17 January Sunday
വരുമാനം 2 കോടിയിൽ താഴെ

ശബരിമലയിലേക്ക്‌ കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കും: ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

ശബരിമല> ശബരിമലയിലേക്ക് കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചുവെന്നും  ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ പ്രഖ്യാപനമുണ്ടായാൽ തിങ്കളാഴ്ച മുതൽ തന്നെ അത് പ്രാവർത്തികമാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ്  അഡ്വ.എൻ വാസു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ മണ്ഡലകാലത്ത് ഇതുവരെ  13,529 അയ്യപ്പഭക്തൻമാർ ശബരിമല ദർശനത്തിനെത്തി. തീർത്ഥാടനം തുടങ്ങി 12 ദിവസം പിന്നിടുമ്പോൾ ആകെ 37 കൊവിഡ്-  കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഭക്തരും വിവിധ വകുപ്പുകളിലെ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ സന്നിധാനത്ത് മാത്രം ഒൻപത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്‌തതായും  പ്രസിഡൻ്റ് വ്യക്തമാക്കി. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചാലും ശബരിമല സന്നിധാനത്ത് ആൾകൂട്ടം സൃഷ്ടിക്കാൻ ആവില്ല.

വെല്ലുവിളി നേരിടുന്ന സങ്കീർണ്ണമായ സാഹചര്യമാണ്  ഈ തീർത്ഥാടന കാലത്തുള്ളത്‌.കൃത്യമായ കൊവിഡ് -19 സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടുണ്ട്‌. ദർശനം കഴിഞ്ഞ് മടങ്ങിയ  അയ്യപ്പഭക്തർക്ക് കൊവിഡ്‌  ബാധിച്ചിട്ടില്ലെന്ന്‌  അറിയാൻ കഴിഞ്ഞിട്ടുണ്ട്‌.രോഗം സ്ഥിരീകരിച്ചവരെ കൃത്യമായി ക്വാറൻ്റയിൻ ചെയ്യിക്കുന്നുണ്ട്‌ . ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

 ശബരിമലയിലെ ഇതുവരെയുള്ള  വരുമാനം 2 കോടിയ്ക്ക് താഴെയാണ് .45 മുതൽ 50 കോടി രൂപ വരെ വരേണ്ട സ്ഥാനത്താണ് ഇത്.പോസ്റ്റൽ പ്രസാദ വിതരണത്തിൽ നല്ല പ്രതികരണം ആണെന്നും  അദ്ദേഹം പറഞ്ഞു.

വെച്വൽ ക്യൂ ബുക്കിംഗിന് ഇപ്പോൾ ദേവസ്വം ബോർഡിന് ഏതൊരു റോളുമില്ല. വരും വർഷങ്ങളിൽ ഇതിനായി ദേവസ്വം ബോർഡ് സ്വന്തം സംവിധാനം കൊണ്ടുവരും. ശബരിമല റോപ്പ് വെയുടെ കാര്യത്തിൽ പാരിസ്ഥിതികാഘാത പഠനം നടന്നു.ഇനി ഫോറസ്റ്റ് ക്ലിയറൻസ് വരണം .അത് കിട്ടിയാൽ റോപ്പ് വെയുടെ നിർമ്മാണം  തുടങ്ങുമെന്നും അഡ്വ. എൻ വാസു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top