20 March Wednesday

തീർഥാടനം സുഗമം: ക്ലച്ച‌് പിടിക്കാതെ സംഘപരിവാർ അജൻഡ

റഷീദ‌് ആനപ്പുറംUpdated: Sunday Nov 18, 2018

തിരുവനന്തപുരം > മണ്ഡലകാലത്തിന്റെ ആദ്യദിനം തൃപ‌്തി ദേശായിയേയും കെ പി ശശികലയേയും പിന്നാലെ സുരേന്ദ്രനെയും ഇറക്കി കലാപമുണ്ടാക്കാനുള്ള നീക്കം ചീറ്റിയത‌്  സംഘപരിവാറിന‌് വൻ തിരിച്ചടി. പൊലീസും ദേവസ്വംബോർഡും സ്വീകരിച്ച നിലപാടുകൾക്കുമുമ്പിൽ, അമിത‌് ഷായുടെ നേതൃത്വത്തിൽ മംളൂരുവിൽ ആസൂത്രണം ചെയ‌്ത പദ്ധതി എട്ടുനിലയിൽ പൊട്ടുകയാണ‌്. ഇതിന്റെ ജാള്യം മറയ്ക്കാനാണ‌് വിശ്വാസികൾ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന വൃശ‌്ചികം ഒന്നിന‌് അയ്യപ്പഭക്തരെയടക്കം തടഞ്ഞ‌് ഹർത്താൽ നടത്തി സംഘപരിവാർ യഥാർഥ മുഖം വെളിപ്പെടുത്തിയത‌്.

ശബരിമലയുടെ മറവിൽ ആസൂത്രിത കലാപത്തിന‌് സംഘപരിവാർ മുതിരുമെന്നതിനാൽ പൊലീസ‌് സുരക്ഷ കർശനമാക്കി. അതീവ ജാഗ്രതവേണമെന്ന‌് കേന്ദ്ര സുരക്ഷാ എജൻസികളും സംസ്ഥാന പൊലീസിന‌് രഹസ്യ നിർദേശം നൽകിയിട്ടുണ്ട‌്. 
തുലാമാസ പൂജയ‌്ക്കും ചിത്തിര ആട്ട മഹോത്സവത്തിനും നടതുറന്നപ്പോൾ സംഘപരിവാറിന്റെ നേതൃത്വത്തിൽ കലാപത്തിന‌് ശ്രമിച്ചിരുന്നെങ്കിലും പൊലീസിന്റെ സമയോചിത ഇടപെടലിൽ പരാജയപ്പെട്ടു. ഇതോടെയാണ‌് ആർഎസ‌്എസുമായി അടുത്ത ബന്ധമുള്ള തൃപ‌്തി ദേശായിയെ ഇറക്കിയത‌്.

അവർ വന്ന വിമാനത്തിന്റെ പേരും സമയവും  എറണാകുളത്തെ ഒരു യുവമോർച്ചാ നേതാവ‌് മുൻകൂട്ടി ഫെയ‌്സ‌്ബുക്കിലിട്ടിരുന്നു. അവർ എത്തുംമുമ്പേ സംഘപരിവാറുകാർ വിമാനത്താവളത്തിന‌് മുമ്പിൽ തടിച്ചുകൂടി നാമജപയാത്രാ സമരവും ആരംഭിച്ചു. തൃപ‌്തി ദേശായി പുറത്തിറങ്ങുകയാണെങ്കിൽ പേരിന‌് ആക്രമണം നടത്തി കലാപത്തിന‌് തിരികൊളുത്താനായിരുന്നു പദ്ധതി. എന്നാൽ, മണിക്കൂറുകളോളം വിമാനത്താവളത്തിൽ തങ്ങിയശേഷം തൃപ‌്തി ദേശായിക്ക‌് മടങ്ങേണ്ടിവന്നു. ഇതോടെയാണ‌് കെ പി ശശികലയെ രംഗത്തിറക്കി അടുത്ത കളി തുടങ്ങിയത‌്. രാത്രി നട അടച്ചശേഷമാണ‌്  ശശികല സന്നിധാനത്തേക്ക‌് പുറപ്പെട്ടത‌്. നട അടച്ചതിനാൽ യാത്ര വിലക്കിയെങ്കിലും അവർ അനുസരിച്ചില്ല.  അതോടെ പൊലീസ‌് അറസ്റ്റ‌് ചെയ്യുകയായിരുന്നു. സമാനമായിരുന്നു ശനിയാഴ‌്ച കെ സുരേന്ദ്രൻ നിലയ‌്ക്കലിൽ നടത്തിയ പ്രകടനവും.

തൃപ‌്തി ദേശായിയുടെയും ശശികലയുടെയും സുരേന്ദ്രന്റെയും ശബരിമല സന്ദർശനം ക്രമസമാധാന പ്രശ‌്നത്തിനിടയാക്കുമെന്ന‌് ഇന്റലിജൻസ‌് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെ,  ഈഅടുത്ത‌് പുറത്താക്കപ്പെട്ട ഒരു ബിജെപി നേതാവും  സംഘവും  വനത്തിലെ തിരുവാഭരണ പാതയിലൂടെ സന്നിധാനത്ത‌് എത്തിയതായും പൊലീസിന‌് വിവരം ലഭിച്ചിട്ടുണ്ട‌്. സന്നിധാനത്ത‌് റാന്നി സ്വദേശിയുടെ പേരിലെടുത്ത  റൂമിലാണ‌് ഇവർ താമസിച്ചത‌്. സംശയം തോന്നിയ പൊലീസ‌് വെള്ളിയാഴ‌്ച പരിശോധന നടത്തിയപ്പോഴേക്കും സ്ഥലംവിട്ട നേതാവ‌്  ശനിയാഴ‌്ച ഇരുമുടിക്കെട്ടുമായാണ‌് പ്രത്യക്ഷപ്പെട്ടത‌്. സന്നിധാനത്തും നടപ്പന്തലിലും മുദ്രാവാക്യം, സമരം, പരിശോധന എന്നിവയൊന്നും അനുവദിക്കില്ലെന്ന‌് പൊലീസ‌് നേരത്തെ അറിയിച്ചതാണ‌്. എന്നിട്ടും ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം എത്തിയതും മറ്റൊരാളുടെ പേരിൽ എടുത്ത മുറിയിൽ താമസിച്ചതും ദുരൂഹമാണ‌്.

തീർഥാടകർക്കിടയിൽ തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകൾ നുഴഞ്ഞുകയറുമെന്നും ഇതിനെതിരെ നിരോധനാജ്ഞയടക്കം  ശക്തമായ നടപടികൾ  സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട‌് സംസ്ഥാന സർക്കാരിന‌് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസും സമാനമായ മുന്നറിയിപ്പ‌് കേരള പൊലീസിന‌് നൽകിയിട്ടുണ്ട‌്. കേന്ദ്ര സുരക്ഷാ എജൻസികളുടെകൂടി നിർദേശപ്രകാരമാണ‌് ശബരിമലയിലെ പൊലീസ‌് ക്രമീകരണങ്ങൾ എന്ന‌് സംസ്ഥാന സർക്കാർ ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top