23 May Thursday

അമ്മയെ ചവിട്ടിക്കൊന്ന ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ; പോസ്‌റ്റുമോർട്ടം ഒഴിവാക്കാൻ ബിജെപി സമ്മർദ്ദം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019

ചേർത്തല > അമ്മയെ ചവിട്ടിക്കൊന്ന കേസിൽ ആർഎസ്‌എസ്‌‐ബിഎംഎസ്‌ പ്രവർത്തകനെ അറസ്‌റ്റുചെയ്‌തു. കടക്കരപ്പള്ളി പഞ്ചായത്ത്‌ 10ാം വാർഡ്‌ തൈക്കൽ നിവർത്തിൽ കല്ല്യാണി (75) കൊല്ലപ്പെട്ട സംഭവത്തിലാണ്‌ മകൻ സന്തോഷിനെ പട്ടണക്കാട്‌ പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌

സംഭവം പൊലീസ്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെ: ഞായറാഴ്‌ച ഉച്ചയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ സന്തോഷ്‌ അമ്മയുമായി വഴക്കുണ്ടാക്കി. ചവിട്ടേറ്റ്‌ കല്ല്യാണി വീണതോടെ ഇയാൾ പുറത്തുപോയി. തിരിച്ചെത്തിയപ്പോൾ കല്ല്യാണി രക്തസ്രാവംമൂലം അവശനിലയിലായിരുന്നു. രക്തം കഴുകി വൃത്തിയാക്കിയശേഷം സന്തോഷ്‌ അമ്മയെ ചേർത്തല താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ആംബുലൻസിൽ ആലപ്പുഴയ്‌ക്ക്‌ കൊണ്ടുപോകുന്നതിനിടെ മരിച്ചു.

പോസ്‌റ്റുമോർട്ടം ഒഴിവാക്കാൻ സ്ഥലത്തെത്തിയ ആർഎസ്‌എസ്‌‐ബിജെപി നേതാക്കളും സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസ്‌ വഴിങ്ങിയില്ല. ബാഹ്യസമ്മർദ്ദമേറിയതോടെ പൊലീസിന്‌ സംശയം ബലപ്പെട്ടു. സന്തോഷിനെ കസ്‌റ്റഡിയിലെടുത്തു. ചവിട്ടേറ്റ്‌ ഇടുപ്പെല്ലും വാരിയെല്ലും തകർന്നതായും ഇടുപ്പെല്ല്‌ ആന്തരീകാവയവത്തിൽ തുളച്ചുകയറിയതാണ്‌ രക്തസ്രാവത്തിന്‌ കാരണമെന്നുമാണ്‌ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌. സന്തോഷിനെ ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു.

മരംവെട്ട്‌ തൊഴിലാളിയും ആർഎസ്‌എസുകാരനുമായ സന്തോഷ്‌ ബിഎംഎസ്‌ തൈക്കൽ യൂണിറ്റ്‌ കൺവീനറായിരുന്നു.


പ്രധാന വാർത്തകൾ
 Top