ശബരിമല > ആചാരാനുഷ്ഠാനങ്ങള്‍ മറികടന്ന് ദേവസ്വംബോര്‍ഡ് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി ഉത്തരവിറക്കി. ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് ആറിനാണ് ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് മാറ്റി ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി ദേവസ്വംബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയത്. സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ സര്‍ക്കാര്‍ വാദം ഖണ്ഡിക്കാനാണ് ഈ നീക്കം.
ആരുടെയും അഭിപ്രായം തേടാതെയാണ് പേരുമാറ്റം. പൌരാണിക ക്ഷേത്രത്തിന്റെ പേര് ഒറ്റയടിക്ക് മാറ്റാന്‍ ബോര്‍ഡിന് അധികാരമില്ലെന്നിരിക്കെയുള്ള നടപടി ദുരൂഹമാണ്.
ദേവസ്വം ബോര്‍ഡിനുകീഴില്‍ നിരവധി ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം ഇനി ഒന്നേ ഉണ്ടാകൂ എന്ന് ഉത്തരവില്‍ പറയുന്നു. ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാകും എഴുതുക. തുടര്‍ന്നുള്ള എല്ലാ എഴുത്തുകുത്തുകളും ഇങ്ങനെയായിരിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദൈവഹിത പ്രകാരമുള്ള തന്റെ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അയ്യപ്പസ്വാമി ശബരിമലയില്‍ ചെന്ന് വിലയംപ്രാപിക്കുക വഴി ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രം ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമായി മാറിയെന്ന ഐതിഹ്യവും ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ വാദത്തെ ചെറുക്കാനാണ് പുതിയ തീരുമാനം.
അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തെ ഏക ക്ഷേത്രം ശബരിമലയാണെന്നും അതിനാല്‍ സ്ത്രീപ്രവേശനം പാടില്ലെന്നും സുപ്രീംകോടതിയില്‍ വാദിക്കാനാണ് പുതിയ നീക്കം.
സംസ്ഥാനത്തെ മറ്റെല്ലാ ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും അതിനാല്‍ ശബരിമലയില്‍ ആകാമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെ മറികടക്കുകയാണ് പേരുമാറ്റം വഴി ലക്ഷ്യമിടുന്നത്.
തീര്‍ഥാടനകാലം ആരംഭിക്കുംമുമ്പ് ഏറെ തിടുക്കത്തിലായിരുന്നു പേര് മാറ്റാനുള്ള തീരുമാനം. ബോര്‍ഡംഗം പി കെ കുമാരന് ഒഴിഞ്ഞശേഷം പ്രസിഡന്റും മറ്റൊരു അംഗവും ഉള്‍പ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. പുതുതായി ചുമതലയേറ്റ അംഗം കെ രാഘവനെ ഇക്കാര്യം അറിയിച്ചില്ല. രഹസ്യമായി കൈക്കൊണ്ട തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും രംഗത്തെത്തി.
പേരുമാറ്റം സംബന്ധിച്ച് സര്‍ക്കാരിനോട് ആലോചിക്കേണ്ടതില്ലെന്നും സ്വയംഭരണാധികാരമുള്ള ബോര്‍ഡിന് അതിന് അവകാശമുണ്ടെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
അതേസമയം, വിഷയത്തില്‍ തല്ക്കാലം പ്രതികരിക്കാനില്ലെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തീര്‍ഥാടനകാലത്ത് വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പ്രശ്നം പഠിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..