാരിക്കുമ്പോൾ സന്തോഷമുണ്ട്‌. ഇന്ത്യൻ സീനിയർ ടീമിൽ ഇടമില്ലാത്തതിനെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ കണ്ടു. അത്‌ ആവേശത്തിൽ പറയുന്നതാണ്‌. കേരളത്തിൽ ടൂർണമെന്റ്‌  ഇല്ലാതാക്കാൻ അവർ ഒന്നും ചെയ്യില്ല. ക്രിക്കറ്റ്‌ മതം പോലെയാണ്‌. അതിൽ നടക്കുന്നതെല്ലാം എല്ലാവരും അറിയും. എന്നാൽ പിറകിൽ നടക്കുന്നത്‌ ആരും അറിയാറില്ല. ഞാൻ ഇവിടെവരെയെത്തിയതിന്‌ പിന്നിൽ നാട്ടുകാർ, വീട്ടുകാർ, കൂട്ടുകാർ, കെസിഎ എന്നിവരുടെ പിന്തുണ വളരെ വലുതാണ്‌. അത്‌ എല്ലാവരും മനസ്സിലാക്കണം.

ഗ്രീൻ ഫീൽഡിലെ കളി ഞാനും കാണും. ഉയർന്ന സ്‌കോർ പിറക്കുന്ന കളിയുണ്ടാകട്ടെ. ബൗളർമാരെ ബഹുമാനത്തോടെയാണ്‌ സമീപിക്കുന്നത്‌. ചിലപ്പോൾ ആരെറിഞ്ഞാലും ഔട്ടാകും. പരമാവധി റൺ അടിക്കുകയാണ്‌ ലക്ഷ്യമെന്നും സഞ്‌ജു പറഞ്ഞു. ഇന്ത്യൻ എ ടീം നായകനായി തെരഞ്ഞെടുക്കപ്പെട്ട സഞ്‌ജുവിനെ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ അനുമോദിച്ചു.

ടീമുകൾ 26ന്‌ എത്തും

ഇന്ത്യ – -ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ചു. ഇരുടീമുകളും 26ന്‌ തിരുവനന്തപുരത്ത്‌ എത്തും. ടിക്കറ്റ്‌ വിൽപ്പന സുരേഷ്‌ ഗോപി ഉദ്‌ഘാടനം ചെയ്‌തു. കെസിഎ പ്രസിഡന്റ്‌ സജൻ കെ വർഗീസ്‌ അധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ, കെസിഎ സെക്രട്ടറി ശ്രീജിത്ത്‌ വി നായർ, വിനോദ്‌ എസ്‌ കുമാർ, ബിജു ജോർജ്‌, സോണി ചെറുവത്തൂർ, രഘുചന്ദ്രൻ നായർ, ജി കിഷോർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇന്ത്യൻ എ ടീം നായകൻ സഞ്‌ജു സാംസനെക്കുറിച്ചുള്ള ലഘുചിത്രം പുറത്തിറക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top