08 December Sunday

തലസ്ഥാനത്ത്‌ വീണ്ടും ആർഎസ്‌എസ്‌ ഭീകരത; ഡിവൈഎഫ്‌ഐ നേതാക്കൾക്ക്‌ ക്രൂരമർദനം

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019



പേരൂർക്കട
സ്ഥാപകദിനത്തിൽ ഡിവൈഎഫ്‌ഐ ഉയർത്തിയ പതാകയും കൊടിമരവും പിഴുതെറിഞ്ഞശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആർഎസ്‌എസ്‌–- ബിജെപി സംഘം ഡിവൈഎഫ്‌ഐ, സിപിഐ എം നേതാക്കളെ നിഷ്ഠുരമായി ആക്രമിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻസാജ് കൃഷ്ണയടക്കം 10 പേരെയാണ്‌ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചത്‌. ഗുരുതര പരിക്കേറ്റ അഞ്ചുപേരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മറ്റുള്ളവരെ പേരൂർക്കട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ നാല്‌ പൊലീസുകാരെയും ആക്രമിച്ചു.

നെട്ടയം മണികണ്ഠേശ്വരത്ത് ഞായറാഴ്‌ച പകൽ ഒന്നോടെ അറുപതോളം പേരടങ്ങുന്ന ആർഎസ്‌എസ്‌ സംഘമാണ്‌ ആക്രമിച്ചത്‌. മണികണ്‌ഠേശ്വരം ജങ്‌ഷനിൽ യുവാക്കൾ ഡിവൈഎഫ്‌ഐയുടെ പുതിയ യൂണിറ്റ്‌ രൂപീകരിച്ചതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിലും ഈ പ്രദേശം ഉൾപ്പെടുന്ന വാർഡിൽ വോട്ടുകൂടുതൽ എൽഡിഎഫിനായിരുന്നു. യുവാക്കൾ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ രൂപീകരിക്കുകയും സ്ഥാപക ദിനത്തിൽ പതാക ഉയർത്തുകയും ചെയ്‌തതോടെ ആർഎസ്‌എസുകാർ കൊടിമരം പിഴുതെടുത്ത്‌ സിപിഐ എം പ്രവർത്തകൻ ആർ രതീഷിന്റെ വീട്ടുമുറ്റത്തേക്കെറിഞ്ഞു. വീട്ടിൽ കയറി സ്‌ത്രീകളെ ഭീഷണിപ്പെടുത്ത. വിവരമറിഞ്ഞ്‌ ഉച്ചയോടെ പ്രതിൻസാജ്‌ കൃഷ്‌ണയും പ്രവർത്തകരും എത്തിയപ്പോഴായിരുന്നു ആദ്യആക്രമണം. ഡിവൈഎഫ്‌ഐയുടെ പ്രാദേശിക ഭാരവാഹികളായ ആർ രാഹുൽ (29), എസ്‌ എസ്‌ നിധിൻ (27), അഭിലാഷ്‌ (27), അമൽ (20) എന്നിവരെയും  വളഞ്ഞിട്ടാക്രമിച്ചു. ഇരുമ്പ്‌ ദണ്ഡുകൾകൊണ്ട്‌ തലങ്ങും വിലങ്ങും മർദിച്ചു. കൂടുതൽ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരും പരിസരവാസികളും സ്ഥലത്തെത്തിയശേഷമാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റാനായത്‌. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം മലമുകൾ രാജേഷ്‌ ഭവനിൽ കെ രാജേഷിന്റെ (38) തല അടിച്ചു പൊട്ടിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരായ വിമൽ, സുരേഷ്, നിബിൻ, അൽതാഫ് തുടങ്ങിയവരെയും ആക്രമിച്ചു. ഇൗ സമയമെത്തിയ പൊലീസുകാരെയും ആക്രമിച്ചു.

വട്ടിയൂർക്കാവ് സ്റ്റേഷനിലെ എസ്‌ഐ സനോജ്, എഎസ്ഐ ഹർഷകുമാർ, സിപിഒമാരായ സജികുമാർ, ശ്രീജിത്ത് എസ് നായർ എന്നിവരെയാണ്‌ ആക്രമിച്ചത്‌.
ഇവരെയും ആശുപത്രിയിലേക്ക്‌ മാറ്റി. സ്ഥലത്തെത്തിയ സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനീത് എന്നിവരെയും കൈയേറ്റം ചെയ്‌തു. ആർഎസ്എസുകാരനും നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയുമായ ആസാം അനി,  മൊട്ട ഷാജി, നന്ദ ഭാർഗവ്, സുനിൽ, സന്ദീപ്, അഭിലാഷ്, മനു, മധു, നിഖിൽ, ആകാശ്, ശ്രീജിത്ത്, സുധി എന്നിവരുടെ നേതൃത്വത്തിൽ അറുപതിലേറെ ആർഎസ്‌എസ്‌–- ബിജെപി സംഘമാണ്‌ മൃഗീയമർദനവും കലാപശ്രമവും നടത്തിയത്‌. സ്ഥലത്ത്‌ വൻ പൊലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top