16 July Thursday

നമുക്ക് പഠിച്ച് മിടുക്കരാകേണ്ടേ...?നിങ്ങൾക്ക് ഈ ടീച്ചറെ അറിയാമോ. ഞാനേ, മുതുവടത്തൂർ വിവിഎൽപിഎസിലെ സായിശ്വേത ടീച്ചറാണ്’

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


കൊച്ചി
‘എന്റെ പ്രിയപ്പെട്ട മക്കളേ, ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം നിങ്ങൾക്കറിയാമോ? നിങ്ങളെല്ലാവരും ഇന്ന് ഒന്നാം ക്ലാസിൽ പഠനം ആരംഭിക്കുകയാണ്.  സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുന്ന എല്ലാ മക്കൾക്കും ടീച്ചറിന്റെ ആശംസകൾ. നമുക്ക് പഠിച്ച് മിടുക്കരാകേണ്ടേ. നിങ്ങൾക്ക് ഈ ടീച്ചറെ അറിയാമോ. ഞാനേ, കോഴിക്കോട് ജില്ലയിലെ മുതുവടത്തൂർ വിവിഎൽപിഎസിലെ ടീച്ചറാണ്’ –-സായിശ്വേത ടീച്ചർ വിക്ടേഴ്സ് ചാനലിലൂടെ ഒന്നാംക്ലാസുകാരെ സ്വാ​ഗതം ചെയ്തു. 

പ്രവേശനോത്സവത്തിന്റെ അഭാവത്തിലും ഒന്നാംക്ലാസിലെ ആദ്യപാഠം കുരുന്നുകൾക്ക് മധുരമായി. ടീച്ചറുടെ ഭാവത്തിലും ആം​ഗ്യത്തിലും സംസാരത്തിലുമെല്ലാം കരുതൽ  നിറഞ്ഞതോടെ കുരുന്നുകൾ  ടിവിക്ക് മുന്നിലിരുന്ന് അടുത്ത വാക്കുകൾക്ക് കാതോർത്തു. ഓരോ ചോദ്യത്തിനും അവർ ആവേശത്തോടെ ഉത്തരം പറഞ്ഞു.
കുരുന്നുകൾക്കൊപ്പം മുതിർന്നവരും ആവേശത്തോടെ ഒന്നാം ക്ലാസിലിരുന്നു, പഠനം എങ്ങനെയെന്നറിയാൻ. രാവിലെ 10.30ന് വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച ക്ലാസ് ആപ്ലിക്കേഷനിൽ സ്ട്രീം ചെയ്‌തവരും യുട്യൂബിൽ കണ്ടവരും നിരവധി.  വിക്ടേഴ്സ് ചാനലിന്റെ ‘ഇറ്റ്സ് വിക്ടേഴ്സ്’ എന്ന യുട്യൂബ് ചാനലിലൂടെ ക്ലാസിലിരുന്നവരിൽ ഭൂരിഭാ​ഗവും  കമന്റിട്ട്‌ ഹാജർ രേഖപ്പെടുത്തി. മാതാപിതാക്കൾ കുട്ടികൾക്ക് ക്ലാസ് ഇഷ്ടമായതിന്റെ സന്തോഷം പങ്കുവച്ചു.

പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്സ് ചാനലിലൂടെ വീട്ടിലിരുന്ന് പഠനം നടത്തുന്ന ആറാം ക്ലാസ് വിദ്യാർഥിനി

പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്സ് ചാനലിലൂടെ വീട്ടിലിരുന്ന് പഠനം നടത്തുന്ന ആറാം ക്ലാസ് വിദ്യാർഥിനി


 

രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ നടന്ന ക്ലാസുകളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.  അധ്യാപകർ പറയുന്ന പ്രധാനഭാഗങ്ങൾ കുട്ടികൾ കുറിച്ചെടുത്തു. പുതിയ പഠനരീതിയോട് ആരും വിമുഖത കാട്ടിയില്ല. യുട്യൂബ് ചാനലിൽ പാഠങ്ങൾ അപ്‌ലോഡ്‌ ചെയ്യുന്നതുകൊണ്ടും പുനഃസംപ്രേഷണം ഉള്ളതുകൊണ്ടും ക്ലാസ് നഷ്ടപ്പെട്ടാലും വീണ്ടും കാണാനാകുമെന്നതിനാൽ പഠനത്തെക്കുറിച്ച്‌ രക്ഷിതാക്കൾക്ക്‌ ആശങ്കയില്ലാതായി. സംശയങ്ങൾ അവരവരുടെ അധ്യാപകരോട് ചോദിക്കാനും കുട്ടികൾ മറന്നില്ല.

ഈ ആഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് പാഠങ്ങൾ സംപ്രേഷണം ചെയ്യുക. എട്ടുമുതൽ 14 വരെ തീയതികളിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.  ടിവിയും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്തവർക്ക് ലൈബ്രറികൾ, അങ്കണവാടികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ സംവിധാനമുണ്ടാക്കിയിട്ടുണ്ട്‌. സ്‌കൂളിലെ ലാപ്‌ടോപ്, പ്രൊജക്ടർ എന്നിവയും ഉപയോഗപ്പെടുത്തി. ഫോൺ, ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് പാഠങ്ങൾ ലഭിക്കുന്നുണ്ടോയെന്ന്‌ ക്ലാസ് അധ്യാപകർ ഉറപ്പാക്കി. വാട്സാപ് ​​ഗ്രൂപ്പുകൾ അധ്യാപകർ ഇതിനായി പ്രയോജനപ്പെടുത്തി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top