09 December Monday

യുഡിഎഫിന‌് വോട്ടുമറിക്കൽ: ആർഎസ‌്എസിൽ കലാപക്കൊടി

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019

കണ്ണൂർ> യുഡിഎഫിന‌് വോട്ട‌് ചെയ്യാനുള്ള സ്വാമി ചിദാനന്ദപുരിയുടെ ആഹ്വാനത്തിനെതിരെ ആർഎസ‌്എസ്സിൽ കലാപക്കൊടി. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയം ഉറപ്പാക്കുന്നതിന‌് യുഡിഎഫിനെ വിജയിപ്പിക്കണമെന്നായിരുന്നു ചിദാനന്ദപുരിയുടെ ആഹ്വാനം. കോൺഗ്രസിനെ തറപറ്റിക്കുന്നതിനുപകരം അവരുമായി കൂട്ടുകൂടാനുള്ള ചിദാനന്ദപുരിയുടെ പരസ്യമായ പ്രഖ്യാപനത്തിനെതിരെയാണ‌് ആർഎസ‌്എസ്സിലെ ഒരു വിഭാഗം കലാപക്കൊടി ഉയർത്തിയത‌്. തെരഞ്ഞെടുപ്പ‌് അടുത്ത ഘട്ടത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം ബിജെപിയെ വലച്ചിട്ടുണ്ട‌്.

‘‘ആര് ജയിക്കണം എന്നതിനേക്കാൾ ആരാണ് തോൽക്കുന്നത് എന്നതാണ് ഇപ്പോൾ പ്രധാനം. തിരുവനന്തപുരം, പത്തനംതിട്ട എന്നിങ്ങനെ ചില സീറ്റുകളിൽ മാത്രമേ ബിജെപിക്ക് ജയസാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ മറ്റു മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകൾ ചിതറിപ്പോകാതെ നോക്കണം. അത്തരം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യണം.’’ –- എന്നാണ‌് കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ മുഖപ്രസിദ്ധീകരണത്തിൽവന്ന അഭിമുഖത്തിൽ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കർമസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി പറഞ്ഞത‌്.

അസഭ്യവർഷം ചൊരിഞ്ഞായിരുന്നു പല ആർഎസ‌്എസ്സുകാരുടെയും  പ്രതികരണം. ഗണവേഷധാരികളുടെ അസഭ്യവർഷത്തിനെതിരെ ചിദാനന്ദപുരിയുടെ അനുയായികളും കടുത്ത പ്രതികരണവുമായി സോഷ്യൽ മീഡിയയിലടക്കം രംഗത്തെത്തിയത‌് നേതൃത്വത്തിനു തലവേദനയായി. ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിലൊഴികെ പണം വാങ്ങി യുഡിഎഫിനെ സഹായിക്കുന്നതിനുള്ള ബിജെപിയുടെ അണിയറ നീക്കങ്ങൾക്കിടെയാണ‌് ചിദാനന്ദപുരിയുടെ പരസ്യാഹ്വാനം വന്നത‌്. കണ്ണൂർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിൽ വോട്ട് കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്ന് പ്രചാരണത്തിന്റെ തുടക്കത്തിൽതന്നെ ആരോപണം ഉണ്ടായിരുന്നു. കണ്ണൂർ മണ്ഡലത്തിലെ ധാരണ  സ്വാമി ചിദാനന്ദപുരിതന്നെ കഴിഞ്ഞദിവസം ചാനൽ ചർച്ചയിലും വ്യക്തമാക്കി.

കണ്ണൂരിൽ കെ സുധാകരന് വോട്ട് നൽകണമെന്നാണ് ചിദാനന്ദപുരി ചാനൽ ചർച്ചയ‌്ക്കിടെ പറഞ്ഞത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ‌് സി കെ പത്മനാഭൻ കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയായിട്ടും യുഡിഎഫ‌് സ്ഥാനാർഥിക്ക‌് വോട്ട‌് ചെയ്യാനുള്ള നിർദേശമാണ‌് സ്വാമിയുടെ വാക്കുകളിലൂടെ പുറത്തുവന്നത‌്. കണ്ണൂരിൽ പ്രചാരണരംഗത്തുള്ള പിന്നോട്ടടിയും ബിജെപിയുടെ വോട്ട‌് മറിക്കലിനെ സാധൂകരിക്കുന്നതാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top