14 December Saturday

ശബരിമലയിൽ ഭരണനിർവ്വഹണത്തിന്‌ പ്രത്യേക നിയമം വേണം: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

ന്യൂഡൽഹി> ശബരിമല ഭരണ നിർവ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന്  സുപ്രീം കോടതി ആവശ്യപ്പെട്ടു.  പുതിയ നിയമത്തിന്റെ കരട് നാല് ആഴ്ചക്കകം കോടതിയിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പന്തളം രാജകൊട്ടാരം സമർപ്പിച്ച  ഹർജിയിലാണ്‌ സുപ്രീംകോടതിയുടെ പരാമർശം.

ശബരിമലയെ പ്രത്യേകമായി തന്നെയാണ് കണക്കാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ മറുപടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിർവ്വഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതിന്റെ കരട്‌ ബില്ലും സർക്കാർ ഹാജരാക്കി. കരടിൽ മൂന്നിലൊന്ന്‌ സ്‌ത്രീസംവരണം നൽകിയതിൽ കോടതി സംശയം പ്രകടിപ്പിച്ചു. ശബരിമല സംബന്ധിച്ച ഥ അംഗ ബെഞ്ചിന്റെ  വിധി എതിരായാൽ എങ്ങിനെ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തുമെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ്‌ വാദം കേട്ടത്‌. ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും  കോടതി ചോദിച്ചു. 

ഈ കേസ് പരിഗണിക്കുന്നതിന്റെ പ്രധാന ലക്ഷ്യം പ്രത്യേക നിയമം തന്നെയാണെന്ന് കോടതി പറഞ്ഞു. ഇതിനായി മൂന്നുമാസത്തെ സമയം നൽകുന്നുവെന്നും, ബില്ലിന്റെ കരട് ഒരു മാസത്തിനകം ഹാജരാക്കണമെന്നുമാണ്‌  ആവശ്യപ്പെട്ടത്‌. കേസ് പരിഗണിക്കുന്നത് ജനുവരി മൂന്നാം ആഴ്ചയിലേക്ക് മാറ്റി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിർവ്വഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമർപ്പിച്ചതാണ്‌ ഹർജി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top