18 April Thursday

ശ്രീധരന്‍പിള്ള കേരളത്തോട് മാപ്പുപറയണം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018


ചാത്തന്നൂർ
ശബരിമലയിലെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് ഇപ്പോൾ പറയുന്ന  ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള ഇക്കാര്യത്തിൽ  തെറ്റായ പ്രചാരണം  നടത്തിയതിന്    കേരളത്തോട് മാപ്പുപറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് പറഞ്ഞു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സംസ്ഥാനസർക്കാർ ചെയ്യുന്നത്. വിധി നടപ്പാക്കുന്നതിൽ  വീഴ്ചയുണ്ടായാൽ ഭരണഘടനാവിരുദ്ധമാകും. ഇക്കാര്യത്തിൽ പുതിയ  നിയമനിർമാണം നടത്തേണ്ടത് കേന്ദ്രസർക്കാരാണ്.  കേന്ദ്രസർക്കാരിന്റെ  പങ്കിനെക്കുറിച്ച് മിണ്ടാതിരിക്കുകയും എല്ലാം സംസ്ഥാനസർക്കാരിന്റെ  ഉത്തരവാദിത്തമായി വഴീനീളെ പ്രസംഗിക്കുകയും ചെയ്യുന്ന ശ്രീധരൻപിള്ള ലോങ‌്മാർച്ച് നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തമ്മിലടിപ്പിക്കുകയുമാണ്. പിന്നോട്ട് കാലത്തെ നടത്തുന്ന  ശ്രീധരൻപിള്ളയുടെ ലോങ‌്മാർച്ച‌് ആ പദത്തിന്റെ ചരിത്രപരമായ മഹത്വത്തെപ്പോലും ഇല്ലാതാക്കുന്നു.

ശബരിമല വിഷയത്തിൽ സിപിഐ എമ്മിനും സർക്കാരിനും വ്യക്തമായ നിലപാടുണ്ട്. ഒരു വിശ്വാസത്തിനും സിപിഐ എം എതിരല്ല. 12 വർഷമായി സുപ്രീംകോടതിയിൽ നടക്കുന്ന കേസാണിത്. വിധി വന്നപ്പോൾ ഭരണഘടനാബാധ്യത നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. 

വിശ്വാസമോ ഭരണഘടനയോ പ്രധാനം എന്ന തർക്കം  മുറുകുന്നു. വിശ്വാസമാണ് പ്രധാനമെന്ന‌് ശ്രീധരൻപിള്ളയും ചെന്നിത്തലയും പറയുന്നു. എന്നാൽ ആരുടെ വിശ്വാസം എന്നതാണ് പ്രധാനം. 2016 ഡിസംബറിൽ ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ എല്ലാവർക്കും പുരോഹിതരാകാമെന്നായിരുന്നു അന്നത്തെ വിധി . ഈ വിധി നൽകിയ പിൻബലത്തിലാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പിന്നോക്കക്കാർ പൂജാരികളായത്. കോടതിക്ക് വിശ്വാസത്തിൽ ഇടപെടാൻ എന്താണ് അവകാശം എന്നു ചോദിക്കുന്നവർ നാളെ പിന്നോക്കക്കാരെ ശാന്തിക്കാരാക്കിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെടും. കേരളത്തെ അരാജകത്വത്തിലേക്ക് തിരികെപോകുന്നതിനുള്ള പരിസരം ഒരുക്കലാണ് ഇപ്പോൾ വിശ്വാസത്തിന്റെ  പേരിൽ നടക്കുന്ന കലാപം.

ശബരിമല അയ്യപ്പനെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ബിജെപി ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന പാർടിയായി കോൺഗ്രസ് മാറുന്നു. ഹിന്ദുത്വ ശക്തികൾക്ക് കലാപമുണ്ടാക്കാൻ തങ്ങളുടെ അണികളെ വിട്ടുകൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവിടെനിന്ന‌്   ശബരിമലയ്ക്ക്  പോയ സ‌്ത്രീ കോൺഗ്രസ്  സ്ഥാനാർഥിയായി  ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ്.

അയോധ്യയിൽ  കോൺഗ്രസ് ഉണർത്തിവിട്ട ശ്രീരാമനെ രാഷ‌്ട്രീയ ഉപകരണമാക്കി  ബിജെപി വർഗീയ ധ്രുവീകരണം നടത്തി.  ഇപ്പോൾ കേരളത്തിലും  കോൺഗ്രസ് ഇതേരീതി പിന്തുടരുന്നു. അയോധ്യയിൽ സംഘപരിവാർ നടത്തിയ ഗൂഢാലോചന അയ്യപ്പസ്വാമിയെ ഉപയോഗിച്ച് ശബരിമലയിലും തുടരുന്നു. വിശ്വാസത്തെ മുൻനിർത്തി  കേരളത്തിൽ കലാപം സ്യഷ്ടിക്കാനുള്ള ശ്രമം ചെറുക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top