30 September Saturday

സംസ്ഥാന സർവീസിൽനിന്ന്‌ 10,801 പേർ ഇന്ന്‌ വിരമിക്കും ; റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


തിരുവനന്തപുരം
സംസ്ഥാന സർവീസിൽനിന്ന്‌ 10,801 പേർ ബുധനാഴ്‌ച വിരമിക്കും. സ്‌പെഷ്യൽ സെക്രട്ടറിമുതൽ കണ്ടിൻജന്റ്‌ ജീവനക്കാർവരെ ഉൾപ്പെടുന്നു. ഒരുമാസം വിരമിക്കുന്നവരുടെ എണ്ണത്തിൽ ഇത്‌ റെക്കോഡാണ്‌. ഒരുമാസം 9270 പേർ വിരമിച്ചതാണ്‌ മുമ്പുള്ള വലിയ കണക്ക്‌. സ്‌കൂൾ പ്രവേശനത്തിന്‌ ജനനതീയതി ക്രമപ്പെടുത്തിയിരുന്ന പഴയ രീതിയാണ്‌ വർഷാദ്യമാസങ്ങളിൽ വിരമിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ്‌ വിലയിരുത്തൽ. 1970കൾക്കുശേഷം ഈ പ്രവണത മാറി, യഥാർഥ ജനന തീയതിതന്നെ രേഖപ്പെടുത്താൻ തുടങ്ങിയതിനാൽ മുന്നോട്ടുള്ള വർഷങ്ങളിൽ ഇത്തരത്തിൽ ഒരേമാസത്തിലെ കൂട്ടവിരമിക്കൽ പ്രവണതയ്‌ക്കുള്ള സാധ്യത കുറവാണ്‌.

അധ്യാപകരുടെ വിരമിക്കൽമൂലം സ്‌കൂളുകളിൽ പ്രതിസന്ധിക്കുള്ള സാധ്യതയില്ല. സർക്കാർ സ്‌കൂളുകളിൽ ആവശ്യമായിടത്തെല്ലാം താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ പ്രധാന അധ്യാപകർക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌. വിരമിക്കൽ ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്ന പതിവ്‌ ഇത്തവണയും തുടരും. അക്കൗണ്ടന്റ്‌ ജനറലിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്കുതന്നെ തുക കൈമാറുന്നതാണ്‌ രീതി. ഒരു സാമ്പത്തിക ഞെരുക്കവും ഇതിന്‌ തടസ്സമാകാറില്ല. ഈ പതിവിൽ മാറ്റമുണ്ടാകുന്ന സാഹചര്യമില്ലെന്ന്‌ ധനവകുപ്പ്‌ വൃത്തങ്ങൾ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top