04 December Friday

മകരവിളക്കിന്‌ 5000 പേരെ അനുവദിക്കും; പമ്പയിൽ കുളിക്കരുത്‌; ഷവറൊരുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


തിരുവനന്തപുരം
കോവിഡ്- വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ശബരിമലയിൽ മണ്ഡല മകരവിളക്ക്‌ ദർശനത്തിന്‌ കൂടുതൽപേരെ അനുവദിക്കാനാകില്ലെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. എൻ വാസു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഹചര്യത്തിൽ മാറ്റമുണ്ടായാൽ കൂടുതൽ പേരെ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും മറ്റു ദിവസങ്ങളിൽ 1000 പേർക്കുമാണ്‌ ദർശനം. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ പ്രവേശനം 5000 പേർക്ക്‌ .സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും ദർശനത്തിന് ഒരുക്കുക. വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യണം. 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌, ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവ കരുതണം. 60ന്‌ മുകളിലും 10ന്‌ താഴെയും പ്രായമുള്ളവരെ അനുവദിക്കില്ല. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും മറ്റ്‌ കേന്ദ്രങ്ങളിലും പരിശോധനയുണ്ടാകും. ജോലിക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

പമ്പയിൽ കുളിക്കരുത്‌; ഷവറൊരുക്കും
ബെയ്സ് ക്യാമ്പ് നിലയ്ക്കലാണ്‌. ചെറിയ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശം ഉണ്ടാകും. ഭക്തരെ പമ്പയിൽ ഇറക്കി തിരികെ നിലയ്ക്കലെത്തി പാർക്ക് ചെയ്യണം. പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. നദിക്കരയിൽ ഷവറുകൾ ക്രമീകരിക്കും. നിലയ്ക്കൽ, സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ അന്നദാനം ഉണ്ടാകും. പമ്പയിലും സന്നിധാനത്തും വിരിവയ്‌ക്കാനും താമസിക്കാനും അനുവദിക്കില്ല. നിലയ്ക്കലിൽ ചെറിയ തോതിൽ വിരിവയ്ക്കാം.

പമ്പയിൽനിന്ന് ശബരിമല കയറേണ്ടതും ഇറങ്ങേണ്ടതും സ്വമി അയ്യപ്പൻ റോഡുവ‍ഴിയാണ്. അഭിഷേകത്തിനുള്ള നെയ്‌ പ്രത്യേക കൗണ്ടറിൽ ശേഖരിക്കും.‌ മറ്റൊരു കൗണ്ടർവഴി അഭിഷേകം ചെയ്‌ത നെയ്‌ നൽകും. അപ്പവും അരവണയും സന്നിധാനത്തുനിന്ന് വാങ്ങാം. വിവിധ പോയിന്റുകളിൽ മെഡിക്കൽ കേന്ദ്രങ്ങളും ഓക്സിജൻ പാർലറുകളും പ്രവർത്തിക്കും. മാസ്‌കും കൈയുറകളും  ധരിക്കണം.

15ന്‌ നട തുറക്കും
ശബരിമല മണ്ഡല-–-മകരവിളക്ക് തീർഥാടനം നവംബർ 16ന് ആരംഭിക്കും. 15ന് വൈകിട്ട്‌ നട തുറക്കും. 16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോത്സവം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 20 വരെയാണ്‌ മകരളവിളക്ക്‌ ഉത്സവം.  മണ്ഡലപൂജ ഡിസംബർ 26നും മകരവിളക്ക് ജനുവരി 14നും .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top