07 April Tuesday

എച്ച്‌ഐവി മരുന്നു നൽകിയ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


കൊച്ചി
കോവിഡ്–-19 പൊസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍  ചികിത്സയിലായിരുന്ന ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്. എച്ച്‌ഐവി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന റിറ്റോനാവിര്‍ , ലോപിനാവിര്‍  എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നല്‍കിയത്. മരുന്നുനല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ത്തന്നെ ഫലം നെഗറ്റീവായെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.  23ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ്  വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. മൂന്നാറില്‍ നിരീക്ഷണത്തിലായിരിക്കേ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇദ്ദേഹത്തിന്‌ ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ എസ് സുഹാസ് മുന്‍കൈയെടുത്ത് മരുന്ന് ലഭ്യമാക്കി. ഈ ചികിത്സയ്ക്ക് രോഗിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചികിത്സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ. ഗീത നായര്‍ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്. ബ്രട്ടീഷ്‌ സംഘത്തിലെ മറ്റ് ആറുപേര്‍ക്കുകൂടി കഴിഞ്ഞദിവസം കോവിഡ്–-19 സ്ഥിരീകരിച്ചിരുന്നു. ഇവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ത്യയില്‍ ജയ്‌‌പുരിലെ എസ്എംഎസ് ആശുപത്രി കഴിഞ്ഞാല്‍ ഇവിടെ മാത്രമാണ് റിറ്റോനാവിര്‍ , ലോപിനാവിര്‍  എന്നീ മരുന്നുകള്‍ കോവിഡ്–-19 ചികിത്സയില്‍ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.


പ്രധാന വാർത്തകൾ
 Top