കുളത്തൂപ്പുഴ> എംപിമാരായ കുഞ്ഞാലിക്കുട്ടി, എൻ കെ പ്രേമചന്ദ്രൻ എന്നിവർക്ക് പങ്കാളിത്തമുള്ള വിദേശ കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ കവർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആർ ഷറഫുദീന്റെ മകൻ കുളത്തൂപ്പുഴ ടിംബർ ഡിപ്പോ മൂലയിൽ വീട്ടിൽ സജിൻ ഷറഫുദീനെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്.
എംപിമാർക്ക് പങ്കാളിത്തമുള്ള ഒമാനിലെ പെട്രോളിയം കമ്പനികളിൽ വിവിധ തസ്തികയിൽ ഒഴിവുണ്ടെന്നും വിസ തരപ്പെടുത്താമെന്നും പറഞ്ഞ് തിരുവനന്തപുരം സ്വദേശികളായ നിരവധി പേരിൽനിന്ന് സജിൻ പണം കൈപ്പറ്റി. വ്യാജ വിസ നൽകി നിരവധി പേരെ വിദേശത്തേക്ക് അയച്ചു. വിസിറ്റിങ് വിസയിൽ വിദേശത്ത് എത്തിയവർ മലയാളികളുടെ സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു. ഇയാൾ പലരിൽനിന്നായി 60 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് പ്രാഥമിക നിഗമനം. സജിൻ പിടിയിലായത് അറിഞ്ഞ് ഒട്ടേറെപ്പേർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തി.
തിരുവനന്തപുരം മ്യൂസിയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്രീൻടിപ്സ് എയർ ട്രാവത്സ് വഴി സജിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഓരോരുത്തരിൽനിന്നും നാലുലക്ഷം രൂപ വീതമാണ് വാങ്ങിയത്. പണം നൽകിയവർ പലതവണ സജിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് തട്ടിപ്പിനിരയായ പതിനഞ്ചോളം പേർ ഞായറാഴ്ച പുലർച്ചെ പൊലീസിന്റെ സഹായത്തോടെ സജിന്റെ വീട്ടിലെത്തി. മതിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച സജിനെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ സജിനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. വിദേശത്ത് നേഴ്സിങ് വിസയ്ക്കായി പണംനൽകിയ തിരുവല്ല, കോട്ടയം സ്വദേശികളായ നിരവധി യുവതികൾ ആറുമാസംമുമ്പ് സജിനെതിരെ കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..