18 July Thursday

ഡിവൈഎഫ‌്ഐ പ്രവർത്തകനുനേരെ വധശ്രമം; കല്യാണത്തിന‌് 4 ദിവസംമുമ്പ‌് നടന്ന സംഭവത്തിൽ നടുക്കമൊഴിയാതെ ഗ്രാമം

ആർ അജയ‌്ഘോഷ‌്Updated: Sunday Jun 16, 2019

ആലപ്പുഴ> ഞായറാഴ‌്ച പകൽ 12നായിരുന്നു സുനീറിന്റെ വിവാഹം നടക്കേണ്ടിയിരുന്നത‌്. എന്നാൽ, അതുണ്ടായില്ല. വിവാഹ ആഘോഷത്തിൽ മുങ്ങിയമരേണ്ടിയിരുന്ന വീട‌് മൂകതയിലാണ‌്. ആർഎസ‌്എസ‌ിന്റെ കൊലക്കത്തിയിൽനിന്ന‌് തലനാരിഴക്ക‌് രക്ഷപ്പെട്ട സുനീർ ആലപ്പുഴ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലും. വിവാഹത്തിന‌് നാല‌് ദിവസംമുമ്പ‌് പ്രതിശ്രുത വധു സിജിക്ക‌് വിവാഹവസ‌്ത്രം സമ്മാനിച്ച‌് നിറചിരിയോടെ മടങ്ങവേയാണ‌് ആർഎസ‌്എസുകാരുടെ വധശ്രമത്തിനിരയാകുന്നത‌്. വ്യാഴാഴ‌്ച ബോധം തെളിഞ്ഞപ്പോൾ സുനീർ ആദ്യം തിരഞ്ഞത‌് സിജിയെയാണ‌്. ഞെട്ടലൊഴിയാതെ, നിറകണ്ണുകളുമായി അവൾ അരികിലുണ്ടായിരുന്നു.

ചൊവ്വാഴ്‌ച രാത്രി പത്തോടെയാണ‌് സുനീർ അക്രമിക്കപ്പെട്ടത‌്. പള്ളാത്തുരുത്തിയിലെ ഡിവൈഎഫ‌്ഐ പ്രവർത്തകരായ പള്ളിവീട്ടിൽ സുനീറിനെയും കൂട്ടുകാരെയും ചുങ്കം പൊലീസ് ഔട്ട്പോസ‌്റ്റിന‌് സമീപത്തെ ഭഗവതിക്ഷേത്രത്തിനടുത്ത് ആർഎസ‌്എസ‌് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സുനീറിന്റെ വയർ വെട്ടിപ്പിളർന്നു. ആന്തരികാവയവങ്ങൾക്ക‌് മുറിവേറ്റു. പുറത്തും കാലിനും വെട്ടേറ്റു. ആലപ്പുഴ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ മൂന്ന‌്  തവണ ശസ‌്ത്രക്രിയക്ക‌് വിധേയനാക്കി. ആരോഗ്യനില പൂർണമായി വീണ്ടെടുക്കാൻ മാസങ്ങളെടുക്കും.

വിദേശത്ത‌് ജോലിയിലായിരുന്ന സുനീർ ലോ‌ക‌്സഭാ തെരഞ്ഞെടുപ്പ‌് കാലത്താണ‌് നാട്ടിലെത്തിയത‌്. തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. നാടിനും നാട്ടുകാർക്കും പ്രിയങ്കരൻ. ഒരു മാസം മുമ്പായിരുന്നു വിവാഹനിശ്ചയം. സംഘർഷാന്തരീക്ഷമൊന്നും നാട്ടിലുണ്ടായിരുന്നില്ലെന്ന‌് പ്രദേശവാസികൾ പറയുന്നു. കൊല്ലണമെന്ന‌ ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. സുനീറിനൊപ്പമുണ്ടായിരുന്ന കളത്തിൽപ്പറമ്പിൽ ഷബീർഖാൻ, കന്നിട്ടപ്പറമ്പിൽ  സെൽമാൻ എന്നിവർക്കും പരിക്കേറ്റു‌. കല്ല്യാണപ്പന്തലിലെ സന്തോഷം തച്ചുടച്ച ആർഎസ‌്എസ‌് ക്രൂരതയുടെ നടുക്കത്തിലാണ‌് നാട‌് ഇപ്പോഴും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top